പത്തനംതിട്ട: സൗന്ദര്യ മത്സരം വിവാഹം കഴിഞ്ഞ സ്ത്രീകൾക്കുള്ളതല്ലെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അതിന് ഒരു അപവാദമാവുകയാണ് പത്തനംതിട്ട നാരങ്ങനാത്തുകാരിയും ഐടി സംരംഭകയുമായ ഡോ. ശശിലേഖ നായർ. കാരണം, 2021 ലെ മിസിസ് ഗ്രാൻഡ് യൂണിവേഴ്സ് കിരീടം ഇപ്പോൾ ശശിലേഖയുടെ ശിരസിലാണുള്ളത്.

25 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളിൽ നിന്നാണ് ശശിലേഖ കിരീടത്തിന് അർഹയായത്. മനിലയിൽ നടക്കേണ്ടിയിരുന്ന രാജ്യാന്തര മത്സരം കോവിഡിനെ തുടർന്ന് ബംഗളൂരുവിൽ ഓൺലൈനായാണ് സംഘടിപ്പിക്കപ്പെട്ടത്. പത്തനംതിട്ട നാരങ്ങാനം കാട്ടൂർ തലത്താഴെ പെരുന്തോലിൽ റിട്ട. സുബേദാർ മേജർ പി. ശശിധരൻ നായരുടെ മകളും ഓമല്ലൂർ സ്വാതി നിലയത്തിൽ രാജീവ് കുമാർ പിള്ളയുടെ ഭാര്യയുമാണ് ശശിലേഖ.

തിരുവനന്തപുരം ടെക്നോ പാർക്കിലെ ഐ.ടി കമ്പനിയായ ഐ.ക്യു മെട്രിക്സ് ഇൻഫോവേയ്സ് സൊല്യൂഷന്റെ സി.ഇ.ഓ ആണ്. ബംഗളൂരുവിൽ സ്ഥിര താമസക്കാരിയായ ശശിലേഖ 2018 ൽ മിസിസ് ഏഷ്യ ഇന്റർനാഷണൽ ചാമിങ്, മിസിസ് ഇന്ത്യ, കേരള കിരീടങ്ങളും നേടിയിരുന്നു. 2018 ലാണ് സൗന്ദര്യമത്സര രംഗത്തേക്ക് കടക്കുന്നത്. മിസിസ് ക്ലാസിക് ഗ്രാൻഡ് യൂണിവേഴ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മിസിസ് ഗ്രാൻഡ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്. കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കിൽ സ്ത്രീകൾക്ക് ഒരു മേഖലയും അന്യമല്ലെന്നും ശശിലേഖ ചൂണ്ടിക്കാട്ടി.

ചെറുപ്പത്തിൽ തന്നെ ഭരതനാട്യം പഠിച്ചിരുന്നു. ഇത്തവണത്തെ മത്സരത്തിന് സ്റ്റേജ് ഇനമായി ഭരതനാട്യം ചെയ്താണ് അയച്ചു കൊടുത്തത്. ലോകപരിചയവും കാഴ്ചപ്പാടുകളും മത്സരത്തിൽ ഒരു വിഷയമാണ്. സൗന്ദര്യ മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ തെറ്റില്ല. ഇതിലൂടെ മറ്റുള്ളവർക്ക് നമ്മൾ പ്രചോദനമാകുകയാണെന്ന് ശശിലേഖ വിലയിരുത്തി. സൗന്ദര്യ മത്സരമോ അഭിനയമോ ഒരു തൊഴിലായി കാണുന്നില്ലെന്നും അവർ പറഞ്ഞു.

പെൺകുട്ടികൾ സ്വയംപര്യാപ്തതയിലേക്കു നീങ്ങണം. വിവാഹപ്രായം 21 ആക്കുന്നതിനോടു യോജിപ്പുണ്ട്. ഇപ്പോഴത്തെ നിലയിൽ പെൺകുട്ടികൾക്ക് ഇതു നല്ലതാണ്. പക്ഷേ നിയമം ആയിക്കഴിയുമ്പോൾ മാത്രമേ ഇതിൽ എന്തെങ്കിലും പോരായ്മകളുണ്ടോയെന്നു കാണാനാകൂവെന്നും ശശിലേഖ പറഞ്ഞു.

മൈക്രോബയോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയ ശശിലേഖക്ക് ഹ്യൂമാനിറ്റീസിൽ ഹോണററി ഡോക്റേറ്റുമുണ്ട്. ഭരതനാട്യം നർത്തകി കൂടിയായ ശശിലേഖ സ്ത്രീ ഉന്നമന മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. റിട്ട. അദ്ധ്യാപിക കെ.വി. വിജയമ്മ മാതാവും സ്വാതി, ജാൻവി എന്നിവർ മക്കളുമാണ്.

കുടുംബജീവിതവും സൗന്ദര്യ മത്സരവും ഒന്നിച്ചു കൊണ്ടുപോകുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് ഡോ. ശശിലേഖ നായർ. കുടുംബത്തിന്റെ പൂർണ പിന്തുണയിലാണ് താൻ മത്സരവേദിയിലെത്തുന്നതെന്ന് ശശിലേഖ പറഞ്ഞു. മിസിസ് ഗ്രാൻഡ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയശേഷം ഇതാദ്യമായി നാട്ടിലെത്തിയ ശശിലേഖ പത്തനംതിട്ട പ്രസ്‌ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിൽ പങ്കെടുക്കുകയായിരുന്നു.

ചെറുപ്പത്തിൽ പഠനത്തിലും പിന്നീട് കുടുംബജീവിതത്തിലും ബിസിനസിലും ശ്രദ്ധിച്ചിരുന്ന താൻ 2018ലാണ് സൗന്ദര്യമത്സരത്തിലേക്കു കാലെടുത്തുവച്ചതെന്ന് ശശിലേഖ പറഞ്ഞു. നടൻ മോഹൻലാലിന്റെ ബന്ധു കൂടിയാണ് ശശിലേഖ. എന്നാൽ, അഭിനയരംഗത്തേക്ക് കടക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ശശിലേഖ പറഞ്ഞു.