- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തരം ആരോപണം ഉയർത്തുന്നത് ജഡ്ജിയുടെ മനോവീര്യം തകർക്കും; ജഡ്ജിയെ ജോലി ചെയ്യാൻ അനുവദിക്കണം; വിചാരണ കോടതിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സുപ്രീംകോടതി; നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം പരമ്മോന്നത കോടതി തള്ളി; പ്രോസിക്യൂട്ടറെ നിയമിക്കും വരെ വിചാരണ വൈകും; സർക്കാർ നേരിട്ടത് വമ്പൻ തിരിച്ചടി
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സർക്കാരിന്റെയും നടിയുടെയും ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതാണ് ശരിവയ്ക്കുന്നത്. ജഡ്ജിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജഡ്ജിയെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ കേസിലെ വിചാരണ കോടതിയിൽ തുടരും.
അതിനെതിരെയാണ് സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന പല മൊഴികളും രേഖപ്പെടുത്തിയില്ല എന്നും നടി ആരോപിച്ചിരുന്നു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സർക്കാരും ആവശ്യപ്പെട്ടെങ്കിലും അത് ഹൈക്കോടതി അംഗീകരിച്ചില്ല.കേസിലെ വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്. കേസിൽ തന്റെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് നൽകിയ അപേക്ഷയും കോടതി പരിഗണിച്ചിരുന്നു. വിചാരണ കോടതിയുടെ തീരുമാനങ്ങൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാം എന്നും സുപ്രീംകോടതി പറഞ്ഞു. കോടിക്കെതിരെ സർക്കാർ നടത്തിയ പരമാർശങ്ങൾ ഒഴിവാക്കേണ്ടതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഇത്തരം ആരോപണം ഉയർത്തുന്നത് ജഡ്ജിയുടെ മനോവീര്യം തകർക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജഡ്ജിയെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും വിചാരണ കോടതിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും വരെ വിചാരണ നടത്തരുതെന്ന സർക്കാർ ആവശ്യം അംഗീകരിച്ചു. ഇതു മാത്രമാണ് ഏക ആശ്വാസം. നേരത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഈ നിർദ്ദേശം സർക്കാർ മുമ്പോട്ട് വച്ചത്. ഇത് അംഗീകരിച്ചെങ്കിലും ബാക്കിയെല്ലാം തള്ളിയത് സർക്കാരിന് വലിയ തിരിച്ചടിയാണ്.
ജസ്റ്റിസ് എ.എം ഖാൻവിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ട ശേഷം തള്ളിയത്. ജഡ്ജിക്കെതിരെ അനാവശ്യ വാദങ്ങളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇത് ജഡ്ജിയുടെ മനോവീര്യം തകർക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. വലിയ തോതിലുള്ള മാധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാൽ ജഡ്ജിക്ക് അതുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം പരാമർശങ്ങൾ ജഡ്ജിക്കെതിരെയോ കോടതിക്കെതിരെയൊ ഉണ്ടാകാൻ പാടുള്ളതല്ലെന്ന നിരീക്ഷണവും സുപ്രീം കോടതി മുന്നോട്ട് വെച്ചു.
രഹസ്യ വിചാരണയായിട്ടും 20തോളം അഭിഭാഷകരുടെ സാന്നിധ്യം കോടതിയിലുണ്ടായിരുന്നുവെന്നും ഇരയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും വിചാരണ കോടതി ജഡ്ജിയിൽ നിന്നുണ്ടായിരുന്നുവെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സുപ്രീം കോടതി ഈ വാദങ്ങൾ മുഖവിലയ്ക്കെടുത്തില്ല. അതേ സമയം പബ്ലിക്ക് പ്രോസിക്യൂട്ടർ രാജിവച്ച സാഹചര്യത്തിൽ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചു.
മറുനാടന് മലയാളി ബ്യൂറോ