- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്തനംതിട്ടയിലും പ്രവർത്തകർക്ക് മടുത്തു തുടങ്ങി; കൊടുമണിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി ഒന്നടങ്കം സിപിഐയിൽ ചേർന്നു; നടപടി പ്രാദേശിക നേതൃത്വത്തിന്റെ വർഗീയതയിൽ പ്രതിഷേധിച്ചെന്ന് വിശദീകരണം; സിപിഎം പ്രതികാരം ചെയ്യുമെന്ന് പാർട്ടി വിട്ടവർക്ക് ഭയം
അടൂർ: സംസ്ഥാനമൊട്ടാകെ ഇപ്പോൾ സിപിഎം വിട്ട് സിപിഐയിലേക്ക് ചേരുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ നാട്ടിലാണ് ഇത്തരത്തിലുള്ള കൊഴിഞ്ഞു പോക്ക് ഏറെയുമുള്ളത്. നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് സിപിഎമ്മിന്റെ ഒരു ബ്രാഞ്ച് കമ്മറ്റി ഒന്നടങ്കം സിപിഐയിൽ ചേരുകയാണ്. കൊടുമൺ ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള അങ്ങാടിക്കൽ ലോക്കൽ കമ്മറ്റിയുടെ പരിധിയിൽ വരുന്ന സിയോൺ കുന്ന് ബ്രാഞ്ചാണ് നാളെ സിപിഐ ജില്ലാ സെക്രട്ടറി എപി ജയനിൽ നിന്ന് അംഗത്വം സ്വീകരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറി അഡ്വ. മറിയാമ്മ തോമസിന്റെ നേതൃത്വത്തിലാണ് കമ്മറ്റി അംഗങ്ങളും പ്രവർത്തകരും സിപിഐയിലേക്ക് പോകുന്നത്.
സിപിഎം സംസ്ഥാന കമ്മറ്റിയോടോ നേതൃത്വത്തോടോ പ്രത്യയശാസ്ത്രത്തോടോ ഒരു വിയോജിപ്പുമില്ലെന്നാണ് പാർട്ടി വിട്ടവർ പറയുന്നത്. എതിർപ്പ് പ്രാദേശിക നേതൃത്വത്തോടാണ്. മതന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ ബ്രാഞ്ചാണിത്. പരിവർത്തിത ക്രിസ്ത്യാനികളുമുണ്ട്. കൊടുമൺ ഏരിയാ കമ്മറ്റിയിലെയും അങ്ങാടിക്കൽ ലോക്കൽ കമ്മറ്റിയിലെയും നേതാക്കളുടെ ജാതീയതയും വർഗീയതയും വർഗീയ രാഷ്ട്രീയവും അടിച്ചമർത്തലും കാരണം മനംനൊന്താണ് മറ്റൊരു കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചത്. ബ്രാഞ്ചിലുള്ളവർ മാറാൻ തീരുമാനിച്ചപ്പോഴാണ് സെക്രട്ടറി അടക്കം ഒപ്പം പോകുന്നത്.
േബ്രാഞ്ചിലെ ഭൂരിപക്ഷം പേരും പാർട്ടി വിടുന്നുണ്ട്. കഴിഞ്ഞ ബ്രാഞ്ച് സമ്മേളനത്തിൽ ഇവിടെ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നു. മറിയാമ്മ തോമസിനൊപ്പം ഡിവൈഎഫ്ഐ നേതാവും ലോക്കൽ കമ്മറ്റി അംഗവുമായ എസ്. സുരേഷ്കുമാറിന്റെ പേരും സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നു. മത്സരം നടക്കുമെന്ന ഘട്ടം വന്നപ്പോൾ സുരേഷ് പിന്മാറുകയായിരുന്നു. ഒരു ക്രൈസ്തവ വനിത ബ്രാഞ്ച് സെക്രട്ടറിയായത് ഉൾക്കൊള്ളാൻ പലരും തയാറായില്ലെന്ന് അഡ്വ. മറിയാമ്മ പറയുന്നു. ജില്ലാ നേതാക്കളുടെ ധാർഷ്ട്യവും മാറ്റത്തിന് പിന്നിലുണ്ട്.
അടൂരിൽ പല കാരണങ്ങളാൽ സിപിഐ-സിപിഎം തർക്കം നിലനിൽക്കുകയാണ്. സമീപകാലത്ത് നിരവധി പേർ സിപിഎം വിട്ട് സിപിഐയിൽ അംഗത്വമെടുത്തിരുന്നു. പറക്കോട് ബാങ്കിൽ സിപിഎം നേതൃത്വത്തിലുള്ള അഴിമതിക്കെതിരേ വിജിലൻസിനെ സമീപിക്കാൻ സിപിഐ ഒരുങ്ങുകയാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്