ന്യൂഡൽഹി: ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് ഡൽഹി ലജ്പത് നഗർ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടത് അതിക്രൂര പീഡനത്തിന് ഇരയായി. നിർഭയ കേസിലേതു പോലെ രാജ്യത്തെ നടക്കുന്ന സംഭവമായിട്ടും ഈ വിഷയത്തിൽ അധികം ശബ്ദങ്ങൾ എവിടെ നിന്നും ഉയർന്നില്ല. കൊലക്കേസിൽ ഒരാളെ പൊലീസ് പ്രതിയാക്കിയെങ്കിലും ഇരയുടെ കുടുംബം പറയുന്നു യഥാർഥ കുറ്റവാളി ഇപ്പോഴും പരിധിക്ക് പുറത്താണെന്ന്. സോഷ്യൽ മീഡിയയിൽ നീതി തേടിയുള്ള ഒറ്റപ്പട്ടെ ശബ്ദങ്ങളും കാമ്പയിനുകളും നടക്കുന്നുണ്ട്. അതേസമയം രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾക്കൊന്നും ഇതൊരു വിഷയമായി മാറുന്നില്ലെന്നതും ശ്രദ്ധേയമാണ്.

അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നു സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ എന്നാണ് വാർത്തകൾ. എന്നാൽ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നും അറസ്റ്റിലായ ഒരു പ്രതി മാത്രമല്ല പിന്നിലുള്ളതെന്നും ബന്ധുക്കൾ ആരോപിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായ സിവിൽ ഡിഫൻസ് വളണ്ടിയറുടെ കൊലപാതകം പൊലീസ് രേഖകൾ പ്രകാരം ഇങ്ങനെയാണ്. ഓഗസ്റ്റ് 26-ന് കാളിന്ദി കുജ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന നിസാമുദ്ദീൻ എന്നയാൾ തന്റെ ഭാര്യയെ കൊലപ്പെടുത്തിയതായി കുറ്റം ഏറ്റു പറഞ്ഞു.

മൃതദേഹം ഹരിയാനയിലെ ഫരീദാബാദിൽ ഉപേക്ഷിച്ചുവെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. ഡൽഹി പൊലീസ് ഈ വിവരം ഹരിയാന പൊലീസിന് കൈമാറി. 27ാം തീയ്യതി ഫരീദാബാദിലെ സൂരജ് ഖുണ്ഡിൽ നിന്ന് ഇരുപത്തിയൊന്നുകാരിയായ സിവിൽ ഡിഫൻസ് വളണ്ടിയറുടെ മൃതദേഹം കണ്ടെത്തി. യുവതിയും താനും രഹസ്യമായി രജിസ്ട്രർ വിവാഹം ചെയ്തവരാണെന്നും സംശയത്തിന്റെ പേരിലാണ് ഭാര്യയെ താൻ കഴുത്തറുത്തു കൊന്നതെന്നും നിസാമുദ്ദീൻ സമ്മതിച്ചതായി പൊലീസ് പറയുന്നു. ഫരീദാബാദ് പൊലീസ് നിസാമുദ്ദീന്റെ അറസ്റ്റു രേഖപ്പെടുത്തി. എന്നാൽ മകളുടെ കൊലപാതകത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ പേരുണ്ടെന്നാണ് യുവതിയുടെ അച്ഛന്റെ ആരോപണം.

മകൾക്ക് ഇങ്ങനെയൊരു ഭർത്താവുള്ളതായി അറിയില്ലെന്ന് യുവതിയുടെ അച്ഛനമ്മമാർ വ്യക്തമാക്കി.യുവതിയെ കാണാതായതായി പരാതി ലഭിച്ച ഉടനെ അന്വഷിക്കാൻ പൊലീസ് തയ്യാറായില്ല എന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. യുവതി കൂട്ട ബലാത്സംഗത്തിനിരയായി എന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇതിന് തെളിവുകളില്ല. ശക്തമായ അടിയിലുണ്ടായ ക്ഷതമാണ് മരണകാരണമായി റിപ്പോർട്ടിൽ പറയുന്നത്.

യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാൽ വിവാഹിതയായെന്ന വിവരം യുവതി ബന്ധുക്കളിൽ നിന്ന് മറച്ചു വച്ചുവച്ചിരുന്നുവെന്നും നിസ്സാമുദ്ദീന്റെ സംശയം കാരണമാണ് ക്രൂരമായ കൊലപാതകം നടന്നതെന്നും പൊലീസ് ആവർത്തിക്കുന്നു. കേസ് പ്രത്യേക സംഘത്തിന് കൈമാറണമെന്നാണ് ബന്ധുക്കളുടെ ഇപ്പോഴത്തെ ആവശ്യം.

ജില്ലാ മജിസ്‌ട്രേറ്റിനെതിരെയും കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. പ്രതിദിനം അവിടേക്ക് 3-4 ലക്ഷം രൂപയാണ് അഴിമതിപ്പണമായി വരുന്നതെന്നും തന്നോട് പറഞ്ഞതായി പിതാവ് ആരോപിച്ചു. ഈ വിവരം അറിയാവുന്നതിനാണ് കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസിനെ വഴിതിരിച്ചുവിടാനുള്ള പദ്ധതിയാണ് ഇപ്പോൾ ഹാജരായ കൊലയാളിയെന്നാണ് കുടുംബത്തിന്റെ വാദം.

പൊലീസിൽ കീഴടങ്ങിയെന്ന് പൊലീസ് അവകാശപ്പെടുന്ന ഇയാളെ എന്തുകൊണ്ട് 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കിയില്ലെന്ന ഗുരുതരമായ സംശയവും കുടുംബം ഉയർത്തിയിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട യുവതിക്കായി സൈബർ ഇടത്തിൽ നീതി തേടിയുള്ള കാമ്പയിനുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ വിഷയത്തിൽ നിശബ്ദത പുലർത്തുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. മഹിളാ കോൺഗ്രസ് നേതാക്കൾ അടക്കം യുവതിയുടെ വീട്ടിലെത്തി നീതിക്കായി ഒപ്പം നിൽക്കുമന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ അടക്കം നീതി തേടിയുള്ള കാമ്പയിനിൽ മുമ്പിലുണ്ട്.