- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതി പ്രസവിച്ചത് ആശുപത്രിയിലെ ശുചിമുറിയിൽ; കുന്നംകുളം താലുക്ക് ആശുപത്രിക്കെതിരെ പരാതിയുമായി മുട്ടിൽ സ്വദേശിനിയുടെ കുടുംബം; അണുബാധയെ തുടർന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
തൃശ്ശൂർ: കുന്നംകുളം താലുക്കാശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് പരാതിയുമായി കുടുംബം.അഞ്ഞൂർ മുട്ടിൽ സ്വദേശിനിയാണ് കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചത്.സംഭവത്തെത്തുടർന്ന് കുഞ്ഞിന് അണുബാധയേറ്റിരിക്കുകയാണെന്നും ഇതിനാൽ തൃശ്ശുരിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്നും പരാതിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് പറയുന്നതിനങ്ങനെ; ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് യുവതിയോട് പ്രസവത്തിനായി എത്താൻ ഡോക്ടർ നിർദ്ദേശം നൽകിയത്.എന്നാൽ ഒരു ദിവസം നേരത്തെത്തന്നെ വേദന വന്നതിനാൽ യുവതി ആശുപത്രിയിലെത്തി.എന്നാൽ ഡോക്ടർ ഇല്ലെന്നും വേദനയ്ക്ക് ഒരു ഇഞ്ചക്ഷൻ എടുക്കാമെന്നും പറഞ്ഞ് നഴ്സുമാർ യുവതിക്ക് ഇഞ്ചക്ഷൻ എടുത്തുവത്രെ.എന്നാൽ യുവതിക്ക് വീണ്ടും വേദന കൂടുകയായിരുന്നു.ഇത് നഴ്സുമാരെ ധരിപ്പിച്ചപ്പോൾ വഴക്ക് പറഞ്ഞതായും യുവതി പറയുന്നു.
ഇതിനിടയിൽ ശുചിമുറിയിൽ പോയപ്പോൾ കുഞ്ഞ് പുറത്തേക്ക് വന്നു.ഇത് കണ്ട് ഭയന്ന യുവതി പുറത്തേക്കോടുകയായിരുന്നു.എന്നാൽ വരാന്തയിൽ വച്ച് തന്നെ പൊക്കിൾ കൊടി മുറിച്ചുമാറ്റി ലേബർ റൂമിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്ന് കഴിഞ്ഞ ദിവസം കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റുന്നതിനു നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെ ബന്ധുക്കളെത്തി കുഞ്ഞിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ഇവർ ആശുപത്രി ജീവനക്കാരുടെയും യുവതിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.ബന്ധുക്കൾ മന്ത്രി ഉൾപ്പടെയുള്ളവർക്കു പരാതി നൽകിയതോടെ ജില്ലാ മെഡിക്കൽ ഓഫിസർ ഉൾപ്പടെയുള്ളവർ ആശുപത്രിയിലെത്തി പരിശോധന നടത്തി.
സംഭവം പുറത്തായതോടെ വിഷയത്തിൽ ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.കുഞ്ഞിന്റെ ചികിത്സ നഗരസഭ ഏറ്റെടുക്കണമെന്നും ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിച്ചു.
മറുനാടന് മലയാളി ബ്യൂറോ