- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിവൈഎഫ്ഐ നേതാവായിരുന്ന ജോയലിന്റെ ദുരൂഹ മരണം; കിൻഫ്ര പാർക്കിലെ ടാർ മിക്സിങ് പ്ലാന്റ്; ദത്തുപുത്രന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകിയതിനെതിരേ സേവ് സിപിഎം ഫോറത്തിന്റെ ലഘുലേഖയും; പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ നാട്ടിൽ വിവാദമൊഴിയാതെ സിപിഎം
അടൂർ: സിപിഎം ജില്ലാ ആസ്ഥാനം എന്ന് അറിയപ്പെടുന്നത് അടൂരാണ്. ജില്ലാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ, സംസ്ഥാന സമിതി അംഗം എന്ന് വേണ്ട പാർട്ടിയുടെ പ്രധാന പദവി കൈയാളുന്നവരെല്ലാം അടൂരിൽ നിന്നുള്ളവരാണ്. അതു കൊണ്ട് തന്നെ അടൂരും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് സിപിഎമ്മിന് വിവാദങ്ങൾ ഒഴിയുന്നില്ല. ഡിഎൈഫ്ഐ നേതാവായിരുന്ന ജോയലിന്റെ ദുരൂഹ മരണത്തിൽ ഈ പറഞ്ഞ നേതാക്കളും തട്ടിപ്പുകാരി ജയസൂര്യ എന്ന യുവതിയും പ്രതിക്കൂട്ടിലാണ്. തൊട്ടുപിന്നാലെ ഏനാദലമംഗലം പഞ്ചായത്തിലെ കിൻഫ്ര പാർക്കിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സഹോദരനും കരാറുകാരനുമായ കലഞ്ഞൂർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ടാർ മിക്സിങ് പ്ലാന്റ് സംബന്ധിച്ച വിവാദങ്ങൾ എത്തി. ഏനാദിമംഗലം പഞ്ചായത്തിൽപ്പെട്ടയാളാണ് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ഇദ്ദേഹമടക്കം സിപിഎമ്മിന്റെ ജില്ലാ-ഏരിയാ കമ്മറ്റി നേതാക്കൾ പ്ലാന്റിനെ പിന്തുണയ്ക്കുമ്പോൾ പഞ്ചായത്തിലെ സിപിഎമ്മുകാർ ശക്തമായി എതിർക്കുന്നു.
ഇതേ പഞ്ചായത്തിൽ സേവ് സിപിഎം ഫോറത്തിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിക്കും അദ്ദേഹത്തിന്റെ ദത്തുപുത്രൻ എന്ന് അറിയപ്പെടുന്ന പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം ആർബി രാജീവ് കുമാറിനുമെതിരേ നോട്ടീസും പുറത്തു വന്നു. ഈ മൂന്നു സംഭവങ്ങളിലും ജില്ലാ സെക്രട്ടറിയാണ് പ്രതിക്കൂട്ടിലുള്ളത്.
ജോയലിനെ കൊന്നത് സിപിഎം നേതാക്കളും പൊലീസും ചേർന്ന്
ഡിവൈഎഫ്ഐ മേഖലാ ആക്ടിങ് സെക്രട്ടറിയായിരുന്ന ജോയലിനെ സിപിഎം ജില്ലാ നേതാക്കളുടെ നിർദ്ദേശ പ്രകാരം പൊലീസ് മർദിക്കുകയും അതിന്റെ അസ്വസ്ഥതകളാൽ പിന്നീട് മരിക്കുകയുമായിരുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ ജയസൂര്യ പ്രകാശ് എന്ന ഡിവൈഎഫ്ഐ നേതാവിന്റെ ഡ്രൈവർ ആയിരുന്നു ജോയൽ. ജയസൂര്യയും അടൂരിലെ പ്രമുഖ നേതാക്കളുമായുള്ള അടുത്ത ബന്ധവും കൊടുക്കൽ വാങ്ങലുകളും ഏറ്റവും നന്നായി അറിയാവുന്ന വ്യക്തിയായിരുന്നു ജോയൽ. ജയസൂര്യയുടെ തട്ടിപ്പ് പണത്തിൽ പങ്കു കൊണ്ട് ഒരു നേതാവ് കോടികളുടെ രമ്യഹർമ്യം നിർമ്മിച്ചു വരികയുമാണ്. ഇവരെയെല്ലാം പ്രതിക്കൂട്ടിൽ നിർത്തിയാണ് ജോയലിന്റെ പിതാവ് ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്. കോടികൾ തട്ടിച്ച ജയസൂര്യയാകട്ടെ തട്ടിപ്പ് പണം വീതം വച്ചു നൽകുകയും ആഡംബര ഭവനങ്ങൾ പണി കഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഏനാദിമംഗലത്തെ ടാർ മിക്സിങ് പ്ലാന്റ്
ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ ധനമന്ത്രി ബാലഗോപാലിന്റെ സഹോദരൻ കലഞ്ഞൂർ മധു കൊണ്ടു വരുന്ന ടാർ മിക്സിങ് പ്ലാന്റിനെതിരേ പ്രദേശത്തെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളാണ് സമരം തുടങ്ങിയത്. എന്നാൽ, ജില്ലാ നേതൃത്വം കലഞ്ഞൂർ മധുവിനൊപ്പം നില കൊണ്ടു. ജില്ലാ സെക്രട്ടറി ഇന്നാട്ടുകാരനായിട്ടു കൂടി പ്ലാന്റിനെ ആദ്യം അനുകൂലിച്ചു. കൊടുമൺ ഏരിയാ കമ്മറ്റിയാകട്ടെ ഒരു പടി കൂടി കടന്ന സമരത്തിൽ നിന്ന് സിപിഎം-ഡിവൈഎഫ് സാന്നിധ്യം ഒഴിവാക്കാൻ ശ്രമിച്ചു. എന്നാൽ, സമരം നാട്ടുകാർ ഒന്നടങ്കം ഏറ്റെടുത്തതോടെ ജില്ലാ സെക്രട്ടറിക്ക് അടക്കം അവർക്കൊപ്പം നിൽക്കേണ്ടി വന്നു. പുറമേ സമരക്കാർക്കൊപ്പമാണെങ്കിലും പ്ലാന്റ് സുരക്ഷിതമാക്കാൻ സിപിഎം രഹസ്യമായി ശ്രമിക്കുന്നു.
