ന്യൂഡൽഹി: ശബരിമലയും തില്ലങ്കേരി മോഡലും ചർച്ചയായതോടെ തന്ത്രം മാറ്റി പിടിക്കാൻ സിപിഎം. മോദി സർക്കാരിനെ കടന്നാക്രമിച്ച് വീണ്ടും സജീവമാകാനാണ് സിപിഎം തീരുമാനം. ഇല്ലെങ്കിൽ ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാകുമെന്ന് സിപിഎം തിരിച്ചറിയുന്നു. പാണക്കാട് കുടുംബത്തെ അതിരുവിട്ട് കടന്നാക്രമിക്കുന്നത് മുസ്ലിം വോട്ടുകളെ യുഡിഎഫിന് ഉറപ്പിക്കും. ക്രൈസ്തവ വോട്ടുകൾ നേടാനാണ് ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് മുന്നിൽ നിർത്തുന്നത്. ഈ സാഹചര്യത്തിൽ ന്യൂനപക്ഷ വർഗ്ഗീയത മാത്രം ചർച്ചയാക്കുന്നത് തിരിച്ചടിയാകുമെന്നാണ് സിപിഎം വിലയിരുത്തുന്നത്.

മുസ്ലിം ലീഗിനെ കടന്നാക്രമിക്കുന്നതിനൊപ്പം മോദിയേയും വിമർശിക്കും. ഇതിന്റെ സൂചനകളാണ് ദേശാഭിമാനിയിലെ ലേഖനത്തിൽ സിപിഎം സെക്രട്ടറി വിജയരാഘവൻ നൽകുന്നത്. ആർഎസ്എസ് പിന്നിൽനിന്നു നിയന്ത്രിക്കുന്ന മോദി ഭരണത്തിന്റെ തീവ്രഹിന്ദുത്വ നിലപാടിനെ സിപിഐ എം ചാഞ്ചാട്ടമില്ലാതെ എതിർക്കുകയാണ് . പൗരത്വ ഭേദഗതി നിയമത്തിലെ മുസ്ലിം വിരുദ്ധതയ്ക്കെതിരെ മുഴുവൻ മതനിരപേക്ഷവാദികളെയും ഒന്നിപ്പിച്ച് എതിർക്കാനും നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പരസ്യമായി പറയാനും മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായി. എൽഡിഎഫ് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. അയോധ്യാക്ഷേത്ര നിർമ്മാണത്തിൽ കേന്ദ്ര സർക്കാർ സംവിധാനങ്ങളെ ദുർവിനിയോഗം ചെയ്യുന്നതിനെയും യുപി സർക്കാരിന്റെ നിർബന്ധിത പിരിവിനെയും ആദ്യം എതിർത്തത് സിപിഐ എം ആയിരുന്നുവെന്ന് വിജയരാഘവൻ ദേശാഭിമാനി ലേഖനത്തിൽ പറയുന്നു.

അയോധ്യയിലേക്ക് വെള്ളി ഇഷ്ടിക കൊടുത്തയക്കുകയാണ് മധ്യപ്രദേശ് കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന കമൽനാഥ് ചെയ്തത്. ശിലാസ്ഥാപനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തതിനെ എതിർക്കാതെ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന പരാതിയാണ് അവർ നടത്തിയത്. കശ്മീർ വിഷയത്തിലും കേന്ദ്ര നിലപാടിനെ പൂർണമായി എതിർക്കാൻ അവർ തയ്യാറായില്ല. ഇതിൽനിന്ന് വ്യക്തമാകുന്ന വസ്തുത ബിജെപിയുടെ തീവ്രഹിന്ദുത്വ അജൻഡയെ എതിർക്കുന്നതിനുപകരം മൃദുഹിന്ദുത്വ നിലപാടിലൂടെ രാഷ്ട്രീയ അവസരവാദനിലപാടാണ് കോൺഗ്രസിനുള്ളത് എന്നും ദേശാഭിമാനിയിൽ വിശദീകരിക്കുന്നു. ബിജെപിയുടെ പ്രചരണ വിഷയങ്ങളേയും അതിശക്തമായി വിമർശിക്കുകയാണ് ഇതിലൂടെ വിജയരാഘവൻ. അങ്ങനെ ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാകില്ലെന്ന് ഉറപ്പിക്കാനാണ് ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശവും ഈ പുതിയ തന്ത്രം സ്വീകരിക്കലിന് പിന്നിലുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിപിഎം ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സിപിഎം നേതാക്കൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷവിരുദ്ധ പ്രചരണം ബിജെപിയുമായുള്ള ധാരണയ്ക്ക് കളമൊരുക്കാൻ വേണ്ടിയാണെന്നു വ്യക്തമാണെന്ന ആരോപണവും ശക്തമായി. കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയം ഉറപ്പാക്കാൻ വൻതോതിൽ ബിജെപി വോട്ടുകൾ മറിച്ചതു യാദൃച്ഛികമല്ലെന്നും കോൺഗ്രസ് ആരോപിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് മോദിയേയും വിമർശിക്കാൻ സിപിഎം തീരുമാനം.

