- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിയിലും ബഹുജന സംഘടനകളിലും കഞ്ചാവ് കടത്തുകാരും ലൈംഗിക ചൂഷകരും നുഴഞ്ഞുകയറുന്നു; വരുന്ന പാർട്ടി സമ്മേളനങ്ങളിൽ സ്ക്രീനിങ്ങ് ശക്തമാക്കാൻ സിപിഎം; കമ്യൂണിസ്റ്റ് മൂല്യങ്ങൾ മറന്ന് കളിക്കുന്ന നവസഖാക്കളെ ഇനി വെച്ചുപൊറുപ്പിക്കില്ല; സംഘടനാ ശുദ്ധീകരണത്തിന് പിണറായി
കണ്ണൂർ: കമ്യൂണിസ്റ്റ് മൂല്യങ്ങൾ മുറുകെ പിടിക്കാൻ കഴിയാത്ത പാർട്ടി അംഗങ്ങളും വർഗ ബഹുജന സംഘടനാ ഭാരവാഹികളും സിപിഎമ്മിന് കടുത്ത തലവേദനയാകുന്നു. പുറത്ത് പറയാൻ കൊള്ളാത്ത കേസുകളിൽ പോലും ഉത്തരവാദിത്വപ്പെട്ട സഖാക്കൾ പ്രതിയാക്കുന്നത് നേതൃത്വം അത്യന്തം ഗൗരവകരമായ വീഴ്‌ച്ചയായിട്ടാണ് നേതൃതം കാണുന്നത്. രണ്ടു മാസത്തിനുള്ളിൽ പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്ന സാഹചര്യത്തിൽ സംഘടനാപരമായ ഒരു ശുദ്ധികലശം സിപിഎം ലക്ഷ്യമിടുന്നുണ്ട്. ഇതിനുള്ള പച്ചക്കൊടി മുഖ്യമന്ത്രി പിണറായി വിജയനും നൽകിയിട്ടുണ്ട്.
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ സംഘടനാ- ചുമതലകളിൽ യുവാക്കളെയും സ്ത്രീകളെയും പുതുമുഖങ്ങളെയും കൂടുതലായി കൊണ്ടുവരുന്നതിനായി തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് തലം മുതൽ മുകളിലോട്ട് ഏരിയാ കമ്മിറ്റി വരെ പുതുമുഖങ്ങളെ കൊണ്ടുവരാൻ തീരുമാനിച്ചത്. വർഗ ബഹുജന സംഘടനകളിലും ന്യൂനപക്ഷ-ദളിത് പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നു. ഈ തീരുമാനം പാർട്ടി സംഘടനയിൽ നവോന്മേഷം പകർന്ന് ബ്രാഞ്ചുകൾ ചലനാത്മകമാക്കിയിരുന്നുവെങ്കിലും പലയിടത്തും വെളുക്കാൻ തേച്ചത് പാണ്ടായി മാറുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ കൈവെടിഞ്ഞ് പാർട്ടിബ്രാഞ്ച് - ലോക്കൽ - ഏരിയാ സെക്രട്ടറിമാരും അംഗങ്ങളും റിയൽ എസ്റ്റേറ്റ് - കമ്മിഷൻ ഏജന്റുകളായും മറ്റു ബിനാമി ഇടപാടുകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഇടപ്പെടാൻ തുടങ്ങിയതോടെയാണ് നിരവധി യാരോപണങ്ങളും കേസുകളും ഉയർന്നു വരാൻ തുടങ്ങിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ പുറത്താക്കിയത് ഒരു തരത്തിലും പാർട്ടിക്ക് സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. അത്രമാത്രം സാമ്പത്തിയ ഇടപാടുകളും ക്രമക്കേടുകളുമാണ് ഇയാളുടെ നേതൃത്വത്തിൽ നടത്തിയതെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ സമിതി തന്നെ കണ്ടെത്തിയിരുന്നു.
2010 ൽ പാർട്ടിക്കുള്ളിൽ അവതരിപ്പിക്കപ്പെട്ട തെറ്റുതിരുത്തൽ രേഖയ്ക്കു സമാനമായി മറ്റെന്തെങ്കിലും ശുദ്ധീകരണ നടപടികൾ അടിയന്തിരമായി കൊണ്ടുവന്നില്ലെങ്കിൽ സംഘടനാ സംവിധാനം ജീർണ്ണിച്ചു പോകുമെന്നാണ് ഇതേ കുറിച്ച് ഒരു ഉന്നത നേതാവ് പ്രതികരിച്ചത്. പാർട്ടി സമ്മേളനങ്ങൾ ഇഴകീറിയുള്ള മുൻകാല പ്രവർത്തനങ്ങളുടെ പരിശോധനയും വിമർശനവുമാകാറുണ്ടെങ്കിലും ഇപ്പോൾ ഒത്തുതീർപ്പ് രാഷ്ടീയത്തിന്റെ ഭാഗമായി നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കെതിരെ നിർഭയം വിരൽ ചുണ്ടുന്നതിന് അണികളിൽ പലരും മടിക്കുകയാണ്.
