- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ട് പിടുത്തത്തിന് പുത്തൻ അടവുമായി സിപിഎം; മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ പ്രസംഗ വേദികൾ വിട്ട് വീടുകൾ കയറിയിറങ്ങും; ലക്ഷ്യമിടുന്നത് തങ്ങളോട് അനുഭാവമില്ലാത്ത ആളുകളുടെ വോട്ടും സമാഹരിക്കാൻ; പാർട്ടി മെഷീനറിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കിയ ശേഷം പോളിറ്റ് ബ്യൂറോ അംഗങ്ങളും ഗൃഹസമ്പർക്കത്തിനിറങ്ങുന്നു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രവർത്തന ശൈലി അടിമുടി മാറ്റി സിപിഎം. എതിരാളികളുടെ കുറവുകൾ പറയാതെ സ്വന്തം മികവുകൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ഗൃഹസമ്പർക്കത്തിനിറങ്ങുന്നു. പോളിറ്റ് ബ്യൂറോ അംഗങ്ങളും വീടുകയറി വോട്ട് ചോദിക്കാനെത്തും. ഏപ്രിൽ ഒന്ന് മുതലാണ് സിപിഎം നേതാക്കൾ വീട്ടുമുറ്റങ്ങളിൽ പ്രചാരണത്തിന് എത്തുക.
മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടികൾ നാളെ തുടങ്ങും. കുടുംബ യോഗങ്ങൾ പൂർത്തിയാക്കിയാണ് നേതാക്കൾ താഴേ തട്ടിലേക്ക് പ്രചാരണത്തിന് ഇറങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പിബി അംഗങ്ങളും അടക്കമുള്ള നേതാക്കളാണ് വീടുകളിലേക്ക് വോട്ട് അഭ്യർത്ഥിക്കാനെത്തുന്നത്.
പൊതുയോഗങ്ങളെക്കാൾ ഫലപ്രദമാകുക നേതാക്കളുടെ ഗൃഹസമ്പർക്കം തന്നെയാണെന്ന തിരിച്ചറിവിലാണ് സിപിഎം ശൈലി മാറ്റുന്നത്. അതേസമയം, പാർട്ടി മെഷിനറിയെ സജ്ജമാക്കാൻ പൊതുയോഗങ്ങളും അത്യാവശ്യമാണ്. ഇത് രണ്ടും കണക്കിലെടുത്താണ് പാർട്ടിയുടെ ഏറ്റവും ഉന്നതരായ നേതാക്കൾ വീടു കയറി വേട്ട് ചോദിക്കുന്നത്.
പിണറായി വിജയൻ പങ്കെടുക്കുന്ന യോഗങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. എന്നാൽ, ഇടത് പക്ഷ പ്രവർത്തകരും അനുഭാവികളും മാത്രമാണ് ഇത്തരം യോഗങ്ങളിൽ എത്തുന്നത്. തങ്ങൾക്ക് ഉറപ്പുള്ള വോട്ടുകളാണിത്. എന്നാൽ, വീടുകൾ കയറി മുതിർന്ന നേതാക്കൾ വോട്ട് ചോദിക്കുക വഴി തങ്ങളോട് അനുഭാവമില്ലാത്ത ആളുകളുടെ വോട്ടും സമാഹരിക്കാനാകും എന്ന പ്രതീക്ഷയിലാണ് സിപിഎം.
അതിനിടെ, പോളിങ്ബൂത്തിലേക്ക് പോകാൻ 10 ദിവസം മാത്രം ശേഷിക്കെ കിഫ്ബിയുടെ പേരിൽ കേന്ദ്രവുമായി തുറന്ന യുദ്ധത്തിന് സംസ്ഥാനം തയ്യാറെടുക്കുകയാണ്. കിഫ്ബിയെ കേന്ദ്രസർക്കാരിന് ഒരു ചുക്കും ചെയ്യാനാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വെല്ലുവിളിച്ചത്. ഒരു ചുക്കിനേയും പേടിയില്ലെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്ന് മുരളീധരൻ ചോദിച്ചു. നരേന്ദ്ര മോദിയുടെ നട്ടെല്ലിന് നല്ല ഉറപ്പാണെന്ന് ഇന്ത്യയിൽ എല്ലാവർക്കും അറിയാം. ഇതുകൊണ്ടൊന്നും കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ സാധിക്കില്ലെന്നും കേന്ദ്രഏജൻസികളെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും മുരളീധരൻ പറഞ്ഞു.
ബിജെപിക്കെതിരെയുള്ള ശക്തമായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് എൽഡിഎഫ് നൽകുന്നത്. സിപിഎം, ബിജെപി ഒത്തുകളിയുടെ മറ്റൊരു മുഖമെന്ന് യുഡിഎഫും, നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് പരിഹസിച്ച് ബിജെപിയും രംഗത്തെത്തിയതോടെ അവസാനലാപ്പിലെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി ഇക്കാര്യം മാറി. നിയമപരമായി സാധുതയൊന്നുമില്ലാത്ത ഒരു കാര്യം ചെയ്യുന്നതിലൂടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ കാണിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിക്കുന്നു.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അടക്കം അന്വേഷണ ഏജൻസികൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുന്നത് അമിതാധികാര പ്രകടനമാണെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മുഖ്യമന്ത്രിയുടെ കാട്ടിക്കൂട്ടലുകളൊന്നും വിലപ്പോകില്ല. അന്വേഷണം പ്രഖ്യാപിച്ച സർക്കാർ നടപടി ഭരണഘടന വിരുദ്ധമാണെന്നും കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ പ്രതികരിച്ചു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് എതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് പ്രഹസനമാണെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഇത് വലിയ തമാശയാണെന്ന വി മുരളീധരന്റെ വാദം ചെന്നിത്തലയും ആവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണ സ്റ്റണ്ടാണെന്നും ചെന്നിത്തല പറയുന്നു. ബിജെപിയുമായി സിപിഎം നേരത്തെയുണ്ടാക്കിയിട്ടുള്ള ധാരണ പ്രകാരമുള്ള തീരുമാനമെന്നാണ് യുഡിഎഫിന്റെ പൊതുആരോപണം.
ആഴക്കടൽ, ശബരിമല വിവാദങ്ങൾ കത്തിനിൽക്കെ അല്പമൊന്ന് പ്രതിരോധത്തിലായ സർക്കാരിന് പുത്തൻ ഉണർവ് നല്കുന്നതാണ് ഇന്നത്തെ തീരുമാനം. കൂടുതൽ നേതാക്കൾ ഏറ്റുപിടിക്കുന്നതോടെ അവസാന റൗണ്ട് ആവേശത്തിന് തീ പകരാൻ മറ്റൊരു വിഷയം കൂടി വന്നിരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