- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മമതയേയും മോദിയേയും ചെറുക്കാൻ മഴവിൽ മുന്നണി തീർത്ത് കോൺഗ്രസും സിപിഎമ്മും; കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ മുസ്ലിം പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ പാർട്ടിയുമെത്തി; ചരിത്രപരമായ മണ്ടത്തരങ്ങൾ തിരുത്തി സിപിഎം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ശക്തി പൂർണമായും നഷ്ടമായില്ലെന്ന് പ്രഖ്യാപിച്ച് ഇടത്- കോൺഗ്രസ് സഖ്യം. കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മഴവിൽ മുന്നണിയുടെ ആദ്യ റാലിയിൽ ഇടത് പക്ഷത്തിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർക്ക് പുറമേ ഫർഫുറ ഷെരീഫിലെ പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ പാർട്ടിയായ ഐ.എസ്.എഫും റാലിയിൽ പങ്കെടുക്കുന്നുണ്ട്. മമതയും ബിജെപിയും നേർക്കുനേർ പോരാടുന്ന പശ്ചിമ ബംഗാളിൽ തങ്ങളും നിർണായക ശക്തിയാണെന്ന മൂന്നാം മുന്നണിയുടെ പ്രഖ്യാപനമായി റാലി മാറി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരേഡിനെ അഭിസംബോധന ചെയ്തു. കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അധീർ രഞ്ജൻ ചൗധരി, ഐ.എസ്.എഫ് നേതാവ് അബ്ബാസുദ്ദീൻ സിദ്ദിഖി തുടങ്ങിയവരും പരേഡിൽ അണിനിരന്നു. കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗലിനും റാലിയിലേക്ക് ക്ഷണമുണ്ട്.
തെരഞ്ഞെടുപ്പിൽ മൂന്നാംമുന്നണിയുടെ കരുത്ത് തെളിയിക്കുകയാണ് പരേഡിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പിൽ തൃണമൂലിനും ബിജെപിക്കും പുറമെ മൂന്നാംകക്ഷിയായാണ് ഇടതുപാർട്ടികളുടെ മത്സരം. ശനിയാഴ്ച മുതൽ സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിൽനിന്ന് ട്രെയിനിലും ബസുകളിലുമായി ബ്രിഗേഡ് ഗ്രൗണ്ടിലേക്കെത്തിയിരുന്നു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഥവാ കമ്മ്യൂണിസ്റ്റുകാരുടെ ദേശീയ ബൂർഷ്വാസി
കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തർക്കങ്ങൾക്ക് സിപിഎമ്മിനേക്കാൾ പഴക്കമുണ്ട്. സംഘപരിവാർ ഇത്രവലിയ ശക്തിയായി എത്തുന്നതിനും വളരെ മുന്നേ ഈ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടവരായികുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ, അതുകൊണ്ട് തന്നെ വളർന്നു വരുന്ന വർഗീയതടെ ചെറുക്കാനും കുത്തക മുതലാളിത്തത്തെ തകർക്കാനും ദേശീയ ബൂർഷ്വാസി അഥവാ കോൺഗ്രസുമായി സഖ്യമുണ്ടാക്കണം എന്ന് സിപിഐ എന്നും വാദിച്ചിരുന്നു. എന്നാൽ, അതേ തുടർന്നുണ്ടായ തർക്കങ്ങൾ പാർട്ടിയുടെ പിളർപ്പിലേക്കും സിപിഎമ്മിന്റെ രൂപീകരണത്തിലേക്കുമാണ് നയിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ ബൂർഷ്വാസിയുമായി ഐക്യമുന്നണി രൂപപ്പെടുത്തി വലതുപക്ഷത്തെ തോൽപ്പിച്ച് വിപ്ളവത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കണമെന്ന നയം ചർച്ചയാക്കിയത് മുതൽ എതിർത്ത് നിന്നവർ പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോയി പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു.
ഇതിനിടയിൽ, സിപിഐ ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തുകയും സിപിഐ ജനറൽ സെക്രട്ടറി ആയിരുന്ന ഇന്ദ്രജിത് ഗുപ്ത ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആകുകയും ചെയ്തെങ്കിലും ഇടത് ഐക്യത്തിന് വേണ്ടി പലപ്പോഴും കോൺഗ്രസ് സഖ്യം എന്ന ആശയം ഒഴിവാക്കുകയായിരുന്നു. ഒന്നാം യുപിഎ സർക്കാരിൽ ചേരണം എന്ന പാർട്ടി താത്പര്യത്തെയയും നേതൃത്വം ബലികൊടുത്തത് ഇട് ഐക്യം പറഞ്ഞായിരുന്നു. ജനാഭിലാഷ സഫലീകരണത്തിന് സർക്കാരിന്റെ ഭാഗമാകണം എങ്കിലും ഇടത് ഐക്യം കാത്തുസൂക്ഷിക്കാൻ മന്ത്രിസഭയിൽ അംഗമാകുന്നില്ല എന്നായിരുന്നു സിപിഐ നിലപാട്. ഇപ്പോൾ ശക്തി കേന്ദ്രങ്ങളിലെല്ലാം കൂടുതൽ ദുർബലമായതോടെ സിപിഎമ്മും സിപിഐയും മറ്റ് ഇടത് പാർട്ടികളും കോൺഗ്രസിനൊപ്പം ചേർന്ന് മുന്നണി രൂപീകരിക്കുകയാണ്. കോൺഗ്രസിന് മുന്നിലും മറ്റ് മാർഗങ്ങളില്ല എന്നതാണ് വാസ്തവം.
