- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസ് പഠിക്കേണ്ടതെന്ന് എൻ.പ്രശാന്തിനെ മുഖ്യമന്ത്രി അധിക്ഷേപിക്കുമ്പോഴും സത്യം പറയുന്നത് വിവരാവകാശ രേഖകൾ; ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിടും മുമ്പ് കെഎസ്ഐഎൻസി തേടിയ നിയമോപദേശത്തിന്റെ പകർപ്പ്
തിരുവനന്തപുരം: വാട്സാപ് യൂണിവേഴ്സിറ്റിയിൽ നിന്നല്ല ഐഎഎസ് പഠിക്കേണ്ടതെന്ന് കെഎസ്ഐഎൻസി എംഡി എൻ.പ്രശാന്തിനെ മുഖ്യമന്ത്രി അധിക്ഷേപിക്കുമ്പോഴും, വിവാദത്തിൽ നിന്ന് കരകയറാൻ സർക്കാർ പണിപ്പെടുമെന്ന് വ്യക്തമായി. ധാരണാപത്രത്തെ കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതോടെ കൂടുതൽ രേഖകൾ പുറത്തുവരാൻ തുടങ്ങി. എൻ പ്രശാന്ത് സർക്കാരിനോട് ആലോചിക്കാതെ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞ ധാരണാപത്രത്തെപ്പറ്റി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്ക്കരനുമായി നടത്തിയ വാട്സ്ആപ്പ് സന്ദേശത്തിന്റെ പകർപ്പ് പുറത്തുവന്നിരുന്നു. ടി.കെ.ജോസിനു എൻ.പ്രശാന്ത് അയച്ച കത്തിലാണ് ഈ വാട്സാപ് സന്ദേശങ്ങൾ ഉൾപ്പെടുത്തിയത്. അന്വേഷണം പ്രഖ്യാപിച്ചതോടെ ഈ കത്ത് ഫയലിന്റെ ഭാഗമായി. തുടർന്ന് ഔദ്യോഗിക ഫയലിന്റെ ഭാഗമാവുകയും വിവരവാകാശ നിയമപ്രകാരം പുറത്തുവരികയും ചെയ്തു. രേഖകൾ പുറത്തുവന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രിയുടെ വാദവും ഇതോടെ പൊളിഞ്ഞു. ഏറ്റവുമൊടുവിൽ കെഎസ്ഐഎൻസി തേടിയ നിയമോപദേശത്തിന്റെ പകർപ്പും വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരിക്കുകയാണ്. ധാരണാപത്രം ഒപ്പിടുന്നതിന് മുമ്പ് 2021 ഫെബ്രുവരി രണ്ടിന് ലഭിച്ച നിയമോപദേശമാണിത്.
ഹൈക്കോടതി അഭിഭാഷകനായ ബാബു ജോസഫ് കുരുവത്താഴയുടെ പേരിലാണ് നിയമോപദേശം. ഇഎംസിസിയുമായി ധാരണാപത്രം ഒപ്പുവയ്ക്കുമ്പോൾ ഉൾപ്പെടുത്തേണ്ട ചില തിരുത്തലുകളും നിരീക്ഷണങ്ങളും നിയമോപദേശത്തിലുണ്ട്. ധാരണാപത്രത്തിന്റെ അധികാരപരിധി എറണാകുളം ജില്ല എന്നത് മാറ്റി കണയന്നൂർ- കൊച്ചി താലൂക്ക് എന്നാക്കണം. നിയമതർക്കം വന്നാൽ കണയന്നൂർ താലൂക്കായിരിക്കും അധികാരപരിധി. കെഎസ്ഐഎൻസി നിർമ്മാണം തുടങ്ങും മുമ്പ് ഇഎംസിസി തുക മുൻകൂറായി അടയ്ക്കണം.
