- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി 2.0യിലും നിർണായക റോളിൽ എം ശിവശങ്കരൻ എത്തുമോ? സസ്പെൻഷൻ കാലാവധി അടുത്ത മാസം തീരും; ഫയൽ വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയിൽ; ഒന്നര വർഷം സർവീസ് ബാക്കിയുള്ള ഉന്നത ഉദ്യോഗസ്ഥനെ തിരികെ എടുത്താൽ വിവാദം ഉറപ്പ്; പുത്തരിയിൽ കല്ലുകടിക്കാതിരിക്കാൻ നിയമോപദേശത്തിന്റെ വഴിയേ നീങ്ങാൻ സർക്കാർ
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിനെ ഏറെ വിവാദത്തിലാക്കിയ ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന എം ശിവശങ്കരൻ. സ്വർണ്ണക്കടത്തു കേസിൽ കുരുങ്ങി മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കയായിരുന്നു ഇതുവരെ. ഇതിനിടെ ഈ വിവാദങ്ങളെല്ലാം അതിജീവിച്ച് പിണറായി വിജയൻ തന്നെ വീണ്ടും കേരളാ മുഖ്യമന്ത്രിയായി. എം ശിവശങ്കരന്റെ സസ്പെൻഷൻ കാലാവധി അടുത്തമാസം അവസാനിക്കാനുമിരിക്കയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹം വീണ്ടും സർവീസിലേക്ക് എത്തുമോ എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു.
രണ്ടാം പിണറായി സർക്കാറിൽ മന്ത്രിസഭയിൽ അടക്കം അടിമുടി പൊളിച്ചെഴുത്തു വരുത്തിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരുടെ കാര്യത്തിൽ മാത്രം കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയില്ല. സി എം രവീന്ദ്രൻ അടക്കമുള്ളവർ ഇക്കുറിയും മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഇതോടെ സിഎം രവീന്ദ്രനും സുപ്രധാന അധികാര കേന്ദ്രമായി എത്തുമോ എന്ന ചോദ്യം ഉയർന്നു തുടങ്ങി. ശിവശങ്കരന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹം നിയമിതനായില്ലെങ്കിലും മറ്റൊരു പോസ്റ്റ് ലഭിക്കുമോ എന്നാണ് അറിയേണ്ടത്. അല്ലെങ്കിൽ സസ്പെൻഷൻ നീട്ടാൻ തീരുമാനം സർക്കാർ കൈക്കൊള്ളേണ്ടി വരും.
ശിവശങ്കരന്റെ കാര്യത്തിൽ തുടർ നടപടി എന്തു വേണമെന്ന കാര്യത്തിൽ പൊതുഭരണവകുപ്പ് സർക്കാരിന്റെ അഭിപ്രായം തേടി. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലാണ്. പുത്തരിയിൽ കല്ലുകടി വേണ്ട എന്നാണ് തീരുമാനമെങ്കിൽ ശിവശങ്കരൻ പുറത്തു തന്നെയാകും നിൽക്കുക. സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് എം.ശിവശങ്കറിന്റെ സസ്പെൻഷനിലേക്കു നയിച്ചത്. തുടക്കത്തിൽ മുഖ്യമന്ത്രി ശിവശങ്കരനെ കൈവിട്ടില്ലെങ്കിലും തെളിവുകൾ പുറത്തുവന്നതോടെയും സ്വപ്നയെ നിയമിച്ചതും അടക്കമുള്ള വിവാദങ്ങളിലേക്ക് കാര്യങ്ങൾ എത്തിയതോടെ മുഖ്യമന്ത്രിയും കൈവിടുകയാണ് ഉണ്ടായത്.
ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു 2020 ജൂലൈ 16ന് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കേസിൽ ശിവശങ്കറിന്റെ പങ്കിനെ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾ സർക്കാരിനു കൈമാറിയിട്ടില്ല. ശക്തമായ തെളിവുകൾ കോടതിയിലെത്തിക്കാനും കഴിഞ്ഞിട്ടില്ല. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തലുകൾ ഗുരുതര കുറ്റകൃത്യമല്ലാത്തതിനാൽ സർക്കാരിനു വേണമെങ്കിൽ സസ്പെൻഷൻ പിൻവലിക്കാം.
2023 ജനുവരി മാസംവരെ ശിവശങ്കറിനു സർവീസ് ശേഷിക്കുന്നുണ്ട്. ഒന്നര വർഷത്തോളം കാലാവധിയുള്ള ശിവശങ്കരന്റെ കേസിന്റെ കാര്യത്തിൽ കേന്ദ്ര ഏജൻസികൾ എന്തു തീരുമാനം കൈക്കൊള്ളും എന്ന് പരിശോധിച്ച ശേഷമാകും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തുടർന്നുള്ള തീരുമാനം കൈക്കൊള്ളുക. കേന്ദ്ര ഏജൻസികൾ ഉദ്യോഗസ്ഥനെ കുടുക്കുകയായിരുന്നെന്ന അഭിപ്രായം സർക്കാർ വൃത്തങ്ങളിലുണ്ടെങ്കിലും ഇക്കാര്യത്തിൽ നിയമോപദേശം അടക്കം തേടാനാണ് സർക്കാർ ഒരുങ്ങുന്ന്.
അഴിമതി കേസുകളിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥർ മുൻപ് സസ്പെൻഷനുശേഷം സർവീസിലേക്കു തിരിച്ചു വന്നിട്ടുണ്ട്. ക്രിമിനൽ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാരിനു സസ്പെൻഡ് ചെയ്യാം. അഴിമതിക്കേസ് അല്ലെങ്കിൽ സസ്പെൻഷൻ കാലാവധി ഒരു വർഷമാണ്. അതിനുശേഷം സസ്പെൻഷൻ കാലാവധി നീട്ടണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതി വേണം. ഇല്ലെങ്കിൽ സസ്പെൻഷൻ സ്വമേധയാ പിൻവലിക്കപ്പെടും. പരമാവധി രണ്ടുവർഷം മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻഷനിൽ നിർത്താൻ കഴിയൂ. ആദ്യം 30 ദിവസത്തേക്കും പിന്നീട് 60ഉം 90ഉം ദിവസങ്ങളായാണ് സസ്പെൻഷൻ നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