നിലവിൽ പലയിടത്തും സഖ്യം
കേരളത്തിന് പുറത്ത് സാധ്യമായ ഇടത്തൊക്കെ കോൺഗ്രസുമായി കൈകോർക്കുകയാണ് സിപിഎം. മൂന്നു പതിറ്റാണ്ടിലേറെ ഭരിച്ച ബംഗാളിന് പുറമേ തമിഴ് നാട്ടിലും കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് മുന്നണിയുടെ ഭാഗമായി സിപിഎം മത്സരിച്ചിരുന്നു. പശ്ചിമ ബംഗാളിൽ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട് സഖ്യമുണ്ടായിരുന്നില്ലെങ്കിലും പരസ്പരം മത്സരിക്കരുത് എന്ന ധാരണയിലെത്താൻ കോൺഗ്രസും സിപിഎമ്മും പരിശ്രമിച്ചിരുന്നു. എന്നാൽ, ലോക് സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ പൂർണമായും പരാജയപ്പെട്ടതോടെ കോൺഗ്രസ് മുന്നണിയുടെ ഭാഗമാകുക മാത്രമാണ് പാർലമെന്ററി രംഗത്ത് സാന്നിധ്യം അറിയിക്കാനെങ്കിലും തങ്ങൾക്ക് മുന്നിൽ മാർഗമുള്ളു എന്ന് സിപിഎം തിരിച്ചറിയുകയാണ്.
ബീഹാറിൽ, ആർജെഡി-കോൺഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെ, ജമ്മു കശ്മീരിലും പിഡിപി- നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിലും സിപിഎം ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ, ആസാമിലും കോൺഗ്രസിനൊപ്പം സഖ്യമുണ്ടാക്കി ശക്തി ആർജ്ജിക്കാൻ ഇറങ്ങുകയാണ് ഇടത് പാർട്ടികൾ. പ്രതിപക്ഷ മഹാസഖ്യത്തിൽ ഇടതുപക്ഷ പാർട്ടികളായ സിപിഐ, സിപിഐ.എം.എൽ എന്നിവരുമായി ഒന്നിച്ചുചേർന്ന് പ്രവർത്തിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പരാജയപ്പെടുത്താൻ ഇരു പാർട്ടികളും ഒരുമിച്ച് തെരഞ്ഞെടുപ്പിൽ പോരാടുമെന്ന് നേരത്തെ തന്നെ കോൺഗ്രസും സിപിഐ.എമ്മും ധാരണയിലെത്തിയിരുന്നു.
ചരിത്രപരമായ മണ്ടത്തരം
മൂന്നു തവണയാണ് ബസുവിനെ തേടി പ്രധാനമന്ത്രി പദമെത്തിയതെന്നാണ് മുൻ സിബിഐ. ഡയറക്ടറും ബംഗാൾ ഡി.ജി.പിയുമായിരുന്ന അരുൺ പ്രസാദ് മുഖർജി ഓർമ്മക്കുറിപ്പുകളിൽ വെളിപ്പെടുത്തിയത്. 1990-ൽ രാഷ്ട്രീയ അസ്ഥിരത കത്തി നിൽക്കെ രാജീവ് ഗാന്ധിയും കോൺഗ്രസും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആദ്യം മനസ്സിൽ കണ്ടത് ബസുവിനെയായിരുന്നു. പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് ബസു രാജീവിനെ അറിയിച്ചു. സിപിഎം. ഈ നിർദ്ദേശം തള്ളി. അങ്ങിനെയാണ് ചന്ദ്രശേഖറിലേക്ക് രാജീവെത്തിയത്. അധികം വൈകാതെ ചന്ദ്രശേഖർ സർക്കാർ വീണപ്പോഴും രാജീവ് ഒരിക്കൽ കൂടി ബസുവിലേക്ക് തിരിഞ്ഞു. അപ്പോഴും പാർട്ടിയുടെ തീരുമാനം ബസുവിന് പ്രധാനമന്ത്രിപദം നിഷേധിച്ചുവെന്നാണ് അരുൺപ്രസാദ് മുഖർജി പറയുന്നത്.
കോൺഗ്രസ് ബോഫോഴ്സ് അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സമയമായിരുന്നു അത്. സ്വാഭാവികമായും കോൺഗ്രസിന്റെ പിന്തുണയോടെ സർക്കാരുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു സിപിഎമ്മിന്റെ വിലയിരുത്തൽ. ഈ സമീപനത്തിൽ കോമൺസെൻസുണ്ടായിരുന്നു, യാഥാർത്ഥ്യത്തിന്റെ തിരനോട്ടമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ ബസു ഈ തീരുമാനത്തിനെതിരെ ഒരക്ഷരം പോലും പ്രതികരിച്ചില്ല. 1996-ൽ ഐക്യമുന്നണി നിലവിൽ വന്നപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യപേരുകാരൻ ബസു തന്നെയായിരുന്നു. അന്ന് സിപിഎം. കേന്ദ്ര കമ്മിറ്റി വോട്ടിനിട്ടാണ് ഈ നിർദ്ദേശം തള്ളിയതെന്നാണറിയുന്നത്. പാർട്ടി ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് ബസു പ്രധാനമന്ത്രിയാവണമെന്ന പക്ഷക്കാരനായിരുന്നു. കേന്ദ്രക്കമിറ്റിയിൽ സംഗതി വോട്ടിനട്ടപ്പോൾ 27 പേർ എതിർക്കുകയും 22 പേർ അനുകൂലിക്കുകയും ചെയ്തുവെന്നാണ് കൊൽക്കൊത്തയിൽ നിന്നുള്ള ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാനത്തെയാണ് ജ്യോതിബസു ചരിത്രപരമായ മണ്ടത്തരം എന്ന് വിശേഷിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