ഓരോ കപ്പലും നിർമ്മിക്കും മുമ്പ് ജിഎസ്ടിയും മറ്റു നികുതി ബാധ്യതകളും വ്യക്തമാക്കണം. സർവീസ് ചാർജ് ഇഎംസിസി മുൻകൂറായി അടയ്ക്കണം. കെഎസ്ഐഎൻസിക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ, പദ്ധതി യൂണിറ്റിന്റെ ചെലവ് ഇഎംസിസി വഹിക്കുന്ന തരത്തിൽ വ്യവസ്ഥയുണ്ടാക്കണം. 2020 ഫെബ്രുവരി 28ന് കെഎസ്ഐഡിസിയും ഇഎംസിസിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചത് സർക്കാരിന്റെ മതിയായ പരിശോധനയോട് കൂടിയെന്ന് വ്യക്തമാകുന്നു. മത്സ്യസംസ്കരണ കേന്ദ്രത്തിനായി കെഎസ്ഐഡിസി ഭൂമി നൽകിയത് ഇഎംസിസിയുടെ വിശ്വാസ്യതയും സദുദ്ദശ്യവും സർക്കാരിന്റെ താൽപര്യവും വ്യക്തമാക്കുന്നു. കപ്പൽ നിർമ്മാണവുമായി ബന്ധപ്പെട്ട് കെഎസ്ഐഎൻസിക്ക് നൽകേണ്ട പേയ്മെന്റ് ഷെഡ്യൂൾ സർക്കാരുമായി ഇഎംസിസിക്കുള്ള ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുടെ പുരോഗതിയെ ആശ്രയിച്ചാവരുതെന്നും നിയമോപദേശത്തിൽ പറയുന്നു. കെഎസ്ഐഎൻസിക്ക് കിട്ടിയ വർക്ക് ഓഡർ സർക്കാരിനെ അറിയിക്കേണ്ടതില്ലെന്നും ധാരണാപത്രം ഒപ്പിട്ട ശേഷം കെഎസ്ഐഎൻസി ബോർഡിനെ അറിയിച്ചാൽ മതിയെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, എൻ.പ്രശാന്തിന്റെ വാട്സാപ്പ് സന്ദേശങ്ങൾ പുറത്തുവന്നതോടെ, ബന്ധപ്പെട്ടവരെ വർക്ക് ഓഡർ അറിയിച്ചിരുന്നുവെന്ന് വ്യക്തമാണ്.
ധാരണാപത്രം ഒപ്പിടുന്നതിനു മുൻപും ഒപ്പിട്ട ശേഷം ആരോപണമുയർന്നപ്പോഴും കെഎസ്ഐഎൻസി നിയമോപദേശം തേടിയിരുന്നുവെന്നും ഇതോടെ വ്യക്തമായി. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്ക്കർ, അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉൾനാടൻ ജലഗാതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാർ, മുഖമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരുമായി വിവിധ ഘട്ടങ്ങളിൽ അമേരിക്കൻ കമ്പനിയുമായുള്ള ചർച്ചകളെ കുറിച്ച് കെഎസ്എൈൻസി അറിയിച്ചിട്ടുണ്ട്.
ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേന്ന് ദിനേശ് ഭാസ്ക്കർക്ക് ഇക്കാര്യം അറിയിച്ച് സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ദിനേശ് ഭാസ്ക്കർ മറുപടി നൽകുന്നു. ധാരണപത്രത്തിന്റെ ഫയലിൽ കെഎസ്ഐൻഎസി എംഡി പ്രശാന്തിന്റെ കുറിപ്പിൽ ദിനേശ് ഭാസ്ക്കറുമായി ചർച്ച ചെയ്തെന്നും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുത്തേക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി രണ്ടിന് അയച്ച് ഈ സന്ദേശത്തിൽ, ഉച്ചക്ക് 12 മണിക്ക് ധാരണാപത്രം ഒപ്പിടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
1200 കോടിരൂപയുടെ വർക്ക് ഓർഡർ കിട്ടിയെന്നും ഇതിലുണ്ട്. അന്നേ ദിവസം അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ധാരണാപത്രത്തെക്കുറിച്ച് പിആർഡി ഇറക്കിയ വാർത്താക്കുറിപ്പും വിവാദമായിരുന്നു. സർക്കാർ നയത്തിന് വിരുദ്ധമായ ഒരു ധാരണാപത്രത്തെക്കുറിച്ച് പിആർഡി വാർത്താക്കുറിപ്പ് ഇറക്കിയത് അന്വേഷിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഈ വാർത്താക്കുറിപ്പുമായി ബന്ധപ്പെട്ട ഫയലിൽ് എംഡി പ്രശാന്ത് നായർ എഴുതിയ കുറിപ്പിൽ പറയുന്നത്, സംസ്ഥാന സർക്കാരിന്റെ വലിയ നേട്ടമായി ഇക്കാര്യം അവതരിപ്പിക്കണം എന്നാണ്.
പിആർഡി വഴി വാർത്താക്കുറിപ്പ് ഇറക്കിയാൽ മതിയെന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും നിർദ്ദേശിച്ചുവെന്നാണ് കുറിപ്പിലുള്ളത്. ചുരുക്കത്തിൽ, സർക്കാരിനെ ഇരുട്ടിൽ നിർത്തിയാണ് ധാരണാപത്രം ഒപ്പിട്ടതെന്ന വാദം തെറ്റെന്ന് തെളിയിക്കുകയാണ് ഈ രേഖകൾ.
മറുനാടന് മലയാളി ബ്യൂറോ