അടൂർ: അഞ്ചുവർഷം മുൻപ് തങ്ങളെ വധിക്കാൻ ശ്രമിച്ച യുവാവിനെ മുഖത്ത് ആസിഡൊഴിച്ച ശേഷം മർദിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം ഇട്ടിയപറമ്പിൽ ചാത്തൻ കോട്ട് അനിൽ(35), കുഴിവിള മേലേതിൽ പ്രശാന്ത് (26) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏനാദിമംഗലം മാരൂർ രഞ്ജിത്ത് ഭവനം വീട്ടിൽ രഞ്ജിത്തിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഡിസംബർ ആറിന് രാത്രി എട്ടരയോടെയാണ് സംഭവം. മുൻ വൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ രഞ്ജിത്തിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ഇരുമ്പു പൈപ്പുകൾ ഉപയോഗിച്ച് മർദിച്ചു.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്തിനെ പിന്തുടർന്ന് ക്രൂരമായി മർദ്ദിച്ചു. ഈ കേസിലെ ഒന്നാം പ്രതി അനിലിനെയും സഹോദരൻ സുനിലിനെയും അഞ്ചു വർഷം മുൻപ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായിരുന്നു രഞ്ജിത്ത്. ഈ വൈരാഗ്യമാണ് പ്രതികളെ ഇത്തരത്തിലുള്ള കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്.

കണ്ണിനും മുഖത്തും ഗുരുതര പരുക്കേറ്റ രഞ്ജിത്ത് കോട്ടയം മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദ്ദേശ പ്രകാരം അടൂർ ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്‌ഐമാരായ എം. മനീഷ്, ബിജു ജേക്കബ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, റോബി, ജയൻ, രതീഷ്, അൻസാജു എന്നിരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ജില്ലാ സയന്റിഫിക്- ഫോറൻസിക് വിഭാഗവും ജില്ലാ സൈബർ സെൽ വിഭാഗവും അന്വേഷണത്തിൽ പങ്കെടുത്തു.