- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുധാകര ശൈലിക്ക് പച്ചക്കൊടി കാട്ടി ഹൈക്കമാൻഡും; മുതിർന്ന നേതാക്കളോട് കൂടിയാലോചന നടത്തും, എല്ലാത്തിനും സമ്മതം വേണമെന്ന പിടിവാശി അരുതെന്ന് ഹൈക്കമാൻഡ്; കെട്ടിലും മട്ടിലും അടിമുടി ശൈലീമാറ്റമായി ഡിസിസി പുനഃസംഘടന; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും നൽകിയതും മാറി ചിന്തിക്കണമെന്ന കൃത്യമായ സന്ദേശം
ന്യൂഡൽഹി: സംസ്ഥാന കോൺഗ്രസ് മുമ്പ് ശീലിച്ചുപോന്ന ശൈലികളുടെ പൊളിച്ചെഴുത്താണ് ഡിസിസി പുനഃസംഘടനയിലൂടെ വ്യക്തമായിരിക്കുന്നത്. ചില ജില്ലകളിൽ ചില ഗ്രൂപ്പുകൾക്ക് കുത്തക എന്ന പതിവു ശൈലി മാറ്റിക്കൊണ്ടുള്ള പൊളിച്ചെഴുത്താണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. രണ്ട് നേതാക്കൾ വീതം വെച്ച് എല്ലാം ചെയ്തിരുന്ന കാലത്തു നിന്നും മാറി മറ്റൊരു ശൈലിയിലേക്ക് കോൺഗ്രസ് കടന്നിരിക്കുന്നു. പുനഃസംഘടനയിൽ മുതിർന്ന നേതാക്കളുടെ പ്രതികരണത്തിൽ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാൻഡ്.
ഡിസിസി പ്രസിഡന്റ് പട്ടികയുടെ പേരിൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞുനിൽക്കുന്നതിനിടയിലും സംസ്ഥാന നേതൃത്വത്തെ പിന്തുണച്ച് കോൺഗ്രസ് ഹൈക്കമാൻഡ് നിലപാടെടുത്തു. ഇരുവരും സംസ്ഥാനത്തെ സമുന്നത നേതാക്കളാണെന്ന യാഥാർഥ്യം അംഗീകരിക്കുന്നു. അവരുമായി കൂടിയാലോചന നടത്തണം. എന്നാൽ, തീരുമാനം അവർ പറയുംപോലെ ആകണമെന്ന് നിർബന്ധം പാടില്ലെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്.
എല്ലാ തീരുമാനങ്ങളും അവരുടെ സമ്മതത്തോടെയെന്ന രീതി ഇനിയുണ്ടാവില്ലെന്ന കൃത്യമായ സന്ദേശം നൽകുന്നതാണ് സുധാകരന്റെയും സതീശന്റെയും വാക്കുകളും. ഇതിനാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ പച്ചക്കൊടി നൽകുന്നതും. സംസ്ഥാന കോൺഗ്രസ് ഇതുവരെ ശീലിച്ച രീതികളിൽനിന്നുള്ള മാറ്റത്തിന്റെ തുടക്കമാണു ഡിസിസി പുനഃസംഘടന. എ, ഐ ഗ്രൂപ്പുകളുടെ ഭാഗമായവരെ ഡിസിസി പ്രസിഡന്റുമാരാക്കിയിട്ടുണ്ട്.
ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും താൽപര്യങ്ങൾക്കു പുറമെ ജില്ലയിലെ എംപിമാരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായവും തേടി. അതതു ജില്ലയിലെ നേതാക്കൾക്ക് അവിടുത്തെ തീരുമാനങ്ങളിൽ മുൻഗണന നൽകി. സ്വന്തം ജില്ല എന്ന പരിഗണന വച്ചാണ് ആലപ്പുഴയിൽ ചെന്നിത്തലയും കോട്ടയത്ത് ഉമ്മൻ ചാണ്ടിയും നിർദേശിച്ചവരെ നിയോഗിച്ചത്. ഭാവിയിലും ഈ രീതി തുടരും. അന്തിമ ലിസ്റ്റ് പുറത്തിറക്കും മുമ്പ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമായി രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി സംസ്ഥാന നേതൃത്വം കൈമാറിയ പട്ടിക അതേപടി അംഗീകരിക്കാൻ തീരുമാനിച്ച ശേഷമാണ് ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും എതിർപ്പ് പരിഗണിച്ച് ഹൈക്കമാൻഡ് അവസാന നിമിഷം മാറ്റം വരുത്തിയത്. ആലപ്പുഴയിൽ ബി. ബാബുപ്രസാദ് എന്ന ഒറ്റപ്പേര് മാത്രമാണു താൻ നിർദേശിച്ചിട്ടുള്ളതെന്നും അത് അംഗീകരിക്കണമെന്നും രാഹുൽ ഗാന്ധിയുമായുള്ള ഫോൺ സംഭാഷണത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു. കോട്ടയത്ത് നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ്, ജോമോൻ ഐക്കര എന്നീ പേരുകളാണ് ആദ്യം ഉമ്മൻ ചാണ്ടി നൽകിയിരുന്നത്. അന്തിമ തീരുമാനത്തിനു രാഹുൽ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം സുരേഷിനു മുൻഗണന നൽകി.
