കണ്ണൂർ: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡിൽ കേരളത്തിന്റെ മുന്നണി പോരാളിയായിരുന്ന ഡോക്ടർ മുഹമ്മദ് അഷീലിന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പുതിയ നിയമനം. ഒന്നാം പിണറായി സർക്കാരിൽ സാമൂഹ്യസുരക്ഷാ മിഷൻ ഡയറക്ടർ സ്ഥാനത്തു പ്രവർത്തിച്ച ഡോക്ടർ മുഹമ്മദ് അഷീലിന്റെ ഏകോപന മിടുക്കാണ് കോവിഡ് നിയന്ത്രണങ്ങളിൽ നിർണായകമായത്.

ആരോഗ്യമന്ത്രി കെ.കെ ശൈലജ ലോകമെങ്ങും പ്രകീർത്തിക്കപ്പെട്ടതും അഷീലിന്റെയും ടീമിന്റെയും ഊർജ്ജസ്വലങ്ങളായ പ്രവർത്തനങ്ങൾ കാരണമായിരുന്നു. സോഷ്യൽമീഡിയയിലൂടെ മന്ത്രി കെ.കെ ശൈലജയ്ക്കു ഇതു ഏറെ പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തു. കോവിഡ് കാലത്ത് കേരളം തീർത്ത പ്രതിരോധത്തിന് നിരവധി രാജ്യന്തര അംഗീകാരങ്ങളാണ് കെ.കെ ശൈലജയെ തേടിയെത്തിയത്. ലോക പ്രശസ്ത ഫോബ്സ് മാസികയുടെ കവർ ചിത്രമായി പോലും കേരളത്തിന്റെ ആരോഗ്യ മന്ത്രി തെരഞ്ഞെടുക്കപ്പെട്ടു.

ബി.ബി.സിയിൽ കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതിനായി വിവിധരാജ്യങ്ങളിലെ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ഇന്ത്യയിലെ ആരോഗ്യമന്ത്രിമാരെ പ്രതിനിധീകരിച്ചത് കെ.കെ ശൈലജയായിരുന്നു. ഇതോടെയാണ് തനിക്കു മുകളിൽ വളരുന്നുവെന്ന തോന്നലുണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നേരിട്ട് ഏറ്റെടുത്തത്. ഇതോടെ അന്നുവരെ തിളങ്ങിയിരുന്ന മന്ത്രി കെ.കെ ശൈലജയ്ക്കു മുഖ്യമന്ത്രിയുടെ ഇടതു ഭാഗത്ത് നിസഹായമായി ഇരിക്കേണ്ടി വന്നു.

രണ്ടാം പിണറായി സർക്കാരിൽ മന്ത്രി സ്ഥാനത്തു നിന്നും കെ.കെ ശൈലജ ഒഴിവാക്കപ്പെടാൻ തന്നെ കാരണം അവർ നേടിയ ആഗോള പ്രശസ്തിയായിരുന്നു എന്ന വാദം സജീവ ചർച്ചയായിരുന്നു. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യവകുപ്പിന് ഊർജ്ജവും ദിശാബോധവും പകർന്ന ആരോഗ്യപ്രവർത്തകരിലൊരാളായിരുന്നു ഡോ.മുഹമ്മദ് അഷീലിൽ. ചാനലുകൾ നടത്തിയ കോവിഡ് ചർച്ചകളിൽ വളരെ കൃത്യമായും ശാസ്ത്രീയമായും കാര്യങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ഡോക്ടർ അഷീലിന്റെ ഇടപെടലുകൾ ഏറെ കൈയടി നേടിക്കൊടുത്തിരുന്നു.

തൃശൂർ കേന്ദ്രമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ഈ ചുമതലകളിൽ നിന്നുമെല്ലാം ഒഴിവാക്കിയാണ് ഡോക്ടർ മുഹമ്മദ് അഷീലിന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നിയമനം നൽകിയത്. പയ്യന്നൂർ ആശുപത്രിയിൽ കാഷ്വലിറ്റി മെഡിക്കൽ ഓഫിസറായിട്ടാണ് അദ്ദേഹത്തിന് നിയമനം നൽകിയിട്ടുള്ളത്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി കെ.കെ ശൈലജയ്ക്കു അമിതമായ പ്രാധാന്യം ലഭിക്കുന്നതിനായി ഡോക്ടർ അഷീൽ സോഷ്യൽ മീഡിയയിൽ ഇടപെടലുകൾ നടത്തിയതെന്ന ആരോപണം ശക്തമായതിനെ തുടന്നാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോലും പോസ്റ്റിങ് നൽകാതെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അപ്രധാനമായ കസേരയിൽ ഒതുക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.