- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയുമെല്ലാം കോഴിക്കോട് വന്നിട്ടും ബാലുശ്ശേരിയിലേക്ക് വന്നില്ല; വരാൻ ഉത്തരവാദിത്തപ്പെട്ട പല നേതാക്കളും കോഴിക്കോട് നോർത്തിൽ സ്റ്റേജിൽ വെറുതെയിരിക്കുന്നതിന്റെ വീഡിയോ കണ്ടപ്പോൾ വിഷമമായി; ഇത് പട്ടികജാതി മണ്ഡലത്തോടുള്ള അവഗണന; തുറന്നടിച്ച് ധർമജൻ
തിരുവനന്തപുരം: തന്റെ പരാജയമുറപ്പിക്കാൻ കെപിസിസി സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ ശ്രമിച്ചെന്നും തന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തെന്നും കെപിസിസി പ്രസിഡന്റിന് പരാതി നൽകിയതിന് പിന്നാലെ മുതിർന്ന നേതാക്കളടക്കം മണ്ഡലത്തിലെ പ്രചരണത്തിൽ നിന്നും ഒഴിഞ്ഞുമാറിയെന്ന വിമർശനവുമായി ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന നടൻ ധർമജൻ ബോൾഗാട്ടി രംഗത്ത്. രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയുമെല്ലാം കോഴിക്കോട് ജില്ലയിൽ പ്രചാരണത്തിനു വന്നിട്ടും ബാലുശ്ശേരിയിലേക്ക് വന്നില്ലെന്നാണ് ധർമജന്റെ പരാതി. അവരെ മണ്ഡലത്തിലേയ്ക്ക് എത്തിക്കാൻ നേതാക്കളാരും താൽപര്യം കാണിച്ചില്ല. ശശി തരൂർ എംപിയുടെ പരിപാടി നിശ്ചയിച്ചെങ്കിലും നടത്താനായില്ല. അതേ സമയം ഇവിടെ വരാൻ ഉത്തരവാദിത്തപ്പെട്ട പല നേതാക്കളും കോഴിക്കോട് നോർത്തിലെ സ്ഥാനാർത്ഥിയുടെ റോഡ് ഷോയിൽ പങ്കെടുക്കുന്നതിന്റെയും സ്റ്റേജിൽ വെറുതെയിരിക്കുന്നതിന്റെയും വീഡിയോ പ്രവർത്തകർ കാണിച്ചപ്പോൾ വിഷമമായി. ഇത് പട്ടികജാതി മണ്ഡലത്തോടു കാണിച്ച അവഗണനയാണെന്നും ഇതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്നും ധർമജൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ധർമജന്റെ വിമർശനം.
ധർമജൻ നൽകിയ പരാതിയ്ക്കെതിരെ കഴിഞ്ഞ ദിവസം നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ വിഷമമാണ് ധർമജന് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അത് അടിസ്ഥാനരഹിതമാണെന്നാണ് ധർമജന്റെ വാദം. തോൽവി എന്നെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. സ്ഥാനാർത്ഥിയും സിനിമാക്കാരനും ആകുന്നതിനു മുൻപ് ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനായിരുന്നു ഞാൻ. അന്നു തിരഞ്ഞെടുപ്പുകളിൽ പണിയെടുത്തത് പണം കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടല്ല. അതുകൊണ്ടാണ് മനഃപ്രയാസം. ബാലുശ്ശേരിയിലെ പണപ്പിരിവിന്റെ കാര്യം തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഞാൻ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. പിന്നെയും ഒരു മാസം കഴിഞ്ഞല്ലേ ഫലം വന്നതും ഞാൻ തോറ്റതുമെല്ലാം. ഇപ്പോൾ ആ പരാതി രേഖാമൂലം നൽകിയെന്നേയുള്ളു. തിരഞ്ഞെടുപ്പിൽ ജയിച്ചിരുന്നെങ്കിലും ഞാൻ ഈ പരാതി നൽകുമായിരുന്നു. കാരണം എനിക്ക് അത്രയേറെ മനഃപ്രയാസമുണ്ടായി.