പിന്നാലെ, ഇരുവരുടെയും നിർദേശങ്ങൾ അംഗീകരിക്കാൻ സംസ്ഥാന നേതൃത്വത്തോട് രാഹുൽ ആവശ്യപ്പെട്ടു. ഇത് ഉമ്മൻ ചാണ്ടി തള്ളിപ്പറഞ്ഞതാണ് സുധാകരനെയും സതീശനെയും ശരിക്കും ചൊടിപ്പിച്ചത്. സംസ്ഥാന നേതൃത്വം തയാറാക്കിയ പട്ടികയിൽ ആലപ്പുഴയിലേക്കു പരിഗണിച്ചിരുന്ന കെ.പി. ശ്രീകുമാറിന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയുമുണ്ടായിരുന്നു. ചെന്നിത്തലയുടെ സമ്മർദം കണക്കിലെടുത്ത് ബാബുപ്രസാദ് തന്നെ പ്രസിഡന്റാവട്ടെയെന്നു വേണുഗോപാൽ ഒടുവിൽ വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു.
ഉമ്മൻ ചാണ്ടിയുമായി താൻ ചർച്ച നടത്തിയെന്നു തെളിയിക്കാൻ കെ. സുധാകരൻ വാർത്താസമ്മേളനത്തിനിടെ ഡയറിക്കുറിപ്പ് എടുത്തുകാട്ടിയിരുന്നു. സുധാകരന്റെ ഈ വാർത്താസമ്മേളന ശൈലിയും കോൺഗ്രസിൽ വ്യത്യസ്തമായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയാണ് സുധാകരൻ നൽകിയത്. ഓരോ ജില്ലയിലേക്കും ഉമ്മൻ ചാണ്ടി നിർദേശിച്ച പേരുകളാണു താൻ ഡയറിയിൽ കുറിച്ചിട്ടിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുമായി 2 തവണ ചർച്ച നടത്തി. ചർച്ചയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞത് മനോവിഷമമുണ്ടാക്കി. ഉമ്മൻ ചാണ്ടിയെ പോലൊരാൾ അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാന കോൺഗ്രസിലെ പുതിയ നേതൃനിരയ്ക്കു പൂർണ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സഹകരിക്കണമെന്നാണു ഹൈക്കമാൻഡിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായിരിക്കും സംസ്ഥാനത്തെ തീരുമാനങ്ങളുടെ പൂർണ ഉത്തരവാദിത്തം. തീരുമാനങ്ങളിൽ വീഴ്ച പറ്റിയാൽ പഴിയും അവർക്കുതന്നെ. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നയിച്ചിരുന്ന കാലത്ത് അവർ പറയുന്ന കാര്യങ്ങളാണു പരിഗണിച്ചിരുന്നത്; ഇപ്പോൾ പാർട്ടിയെ നയിക്കുന്നവരോടുള്ള സമീപനവും അങ്ങനെതന്നെ എന്നാണു രാഹുൽ ഗാന്ധിയുടെ നിലപാട്.
സതീശൻ, സുധാകരൻ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവർ ഗ്രൂപ്പുകളുടെ ഭാഗമായിരുന്നെങ്കിലും നിലവിൽ അത്തരം താൽപര്യങ്ങളില്ലെന്നാണു ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ഒരുകാലത്ത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന സിദ്ദിഖ് ഇപ്പോൾ എ ഗ്രൂപ്പുമായി അകൽച്ചയിലാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനും നേരത്തെ തന്നെ എ ഗ്രൂപ്പിനോട് ഇടഞ്ഞു നിൽക്കുകയാണ്. ബെന്നി ബെഹനാനും പഴയതു പോലെ ഉമ്മൻ ചാണ്ടിയുടെ ഗുഡ്ബുക്കിൽ ഇല്ല. കെ സി ജോസഫും കെ ബാബുവുമാണ് ഇപ്പോൾ എ ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ.
മറുനാടന് മലയാളി ബ്യൂറോ