- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ തിരികെയെത്താൻ ശ്രമിക്കുന്ന നേതാവിന് സഖാക്കളുടെ സ്നേഹപ്പാര; ബിജെപി പിന്തുണയോടെ പഞ്ചായത്തിലെ ആസൂത്രണ സമിതി സ്ഥാനം കൽപ്പിച്ചു കൊടുത്തു; നേതാവ് അറിഞ്ഞത് പത്രവാർത്ത വന്നപ്പോൾ; സ്ഥാനം ഏറ്റെടുക്കാതെ നേതാവും: സംഭവം കോഴഞ്ചേരിയിൽ
പത്തനംതിട്ട: സിപിഎം ജില്ലാ സമ്മേളനം അടുത്തതോടെ പാർട്ടിക്കുള്ളിൽ വെട്ടും മറുവെട്ടും സ്നേഹപ്പാരയും മുറുകുന്നു. മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കോഴഞ്ചേരിയിൽ നിന്നുള്ള നേതാവിന് ഒപ്പം നടക്കുന്ന സഖാക്കൾ വച്ചു കൊടുത്ത സ്നേഹപ്പാരയ്ക്ക് ഒരൊന്നന്നര മീറ്റർ നീളം വരും! നിലവിൽ ജില്ലാ കമ്മറ്റിയംഗവും മുൻ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമായ ബാബു കോയിക്കലേത്തിനാണ് അണികൾ പാര വച്ചത്. പഞ്ചായത്തിൽ ഒഴിവു വന്ന ആസൂത്രണസമിതി ഉപാധ്യക്ഷ സ്ഥാനത്തേക്ക് ബാബുവിനെ തെരഞ്ഞെടുത്തു. അതും ബിജെപി പിന്തുണയോടെ. വാർത്തയറിയാൻ നേതാവിന് പത്രം വായിക്കേണ്ടി വന്നുവെന്നാണ് ദോഷൈകദൃക്കുകൾ പ്രചരിപ്പിക്കുന്നത്. കോഴഞ്ചേരി പഞ്ചായത്തിലാണ് സംഭവം.
ബാബുവിന്റെ പേര് ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ലോക്കൽ കമ്മറ്റിയുടെ അനുമതി ഇല്ലാതെയാണ് നിർദ്ദേശിച്ചത്. ബാബുവും ഈ വിവരം അറിഞ്ഞിരുന്നില്ലത്രേ. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും സിപിഎം പ്രാദേശിക ഘടകത്തിൽ അഭിപ്രായം ഉയരുന്നുണ്ട്. സിപിഎമ്മിന്റെ ജില്ലയിലെ മുതിർന്ന നേതാവും ജില്ലാ കമ്മറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ് ബാബു.
പാർട്ടി ജില്ലാ സമ്മേളനം നടക്കാനിരിക്കെ ബിജെപി പിന്തുണയോടെ സ്ഥാനം സ്വീകരിച്ചത് വിമർശനത്തിന് കാരണമാകും. അടുത്ത ജില്ലാ സെക്രട്ടറിയേറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഈ വിഷയം കൊണ്ടുവരാനുള്ള ചിലരുടെ തന്ത്രമായിരുന്നു ഇതിന് പിന്നിലെന്നും പറയുന്നു. ദീർഘകാലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ബാബുവിനെ കഴിഞ്ഞ ജില്ലാ സമ്മേളനമാണ് ഒഴിവാക്കിയത്. ഇതിന് അന്ന് നിരത്തിയ ന്യായങ്ങൾ അംഗീകരിക്കാൻ പലരും തയാറായിരുന്നില്ല.
