- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി കുട്ടികൾക്ക് പ്രഥമ പരിഗണന നൽകി മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ആദിവാസി കുട്ടികൾക്ക് പ്രഥമ പരിഗണന നൽകി മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഡിജിറ്റൽ വിഭജനമില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനാകണം. കോവിഡ് വ്യാപനം ഏതു ഘട്ടംവരെയെന്ന് പറയാൻ കഴിയില്ല. അതുകൊണ്ട് ഡിജിറ്റൽ വിദ്യാഭ്യാസം വേണ്ടിവരുമെന്ന് പൊതുവെ കാണണം. പാഠപുസ്തകം പോലെ ഡിജിറ്റൽ ഉപകരണവും കുട്ടിക്ക് സ്വന്തമായി ഉണ്ടായാലേ പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ. ഉപകരണങ്ങൾ ഉള്ളവരും ഇല്ലാത്തവരുമുണ്ട്. ഇല്ലാത്തതുകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുകൂടാ. ഉപകരണം ഉണ്ടായിട്ടും കണക്ടിവിറ്റി ഇല്ലാത്ത പ്രശ്നവും ഉണ്ട്. അത്തരം പ്രശ്നങ്ങൾ എല്ലാ ജില്ലകളിലും ഉണ്ട്. ആ പ്രദേശങ്ങൾ കണ്ടെത്തണം. അവിടെ കണക്ടിവിറ്റി ഉറപ്പിക്കാനുള്ള നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ആദിവാസി മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻഗണന നൽകണം. വൈദ്യുതി ബന്ധമില്ലാത്ത സ്ഥലങ്ങളിൽ ജനറേറ്ററുകളും സൗരോർജ്ജവുമുൾപ്പെടെ ഉപയോഗിക്കാൻ ശ്രമിക്കും. ഊര് അടിസ്ഥാനത്തിൽ കുട്ടികൾക്ക് പഠിക്കാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാനുള്ള സാമ്പത്തിക ബാധ്യത താങ്ങാൻ ഉദാരമതികളുടെ സംഭാവന സ്വീകരിക്കേണ്ടി വരും. വ്യക്തികൾ, സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവയിൽ നിന്നും സഹായം സ്വീകരിക്കാം.
ഇതിന് പ്രത്യേക നിധി രൂപീകരിക്കും. ഇന്റർനെറ്റ് പ്രൊവൈഡർമാർ ഈടാക്കുന്ന സർവീസ് ചാർജ്ജ് സൗജന്യമായി നൽകാൻ അഭ്യർത്ഥിക്കും. സൗജന്യ നിരക്കിലും ആവശ്യപ്പെടും. എത്ര കുട്ടികൾക്ക് സൗകര്യം വേണമെന്ന് സ്കൂൾ പി.ടി.എ.കൾ കണക്കാക്കണം. പൂർവ്വ വിദ്യാർത്ഥികൾ, ഉദാരമതികൾ, പ്രവാസികൾ മുതലായവരിൽ നിന്നും സഹായം സ്വീകരിക്കാം. ഇതിനായി വിപുലമായ ക്യാമ്പയിൻ നടത്തണം. ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സെക്രട്ടറിതല കമ്മിറ്റി രൂപീകരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് ഡെസ്ക്