തിരുവനന്തപുരം: തുടർഭരണ പ്രവചനത്തിന് പിന്നിൽ പ്രവർത്തകരെ ആലസ്യത്തിലാക്കി മുന്നണിയെ തോൽപ്പിക്കാനുള്ള നീക്കമാണെന്ന സംശയം ശക്തം. ഇത് തിരിച്ചറിഞ്ഞാണ് തിരഞ്ഞെടുപ്പ് സർവേകളിൽ ഭ്രമിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിക്കുന്നത്. ചില മണ്ഡലങ്ങളിൽ പ്രവർത്തകർക്ക് അലംഭാവമുള്ളതായി കാണുന്നു. എങ്ങനെയായാലും ജയിക്കുമെന്ന ധാരണ പ്രവർത്തനത്തെ ബാധിച്ചു. പ്രചാരണത്തിൽ കൂടുതൽ ജാഗ്രത പുലർത്താനും അടിയന്തര ഇടപെടൽ നടത്താനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇതോടെ തുടർഭരണ സർവ്വേകളെ സിപിഎമ്മും സംശയത്തോടെ കാണുകയാണ്.

സർവ്വേകളുടെ ആദ്യ ഘട്ടത്തിൽ സിപിഎം മുന്നണിക്ക് വ്യക്തമായ മേൽകൈ പലരും പ്രവചിച്ചു. എന്നാൽ രണ്ടാം ഘട്ട സർവ്വേ എത്തുമ്പോൾ സീറ്റ് കുറയുന്ന ചിത്രമാണ് പുറത്തു വരുന്നത്. മത്സരം ഇഞ്ചോടിഞ്ഞാണെന്നും പറയുന്നു. ഇതോടെയാണ് സിപിഎം പ്രവർത്തനങ്ങളിൽ വിട്ടു വീഴ്ച വേണ്ടെന്ന മുന്നറിയിപ്പ് നൽകുന്നത്. ഓരോ വോട്ടും നിർണ്ണായകമാണെന്ന സന്ദേശം നൽകി പരമാവധി വോട്ട് നേടാനുള്ള പ്രവർത്തനത്തിന് താഴെ തട്ടിലെ നേതാക്കളെ സജ്ജമാക്കുകയാണ് സിപിഎം. ഓരോ ജില്ലയിലേയും പ്രവർത്തനങ്ങളിൽ പിബി അംഗത്തിന്റെ നിരീക്ഷണം ഇനി കർശനമാക്കും. വികസനത്തിൽ അടിയുറച്ച് പ്രചരണം മുമ്പോട്ട് പോകാനും നിർദ്ദേശിക്കും.

സിപിഎമ്മിന്റെ എല്ലാ അംഗങ്ങളും ഏപ്രിൽ 1 മുതൽ ഗൃഹസന്ദർശനം നടത്തും. പൊളിറ്റ്ബ്യൂറോ മുതൽ ബ്രാഞ്ച് വരെയുള്ള അംഗങ്ങൾ ഈ പ്രചാരണത്തിൽ ഭാഗമാകണമെന്നാണു തീരുമാനം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയും മറ്റും കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ പൊതുവിൽ അനുകൂല സാഹചര്യമാണെന്നു സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. മണ്ഡലങ്ങളിൽ നിന്ന് ആദ്യഘട്ട കണക്കുകൾ ലഭിച്ചു. ഇതുപ്രകാരം ഭരണം നിലനിർത്താമെന്നു പാർട്ടി കരുതുന്നു. പ്രതികൂല സ്ഥിതി ഉള്ള മണ്ഡലങ്ങളിൽ മാറ്റത്തിനു ശ്രമിക്കും. ഇതിന്റെ ഭാഗമാണ് ഗൃഹസന്ദർശനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികൾ നാളെ തുടങ്ങും. കുടുംബ യോഗങ്ങൾ പൂർത്തിയാക്കിയാണ് നേതാക്കൾ താഴേ തട്ടിലേക്ക് പ്രചാരണത്തിന് ഇറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പിബി അംഗങ്ങളും അടക്കമുള്ള നേതാക്കളാണ് വീടുകളിലേക്ക് വോട്ട് അഭ്യർത്ഥിക്കാനെത്തുന്നത്. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ വിവാദങ്ങൾ ഒഴിവാക്കും. വികസനമാകും ഗൃഹസന്ദർശനത്തിൽ ചർച്ചയാക്കുക. അതിനിടെ വ്യക്തിയുടെ വിശ്വാസം സംരക്ഷിക്കാൻ സിപിഎം പ്രതിജ്ഞാബദ്ധമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിച്ചിട്ടുണ്ട്.

ശബരിമലയിൽ വിശ്വാസികൾ മാപ്പു തരില്ല എന്ന ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച യെച്ചൂരി അക്കാര്യത്തിൽ ജനങ്ങളാണ് തീരുമാനമെടുക്കുകയെന്നും കേരളത്തിൽ നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അത് കണ്ടതാണെന്നും കൂട്ടിച്ചേർത്തു. 35 വർഷം നീണ്ട ബംഗാളിലെ ഭരണത്തിൽ ഒരൊറ്റ വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല. വ്യക്തികളുടെ വിശ്വാസത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാവില്ലെന്നതാണ് ഇതിന് കാരണമെന്നും .യെച്ചൂരി കൂട്ടിച്ചേർത്തിരുന്നു.

ഇതെല്ലാം ഗൃഹസന്ദർശനത്തിൽ സിപിഎം നിലപാടായി മാറും. വിശ്വാസികളെ ചേർത്ത് നിർത്താനാകും ശ്രമം.