അതിന് സമാനമായാണ് ഇക്കുറി പാർട്ടി സമ്മേളനങ്ങളും ചർച്ചകളും നടക്കുന്നതിനിടെ ഗ്രാമപഞ്ചായത്തിൽ കാര്യമായ അധികാരമില്ലാത്ത ആസൂത്രണ സമിതി ഉപാധ്യക്ഷ സ്ഥാനത്തേക്ക് കോയിക്കലേത്തിനെ തെരഞ്ഞെടുത്തത്. ഗ്രാമപഞ്ചായത്ത് കമ്മറ്റിയിൽ അത്യാവശ്യ വിഷയം അല്ലെങ്കിൽ പോലും അജണ്ടയിൽ ഉൾപ്പെടുത്തുകയും ചർച്ചയ്ക്ക് എടുപ്പിക്കുകയുമായിരുന്നു. കോവിഡ് സമയത്ത് ആസൂത്രണ സമിതി ചേരാൻ കഴിഞ്ഞില്ലെന്നും നിയമ പ്രകാരം ഓരോ വർഷവും ഉപാധ്യക്ഷൻ മാറേണ്ടതില്ലെന്നും ഭരണ പക്ഷം പറഞ്ഞെങ്കിലും ഇടത്, ബിജെപി അംഗങ്ങൾ ഒറ്റക്കെട്ടായി എതിർക്കുക ആയിരുന്നു. ഇതോടെയാണ് ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഭരണ സമിതിയിൽ ബിജെപി പിന്തുണയോടെ സിപിഎം ബാബു കോയിക്കലേത്തിനെ നിർദ്ദേശിച്ചത്.
ഇടത് മുന്നണിയിലെ സിപിഐ, ജനതാദൾ,എൻസിപി എന്നിവരും പിന്തുണച്ചു. മേലുകര സർവീസ് സഹകരണ ബാങ്ക് യുഡിഎഫിൽ നിന്നും എൽ.ഡി.എഫ് പിടിച്ചെടുത്ത് പ്രസിഡന്റായി ബാബു കോയിക്കലേത്തിനെ തെരഞ്ഞെടുത്തതിന്റെ അടുത്ത ദിവസമായിരുന്നു ഇത്. സഹകരണ സംഘം തെരഞ്ഞെടുപ്പിലെ വിജയത്തിന് ഇത് മങ്ങൽ ഏൽപ്പിച്ചുവെന്ന് വിലയിരുത്തുന്നവരുമുണ്ട്. സ്ഥാനം ഏറ്റെടുക്കേണ്ടതില്ല എന്ന് പാർട്ടി നിർദ്ദേശിച്ചതായും അറിയുന്നു.
ഇതേ പോലെ ജില്ലയിൽ നിന്നുള്ള മറ്റൊരു നേതാവ് ഒഴിവു വരുന്ന സിപിഎം സംസ്ഥാന കമ്മറ്റിയിൽ കടന്നു കൂടാൻ കരുക്കൾ നീക്കുന്നുണ്ട്. ആർ. ഉണ്ണികൃഷ്ണപിള്ള പ്രായത്തിന്റെ മാനദണ്ഡമനുസരിച്ച് പുറത്തു പോവുകയും അഡ്വ. കെ. അനന്തഗോപൻ ദേവസ്വം ബോർഡ് പ്രസിഡന്റാവുകയും ചെയ്ത സാഹചര്യത്തിൽ രണ്ട് ഒഴിവുകളാണ് ജില്ലയിൽ നിന്ന് യഥാക്രമം സംസ്ഥാന കമ്മറ്റിയിലേക്കും സമിതിയിലേക്കും വരിക. ഇതിന് വേണ്ടി കരുക്കൾ നീക്കിയ നേതാവാണ് തിരുവല്ലയിൽ പാർട്ടിക്കാരിയുടെ പീഡന പരാതി കുത്തിപ്പൊക്കിയതത്രേ.
പെരിങ്ങര സന്ദീപിന്റെ കൊലപാതകത്തിൽ രാഷ്ട്രീയം കലർത്താനും ശ്രമിച്ചു. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവരെ ഈ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കുകയും കൂടി ചെയ്തതോടെ നേതാവിന്റെ സംസ്ഥാന കമ്മറ്റി മോഹം പൊലിഞ്ഞിരിക്കുകയാണ്.