ജില്ലാ സെക്രട്ടറിയും ദത്തു പുത്രനും
ഇതിനിടെ ഏനാദിമംഗലം പഞ്ചായത്തിലെ സിപിഎമ്മിൽ പ്രശ്‌നങ്ങൾ രൂക്ഷമാണ്. സേവ് ഏനാദിമംഗലം എന്നതിന് പുറമേ സേവ് സിപിഎം ഫോറം എന്നൊരു കൂട്ടായ്മയും രംഗത്തു വന്നിരിക്കുന്നു. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, ബ്ലോക്ക് പഞ്ചായത്തംഗം ആർബി രാജീവ്കുമാർ എന്നിവർക്കെതിരേ സേവ് സിപിഎം ഫോറത്തിന്റെ നേതൃത്വത്തിൽ ഒരു നോട്ടീസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കല്യാണം കഴിക്കാത്ത ജില്ലാ സെക്രട്ടറിയുടെ ദത്തുപുത്രനാണ് രാജീവ് കുമാർ എന്നാണ് നോട്ടീസിലെ പ്രധാന ആക്ഷേപം. കോടികളുടെ ആസ്ഥിയുള്ള രാജീവിന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകിയതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
ഏനാദിമംഗലത്തെ എന്റെ പാർട്ടിയെ ആരു സംരക്ഷിക്കും എന്നു തുടങ്ങുന്ന നോട്ടീസിൽ രൂക്ഷമായി ആക്രമിച്ചിരിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിനെയും പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗവുമായ ആർബി രാജീവ് കുമാറിനെയുമാണ്. എന്റെ പാർട്ടി നേതൃത്വം പഞ്ചായത്തിൽ ഈ പാർട്ടിയുടെ ശവക്കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണെന്ന് നോട്ടീസിൽ പറയുന്നു.
സിപിഎമ്മിന്റെ ജില്ലയിലെ അമരക്കാരന്റെ നാട്ടിൽ സ്വന്തം വാർഡ് കിട്ടിയില്ലെങ്കിലും ബാക്കിയെല്ലാം ഉണ്ടല്ലോ? അഹങ്കരിക്കരുതോ? അല്ലയോ നേതാവേ താങ്കൾ ഒരു വിവാഹമൊക്കെ ചെയ്ത് രണ്ടു കുട്ടികൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിൽ ഈ പാർട്ടി ഇത്രയും നശിക്കില്ലായിരുന്നു. താങ്കളുടെ ദത്തുപുത്രന്മാരോടുള്ള അമിത സ്നേഹം പാർട്ടിയുടെ ശവക്കുഴി തോണ്ടുന്നു. കോൺഗ്രസ് പോലെ അഴിമതി വിശേഷം നടത്താവുന്ന ഒരു പാർട്ടിയിൽ നിന്നും കാൽക്കാശിന് വകയില്ലാതെ 15 വർഷം മുൻപ് ഈ പാർട്ടിയിലേക്ക് വന്ന ഒരാളെ ഇന്ന് ഈ നിലയിൽ എത്തിക്കുന്നതിന് താങ്കൾ കാണിച്ച ആത്മാർഥത സമ്മതിക്കണം. അയാൾക്ക് വാരിക്കോരി കൊടുത്തു. കോടികളുടെ ആസ്തി അയാൾ ഉണ്ടാക്കി. ഈ പാർട്ടിയിൽ വേറെ ആരും ഇല്ലേ? അതെല്ലാം സഹിക്കാം ഇതിനെല്ലാം പുറമേ ഏനാദിമംഗലം സർവീസ് സഹകരണ ബാങ്കിൽ ഭാര്യയ്ക്ക് നിയമനം നൽകിയത് കഞ്ഞിക്ക് വകയില്ലാതെയായിട്ടല്ല.
പാർട്ടിക്ക് വേണ്ടി ത്യാഗം സഹിച്ച് മരിച്ച പ്രവർത്തകരുടെ മക്കൾക്കോ ചെറുമക്കൾക്കോ അവരുടെ ഭാര്യമാർക്കോ ആ ജോലി നൽകാമായിരുന്നു. ഇപ്പോഴും പാർട്ടിക്ക് വേണ്ടി ജീവിതം ഹോമിക്കുന്ന യുവാക്കൾക്ക് കൊടുക്കരുതായിരുന്നോ? എത്രയോ പേർ ഇവിടെ തൊഴിലില്ലാതെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ദത്തുപുത്രന്റെ ഭാര്യയ്ക്ക് ജോലി കൊടുക്കുമ്പോൾ അവർ ആഗ്രഹിക്കുന്ന പോസ്റ്റിലേക്ക് എത്താൻ നിങ്ങൾ എന്തൊക്കെ നാണം കെട്ട കളികൾ കളിക്കും? പ്രതികരിക്കണം സഖാക്കളേ എന്നിങ്ങനെ രൂക്ഷമായ ഭാഷയിലാണ് സേവ് സിപിഎം ഫോറത്തിന്റെ നോട്ടീസ് തുടരുന്നത്.
മറുനാടന് മലയാളി ബ്യൂറോ