പാർട്ടിക്കുള്ളിൽ വിമർശനവും സ്വയം വിമർശനവും നടന്നില്ലെങ്കിൽ കെട്ടിനിന്ന വെള്ളം പോലെ അഴുകാൻ തുടങ്ങുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബംഗാളിലെയും ത്രിപുരയിലെയും മുൻ അനുഭവം വിലയിരുത്തി ഭരണതലത്തിൽ മാറ്റങ്ങൾ വരുത്തിയ സിപിഎമ്മിന് സംഘടനാ തലത്തിൽ ഇത്തരം മാറ്റങ്ങൾ ചിലയിടത്തൊക്കെ തിരിച്ചടിയായിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയും രണ്ടു മക്കളും വിവാദങ്ങളിലും കേസുകളിലും ഉൾപ്പെട്ട് അന്വേഷണത്തെ നേരിടുന്നത് വ്യക്തി വേറെ കുടുംബം വേറെയൊന്നൊക്കെ പറഞ്ഞ് താത്വിക അവലോകനം നടത്തി മൂടി വയ്ക്കാൻ ശ്രമിച്ചുവെങ്കിലും അതു പാർട്ടി സംഘടനാ സംവിധാനത്തിന് ഏൽപ്പിച്ച പോറൽ ചെറുതല്ല.
ഇതിന് തുടർച്ചയായാണ് താഴെ തട്ടിലും കുറ്റകൃത്യങ്ങളിൽ പാർട്ടി നേതാക്കന്മാരും വർഗ ബഹുജന ഭാരവാഹികളും പങ്കാളികളാവാൻ തുടങ്ങിയത്. പാർട്ടി സെക്രട്ടറിയുടെ മകൻ കള്ള പണ-മയക്കുമരുന്ന് കേസുകളിൽ അകത്തായി. ഇരിട്ടിയിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന യുവാവ് 500 കിലോ കഞ്ചാവ് ചരക്കുലോറിയിൽ കടത്തിയതിനാണ് പിടിയിലായത്. 2020 സെപ്റ്റംബർ 15 നാണ് ഇരിട്ടി ചിങ്ങം കുണ്ട് ബ്രാഞ്ച് സെക്രട്ടറി സുബിലാഷും സഹോദരൻ സുബിത്തും കർണാടക ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. ഇവർ ഇപ്പോൾ മൈസൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
ആംബുലേഴ്‌സ് ഡ്രൈവേഴ്‌സ് യൂനിയൻ (സിഐ.ടി.യു) ജില്ലാ നേതാവ് കൂടിയായിരുന്നു സുബിലാഷ് ഇയാളെ പിന്നീട് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തു. ഇതിനു ശേഷം കഴിഞ്ഞ മാസം ന്യൂമാഹി പഞ്ചായത്തിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ മുഹമ്മദ് അഷ് നാസും എട്ട് കിലോ കഞ്ചാവുമായി പിടിയിലായി. സന്നദ്ധ സേവനത്തിന്റെ പാസുപയോഗിച്ചായിരുന്നു കാറിൽ കഞ്ചാവ് വിൽപ്പനയും കടത്തും. ഇരിട്ടി മേഖലയിൽ 14 വയസുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രാദേശികനേതാവ് ഇ.കെ നിധീഷും കുറ്റിയാട്ടൂരിൽ രണ്ട് ബാലസംഘം പ്രവർത്തകരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറി പ്രശാന്തനും പിടിയിലായത് സമീപകാലത്ത് സി.പി. എമ്മിന് ക്ഷീണം ചെയ്ത സംഭവങ്ങളാണ്.
ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവണതകൾ മുളയിലെ നുള്ളുന്നതിന് പാർട്ടി അഖിലേന്ത്യാ നേതൃത്വം ഒരിക്കൽ അവതരിപ്പിച്ച തെറ്റു തിരുത്തൽ രേഖയും പാലക്കാട് പ്‌ളീനം മുൻപോട്ടു വെച്ച മർഗരേഖയിലെയും കാര്യങ്ങൾ ഉൾകൊണ്ടു കൊണ്ട് കളങ്കിതരും വഴി വിട്ടു ജീവിതം നയിക്കുന്നവരും താക്കോൽ സ്ഥാനങ്ങളിൽ എത്താതിരിക്കാനുള്ള കടുത്ത സ്‌ക്രീനിങാണ് വരുന്ന പാർട്ടി സമ്മേളനങ്ങളിൽ സ്വീകരിക്കുക സാധാരണ ഗതിയിൽ പാർട്ടി കാഡറായി മാറാൻ വർഷങ്ങൾ അനുഭാവി ഗ്രൂപ്പിലും വർഗ ബഹുജന സംഘടനാ തലത്തിലും പ്രവർത്തിക്കണമെന്ന നിബന്ധനയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അതിൽ വെള്ളം ചേർത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് പൊതു വിലയിരുത്തൽ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്