കേരളത്തിൽ എക്കാലത്തും മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായിനിന്ന പാണക്കാട്ട് കോൺഗ്രസ് നേതാക്കൾ പോയതുപോലും വർഗീയമായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന പൊതു വികാരം ഉയർന്നിരുന്നു. മുസ്ലിം വർഗീയത ഉയർത്തിപ്പിടിക്കുന്ന അബ്ദുൽ നാസർ മദനിയെ സ്വീകരിച്ചതും എസ്ഡിപിഐയുമായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയതും ജനങ്ങൾ മറന്നിട്ടില്ലെന്ന ചർച്ചകളും സജീവമായി. പത്തു വോട്ടിനു വേണ്ടി കേരളത്തെ വർഗീയമായി പിളർത്തുന്ന സിപിഎം നടപടിക്കെതിരെ ജാഗ്രത പാലിക്കണമെന്ന വാദം കോൺഗ്രസും ഉയർത്തി. ഇത് തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് മോദിയേയും വീണ്ടും വിമർശന വിഷയമാക്കുന്നത്.

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കർഷകപ്രക്ഷോഭമടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി ബിജെപി.വിരുദ്ധ പ്രചാരണത്തിന് ഊന്നൽ നൽകാൻ സിപിഎം. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ഉണ്ട്. തൊഴിലാളി-കർഷക ഐക്യത്തിനുപുറമേ ബഹുജനവിഭാഗങ്ങളെ അണിനിരത്തിയുള്ള പ്രചാരണപരിപാടികൾ നടത്തണമെന്നാണ് സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശം. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തെ വിജയരാഘവൻ കടന്നാക്രമിക്കുന്നത്.

ബിജെപിക്കെതിരെ കാർഷികനിയമങ്ങൾ, ഭരണഘടനയെ തകർക്കൽ, സാമ്പത്തികനയം, വർഗീയധ്രുവീകരണം, പൊതുമുതൽ കൊള്ളയടിക്കൽ, വിലക്കയറ്റം, തൊഴിൽനിയമങ്ങൾ റദ്ദാക്കൽ, സ്വകാര്യവത്കരണം എന്നീ വിഷയങ്ങളാവും ഉയർത്തിക്കാട്ടുക. ഇതിനുമുന്നോടിയായി എല്ലാ പാർട്ടിഘടകങ്ങളിലും ഫെബ്രുവരി രണ്ടാംവാരംമുതൽ രണ്ടാഴ്ച നീളുന്ന പ്രചാരണം നടത്താനും തീരുമാനിച്ചു.

കേരളത്തിൽ ഭരണത്തുടർച്ചയ്ക്കുള്ള അനുകൂലമായ അന്തരീക്ഷമുണ്ടെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. ഇടതുഭരണം വീണ്ടും ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പുപ്രവർത്തനങ്ങളുമായി മുന്നോട്ടുപോവും. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുശേഷം പാർട്ടി കോൺഗ്രസിനുള്ള സംഘടനാനടപടികൾ തുടങ്ങും. ജൂലായ് ആദ്യവാരംമുതൽ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കും.