കോഴിക്കോട്: രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ കാമ്പയിൽ ഉയർന്നുവരുന്ന കാലമാണിത്. വെഞ്ഞാറമൂട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ 'നേതാക്കൾ വീട്ടിൽ കിടന്നുറങ്ങും, അണികൾ വെട്ടുകൊണ്ട് ചാവും' എന്ന വിമർശനങ്ങളും പലരും ഉയർത്തുന്നുണ്ട്. എന്നാൽ തങ്ങളുടെ നേതാക്കൾ അണികളെ വെട്ടാൻ വിട്ട് കിടന്നുറങ്ങുന്നവർ അല്ലെന്ന്, കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ലിസ്റ്റ് പുറത്തുവിട്ടുകൊണ്ട് സിപിഎം അനുഭാവികൾ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസുകാർ അക്രമം നടത്തുന്നവർ അല്ലെന്നത്, വെറും പൊതുബോധം മാത്രമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഫേസ്‌ബുക്കിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെയാണ്.

നേതാക്കൾ വീട്ടിൽ കിടന്നുറങ്ങും. അണികൾ വെട്ട് കൊണ്ട് ചാവും എന്നൊക്കെയുള്ള ആക്ഷേപങ്ങൾ നിക്ഷ്പക്ഷർ എട്ടാക്കി മടക്കി ഇന്ദിരാ ഭവനിൽ കൊണ്ട് പോയി ഇട്ടാൽ മതി.,..??

പെട്ടെന്ന് ഓർമയിൽ വരുന്ന ചില സംഭവങ്ങൾ പറയാം.

നിലമ്പൂരിൽ വെച്ച് ആര്യാടൻ മുഹമ്മദിന്റെ ഗുണ്ടകൾ വെടി വെച്ച് കൊല്ലുമ്പോൾ സഖാവ് കുഞ്ഞാലി സിപിഐ എമ്മിന്റെ എംഎൽഎ ആയിരുന്നു.

സഖാവ് കെ.വി സുധീഷിനെ ആർഎസ്എസുകാർ വീട്ടിൽ കയറി വെട്ടി നുറുക്കുമ്പോൾഅദ്ദേഹം സിപിഎം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു.

സഖാവ് അഴീക്കോടൻ രാഘവൻ കുത്തേറ്റ് മരിക്കുമ്പോൾ, അദ്ദേഹം സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും മുന്നണി കൺവീനറുമായിരുന്നു.

കോൺഗ്രസ്സ് ഗുണ്ടകളുടെ തോക്കിൽ നിന്നുമുള്ള വെടിയുണ്ട തറഞ്ഞ് കയറുമ്പോ സ: ഇ പി ജയരാജൻ സിപിഎമ്മിന്റെ യുവജന പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ് ആയിരുന്നു. ഇന്നും സാധാരണ മനുഷ്യർ ഉറങ്ങുന്ന പോലെ ഉറങ്ങാന് ജയരാജന് കഴിയില്ല.

ഒരു തിരുവോണദിവസം ആർഎസ്എസ് ക്രിമിനലുകൾ വീട്ടിൽ കയറി വെട്ടിയിട്ട്, ചത്തു എന്നും പറഞ്ഞ് ഇട്ടിട്ട് പോയപ്പോ സ: പി ജയരാജൻ കണ്ണൂരിലെ പാർട്ടിയുടെ ഉന്നത നേതാവായിരുന്നു.

കരുണാകരന്റെ പൊലീസ് യാതൊരു കാരണവും ഇല്ലാതെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തുകൊണ്ട് പോയി അടിച്ച് ജീവച്ചവം ആക്കിയപ്പോൾ, സഖാവ് പിണറായി വിജയനും ഒരു എംഎൽഎ ആയിരുന്നു.

ഇതോടൊപ്പം കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയത് ആരാണ് എന്ന ചോദ്യവും സിപിഎം അണികൾ ഉയർത്തുന്നുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മൊയാരത്ത് ശങ്കരന്റെ കൊലപാതകമാണ് നവമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. 1948 മെയ് 11ന് മൊയാരത്ത് ശങ്കരനെ കോൺഗ്രസ്സ് പ്രവർത്തകർ പിടികൂടി തല്ലിച്ചതച്ചു. മൃതപ്രായനായ അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 1948 മെയ് 12നു കണ്ണൂർ സബ് ജയിലിൽ പൊലീസ് മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞു. ബന്ധുക്കൾക്ക് മൊയാരത്തിനെ അവസാനമായി കാണാനുള്ള അവകാശംപോലും നൽകിയില്ല. മൃതദേഹം ജയിൽവളപ്പിൽ എവിടെയോ മറവുചെയ്തു. കോൺഗ്രസുകാർ അടിയന്തരാവസ്ഥക്കാലത്ത് നടത്തിയ അക്രമങ്ങളും ഇവർ ചർച്ചയാക്കുന്നുണ്ട്. കോൺഗ്രസ് അക്രമം നടത്തില്ല എന്നത് വെറും തട്ടിപ്പ് മാത്രമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.