- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില കൽപ്പിച്ച് സ്വന്തം പാർട്ടിക്കാർ; ഗുണ്ടായിസം കാണിച്ച നേതാക്കൾക്ക് എതിരേ കേസെടുത്തതിന് ശനിയാഴ്ച പൊലീസ് സ്റ്റേഷൻ ഉപരോധം നടത്താൻ സിപിഎം ലോക്കൽ കമ്മറ്റി: സംഭവം മല്ലപ്പള്ളിയിൽ
മല്ലപ്പള്ളി: കോവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണം മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ അത് ലംഘിക്കാൻ സ്വന്തം പാർട്ടിക്കാർ തന്നെ രംഗത്ത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രതിഷേധവും സമരപരിപാടികളും സംഘടിപ്പിക്കുന്നതിന് നിലനിൽക്കുന്ന നിയന്ത്രണം മറി കടന്ന് പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് സിപിഎം മല്ലപ്പള്ളി ലോക്കൽ കമ്മറ്റി. കാരണം നടുറോഡിൽ സ്ത്രീകൾ അടക്കമുള്ള കുടുംബത്തോട് ഗുണ്ടായിസം കാണിച്ചതിന് കേസെടുത്തു!
ഈ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുന്നതിനെതിരേയാണ് ശനിയാഴ്ച പൊലീസ് സ്റ്റേഷൻ ഉപരോധം വച്ചിരിക്കുന്നത്. സിപിഎമ്മിന്റെ മേൽഘടകങ്ങൾ അറിയാതെ ലോക്കൽ കമ്മറ്റി മാത്രമാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. നേതാക്കളെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം. അതേ സമയം, പ്രതിപ്പട്ടികയിലുള്ള നേതാക്കളുടെ എല്ലാം പേരിൽ ഒന്നിലധികം മറ്റ് ക്രിമിനൽ കേസുകളുമുണ്ട് താനും. മാർച്ച് ആദ്യവാരം രണ്ടു കൂട്ടർ തമ്മിൽ നടന്ന സംഘർഷത്തെ തുടർന്നാണ് കേസ് എടുത്തിരുന്നത്. മല്ലപ്പള്ളിയിലെ വ്യവസായിയായ മേലേക്കുറ്റി ജോസും ചെറുകിട വ്യാപാരിയായ സജിയും തമ്മിൽ നടന്ന വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
വ്യാപാര ആവശ്യങ്ങൾക്കായി സജി കുറച്ചു പണം ജോസിൽ നിന്ന് വായ്പ വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച് ഏറെ നാൾ ജോസ് പിന്നാലെ നടന്നുവെങ്കിലും സജി മടക്കി കൊടുത്തില്ലെന്ന് പറയുന്നു. മാർച്ച് ആദ്യവാരം കൊടുക്കാനുള്ള പണത്തിന്റെ പകുതി സജി ജോസിന് കൈമാറി. ഇതിന് ശേഷം ജോസിന്റെ ഫോണിലേക്ക് ചിലർ വിളിച്ച് സജി പണം നൽകിയ ശേഷം ജോസിനെ തല്ലിയെന്നൊരു കഥ പ്രചരിക്കുന്നുവെന്ന് അറിയിച്ചു. ഇതു കേട്ട് കോപാകുലനായ ജോസ് കുടുംബ സമേതം സജിയുടെ വീട്ടിൽ കയറി അക്രമം നടത്തിയെന്നും അസഭ്യം വിളിച്ചുവെന്നും പറയുന്നു.
വിവരമറിഞ്ഞ് എത്തിയ സജിയുടെ കൂട്ടുകാർ ജോസിനെയും കുടുംബത്തെയും തടഞ്ഞ് ചീത്ത വിളിക്കുകയും സ്ത്രീകളെ അടക്കം ആക്ഷേപിക്കുകയും ചെയ്തുവത്രേ. സിപിഎം നേതാക്കളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായവരും സംഘത്തിലുണ്ടായിരുന്നു. തന്റെ വീട്ടിൽ കയറി ജോസ് ഗുണ്ടായിസം കാണിച്ചുവെന്നാരോപിച്ച് സജി പിറ്റേന്ന് തന്നെ കീഴ്വായ്പൂർ എസ്എച്ച്ഓയ്ക്ക് പരാതി നൽകി. സ്ത്രീകൾ അടക്കമുള്ള തന്റെ കുടുംബത്തിനെ സജിയുടെ നേതൃത്വത്തിൽ ഗുണ്ടകൾ ആക്രമിച്ചുവെന്ന് ഒരു പരാതി ജോസും നൽകി.
സജിയുടെ പരാതിയിൽ ജോസ്, ഭാര്യ, സഹോദര പുത്രൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ജോസിന്റെ പരാതിയിൽ സജിക്കും ഗുണ്ടാ സംഘത്തിനുമെതിരേ കേസെടുത്തിരുന്നു.
സജി സ്റ്റേഷനിൽ ഹാജരായി ജാമ്യം എടുത്തു. എന്നാൽ, ഗുണ്ടാസംഘത്തിൽപ്പെട്ടവർ ഇതിന് തയാറായില്ല. തങ്ങൾ സിപിഎം നേതാക്കളാണെന്ന കാരണമായിരുന്നു ഇവർ മുന്നോട്ട് വച്ചത്. തങ്ങൾക്കെതിരേ കള്ളക്കേസ് എടുക്കാൻ ശ്രമിക്കുകയാണെന്നും ഇവർ പറഞ്ഞു. ഇതിനിടെ തെരഞ്ഞെടുപ്പ് വന്നതു കാരണം പൊലീസും ആ വിഷയം വിട്ടു. കഴിഞ്ഞ ദിവസം നടന്ന എസ്പിയുടെ കോൺഫറൻസിൽ വിഷയം ചർച്ചയായി. എന്തു കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് ചോദിച്ച് എസ്പി ആർ നിശാന്തിനി കീഴ്വായ്പൂർ എസ്എച്ച്ഓയെ ശാസിച്ചു. എത്രയും പെട്ടെന്ന് ഈ പ്രതികളെ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു.
അതിന് ശേഷം രണ്ടു തവണ പൊലീസ് പ്രതികൾക്ക് നോട്ടീസ് നൽകി. രണ്ടു തവണയും പ്രതികൾ ഹാജരായില്ല. തങ്ങൾക്ക് ഹാജരാകേണ്ട് കാര്യമില്ലെന്ന നിലപാടിലായിരുന്നു പ്രതികൾ. സിപിഎം മല്ലപ്പള്ളി ലോക്കൽ കമ്മറ്റിയുടെ പിന്തുണയും പ്രതികൾക്കുള്ളതായി പറയുന്നു. ഇനി നോട്ടീസ് കൊടുക്കാതെ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇതു ചെറുക്കാൻ വേണ്ടിയാണ് സ്റ്റേഷൻ ഉപരോധം പ്രഖ്യാപിച്ചത്.
ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി ശനിയും ഞായറും ലോക്ഡൗണിന് സമാനമായ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സിപിഎം നേതൃത്വത്തിൽ ഉപരോധം പ്രഖ്യാപിച്ചതും മല്ലപ്പള്ളി ടൗണിൽ അടക്കം പോസ്റ്ററുകൾ പതിപ്പിച്ചതും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്