- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന മന്ത്രിസഭയിലെ രണ്ട് സിപിഎം മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ 200 ഏക്കർ ഭൂമി! ബിനാമി പേരിൽ ഭൂമി സ്വന്തമാക്കാൻ ഇടനില നിന്ന ഐഎഎസ് ഉദ്യോഗസ്ഥനും കിട്ടി 50 ഏക്കർ; എൻഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങിയെന്ന വാർത്ത പുറത്തുവിട്ടത് കേരളാ കൗമുദി
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ പരസ്പ്പരം രാഷ്ട്രീയ വൈരം തീർക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറുന്നതിനിടെ വിവാദ കോളിളക്കം സൃഷ്ടിക്കുന്ന വാർത്തയുമായി കേരളാ കൗമുദി രംഗത്ത്. സംസ്ഥാന സർക്കാറിലെ രണ്ട് സിപിഎം മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ 200 ഏക്കറോളം ഭൂമി ബിനാമി പേരിൽ ഉണ്ടെന്ന വെളിപ്പെടുത്തലുമായാണ് കേരളാ കൗമുദി രംഗത്തെത്തിയത്. മലബാറിലെ രണ്ട് പ്രമുഖ സിപിഎം മന്ത്രിമാരെ ലക്ഷ്യം വെച്ചുകൊണ്ടാണ് ആരോപണം.
അടുത്തിടെ വിരമിച്ച ഐ.എ.എസ് ഉന്നതന്റെ ഒത്താശയിൽ, രണ്ട് മന്ത്രിമാർ മഹാരാഷ്ട്രയിൽ 200 ഏക്കറോളം ഭൂമി ബിനാമി പേരിൽ സ്വന്തമാക്കിയെന്ന പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്നാണ് വാർത്ത. സുപ്രധാന വകുപ്പുകൾ കൈയാളുന്ന മന്ത്രിമാർക്കെതിരയാണ് അന്വേഷണമെന്നും പത്രം റിപ്പോർട്ടു ചെയ്യുന്നു.
സ്വർണക്കടത്തിനും ലൈഫ് കോഴയ്ക്കും പുറമെ വൻകിട പദ്ധതികളിലെ അഴിമതിയും അന്വേഷിക്കുന്ന ഇ.ഡിക്കെതിരെ വികസനം തടയാൻ കേന്ദ്രത്തിന്റെ കരുതിക്കൂട്ടിയുള്ള ശ്രമമെന്നാരോപിച്ച് സർക്കാരും പാർട്ടിയും കടുത്ത പ്രതിരോധം തീർക്കുന്നതിനിടെയാണ് മന്ത്രിമാരുടെ ബിനാമി ഇടപാടിലേക്കും അന്വേഷണം നീണ്ടതെന്നാണ് കൗമുദി വാർത്തയിൽ പറയുന്നത്. ഇത് ബിജെപിയും പ്രതിപക്ഷവും ഏറ്റെടുക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ മറ്റൊരു കോളിളക്കത്തിന് വഴി തുറക്കുമെന്നും പത്രം റിപ്പോർട്ടു ചെയ്യുന്നു.
ഒരു മന്ത്രി, ഭൂമിയുടെ രജിസ്ട്രേഷൻ രേഖകൾ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചതായി അറിയുന്നു. കണ്ണൂർ സ്വദേശിയായ ബിനാമിയെ ഇ.ഡി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടൻ ചോദ്യം ചെയ്തേക്കും. സിന്ധുദുർഗ്ഗ് ജില്ലയിലെ ദോഡാമാർഗ് താലൂക്കിലാണ് ഭൂമിയെന്നാണ് സൂചന. ഇവിടത്തെ ഭൂമി രജിസ്ട്രേഷൻ വിവരങ്ങൾ ഇ.ഡി ശേഖരിക്കുകയാണ്. ബിനാമി ഭൂമി ഇടപാടുകളുടെ വ്യക്തമായ വിവരങ്ങൾ സഹിതമാണ് ഇ.ഡിക്ക് പരാതി ലഭിച്ചത്.
കൃഷിയോഗ്യമായ ഭൂമി, ഏറ്റവും ഉയർന്ന പദവിയിൽ വിരമിച്ച ഈ ഐ.എ.എസുകാരന്റെ ഇടപെടലിലൂടെ മന്ത്രിമാർക്ക് കിട്ടിയെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ഈ മുൻ ഉദ്യോഗസ്ഥന് അവിടെ സ്വന്തം പേരിൽ അൻപത് ഏക്കറോളം ഭൂമിയുണ്ട്. ചില നിർണായക ഇടപാടുകൾക്കുള്ള പ്രതിഫലമാണ് ഭൂമിയെന്നും സംശയിക്കുന്നു. മഹാരാഷ്ട്രയിൽ ഭൂമി വാഗ്ദാനം നിരസിച്ച മറ്റൊരു മന്ത്രിവഴിയാണ് ഐ.എ.എസ് ഉന്നതന്റെ ഇടപാടുകൾ പുറത്തുവന്നതെന്നും സൂചനയുള്ളതായും കേരളാ കൗമുദി റിപ്പോർട്ടു ചെയ്യുന്നു.
അതേസമയം വിവാദ വാർത്ത പുറത്തുവന്നതിന് പിന്നിൽ സിപിഎമ്മിനുള്ളിലെ ഇപ്പോഴത്തെ അധികാര സമവാക്യങ്ങളിൽ വന്ന മാറ്റമാണെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതും എ വിജയരാഘവൻ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തിട്ടും ദിവസങ്ങളേ ആയിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് സിപിഎം മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ ഭൂമിയുണ്ടെന്ന വാർത്ത പുറത്തുവരുന്നതും. ബാർകോഴ കേസിൽ അടക്കം പ്രതിപക്ഷ നേതാവിനെതിരെ കേസുമായി മുന്നോട്ടു പോകാനാണ് സർക്കാർ നീക്കം. ഈ സാഹചര്യത്തിൽ ഇപ്പോഴത്തെ ആരോപണം സർക്കാറിനെതിരായി ആരോപമാക്കി ഉപയോഗിക്കാൻ പ്രതിപക്ഷവും തയ്യാറാകുകയാണ്.
മറുനാടന് മലയാളി ബ്യൂറോ