രണ്ടു കോൺഗ്രസ് നേതാക്കളും അവരുടെ കൂടെയുള്ള ചിലരുമാണ് ബാലുശ്ശേരിയിൽ എനിക്കെതിരെ നീങ്ങിയത്. ഞാൻ സ്ഥാനാർത്ഥിയാകുന്നു എന്നു വാർത്ത വന്നപ്പോൾ യുഡിഎഫിന്റെ മണ്ഡലം ചെയർമാൻ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ യുഡിഎഫ് മണ്ഡലം കൺവീനർ ഒപ്പിട്ടില്ല, പരാതിയിൽ ഉള്ളത് തന്റെ ഒപ്പല്ലെന്നും മണ്ഡലം കൺവീനർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലം ചെയർമാൻ തന്നെയാണ് വ്യാജ ഒപ്പിട്ടത്. ഇതേ വ്യക്തിയാണ് പിന്നീട് എന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയത്. തോൽക്കാൻ വേറെ കാരണം വേണോ? മണ്ഡലത്തിലെ കെപിസിസി സെക്രട്ടറിയുടെ പിന്തുണയും ഇയാൾക്കുണ്ടായിരുന്നു. ഇവർക്ക് മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാൻ ആഗ്രഹമുണ്ടായിരുന്നു. ആ വ്യക്തി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നു പൂർണമായും വിട്ടുനിന്നു.
സിനിമാതാരമായതു കൊണ്ടു ഞാൻ കോടിക്കണക്കിനു രൂപയുമായി മത്സരിക്കാൻ വരുന്നു എന്നാണ് ചിലർ വിചാരിച്ചത്. ഞാനൊരു സാധാരണ സിനിമാക്കാരനാണ്. എനിക്ക് കോടികളൊന്നും ചെലവഴിക്കാൻ സാധിക്കില്ല. പക്ഷേ ഒരു തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യത്തിനുള്ള പണം ചെലവാക്കിയിട്ടുണ്ട്. പണം കുറേ ചെലവാകും എന്നു പറഞ്ഞു നിരുത്സാഹപ്പെടുത്താനാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തിയപ്പോൾ ഈ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത്. പ്രചാരണം തുടങ്ങിയപ്പോൾ നിരന്തരം പണം ആവശ്യപ്പെട്ടു. ഒരു സിനിമാതാരത്തിന്റെ കയ്യിൽനിന്ന് സംഭാവനയായി ഒരു ലക്ഷം വീതം വാങ്ങിയാൽ പോരേ എന്നാണ് ഒരു നേതാവ് ചോദിച്ചത്. എന്നാൽ ഞാൻ ഒരാളുടെ കയ്യിൽനിന്നും തിരഞ്ഞെടുപ്പിനായി പണം വാങ്ങിയിട്ടില്ല. പണമില്ലെങ്കിൽ ഭാര്യയുടെ സ്വർണം വിറ്റു പണം നൽകാൻ വരെ അവർ എന്നോടു പറഞ്ഞു
എഐസിസി, കെപിസിസി ഫണ്ടുകളും ഞാൻ നൽകിയ പണവും മാത്രമാണു തിരഞ്ഞെടുപ്പിൽ ചെലവാക്കിയത്. 4 എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിൽ മണ്ഡലത്തിൽ പ്രധാന നേതാക്കൾ ഇരുന്നാണ് തിരഞ്ഞെടുപ്പിന്റെ ബജറ്റ് തയാറാക്കിയത്. ഈ തുകയിൽ എഐസിസി, കെപിസിസി ഫണ്ട് കഴിച്ചുള്ള തുക ഞാനാണ് നൽകിയത്. പിരിച്ച പൈസ ഒരിടത്തും ചെലവാക്കിയില്ല. ഞാൻ കൊടുത്ത പൈസ പോലും ബൂത്ത് കമ്മിറ്റികൾക്കു ലഭിച്ചിട്ടില്ലെന്ന് പിന്നീട് അറിഞ്ഞു. ഫണ്ട് എത്താത്തതുകൊണ്ട് ചില ബൂത്തുകളിൽ പ്രവർത്തനം നടന്നിട്ടില്ലെന്നും ധർമജൻ കൂട്ടിച്ചേർത്തു.