- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്ത് പിടിമുറുക്കി കഞ്ചാവ് മാഫിയ; റെയ്ഡിന് എത്തുന്ന ഉദ്യോഗസ്ഥരെ നേരിടാൻ എന്തിനും സജ്ജം; തിരുവനന്തപുരത്ത് പൊലീസിന് നേരെ ബോംബേറ്; മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം; മാഫിയാ സംഘത്തിൽ പെട്ട രണ്ടുപേർ പിടിയിൽ, തോക്ക് കണ്ടെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. തലസ്ഥാന നഗരത്തിലും പ്രദേശത്തുമായ കഞ്ചാവ് മാഫിയയുടെ വിളയാട്ടമാണ്. പൊലീസിനെയും എക്‌സൈസ് സംഘത്തെയും നേരിടാൻ രണ്ടും കൽപ്പിച്ചാണ് ഇവരുടെ ഇപ്പോഴത്തെ നീക്കങ്ങൾ. പ്രായപൂർത്തിയാകാത്തവരെയും കെണിയിലാക്കുന്ന മയക്കുമരുന്നു സംഘം രണ്ടും കൽപ്പിച്ചുള്ള നീക്കങ്ങളാണ് ഇപ്പോൾ നടത്തുന്നത്. കിള്ളിപ്പാലത്ത് പൊലീസ് സംഘത്തിന് നേരെ മയക്കുമരുന്നു സംഘം ആക്രമണം നടത്തി.
പൊലീസിന് നേരെ സംഘം ബോംബെറിഞ്ഞാണ് ആക്രമണത്തിന് തുനിഞ്ഞത്. കിള്ളി ടവേഴ്സ് ലോഡ്ജിൽ പരിശോധനയ്ക്ക് എത്തിയ പൊലീസിന് നേരെയാണ് ആക്രമണം നടത്തിയത്. രണ്ടുപേരെ പൊലീസ് പിടികൂടി. രണ്ടുപേർ ഓടിരക്ഷപ്പെട്ടു. രജീഷ്, പ്രായപൂർത്തിയാകാത്ത മറ്റൊരു കൗമാരക്കാരനുമാണ് പിടിയിലായത്.
പൊലീസ് എത്തുന്നത് അറിഞ്ഞ് രക്ഷപെടാൻ വേണ്ടി സംഘം ആക്രമണത്തിന് സജ്ജമാകുകയായിരുന്നു. ബോംബ് എറിഞ്ഞ ശേഷം ഇവർ ഹോട്ടലിന്റെ മൂന്നാംനിലയിൽ നിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇതിൽ ഒരാൾ സമീപത്തെ കടയിലേക്ക് ഓടിക്കയറി. എന്നാൽ കടക്കാർ ഒളിക്കാൻ അനുവദിച്ചില്ല. തുടർന്ന് ഓട്ടോസ്റ്റാന്റിലെത്തിയ പ്രതി ഷർട്ട് ധരിക്കാതിരുന്നത് ശ്രദ്ധിച്ച ഓട്ടോ ഡ്രൈവർമാർ ഓട്ടോ എടുക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഇവരിൽനിന്ന് അഞ്ചുകില കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും കണ്ടെടുത്തിട്ടുണ്ട്. മൂന്നു തോക്കുകളും രണ്ടുവെട്ടുകത്തികളും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇതാദ്യമായിട്ടല്ല പൊലീസിന് നേരെ കഞ്ചാവ് സംഘം ആക്രമണം നടത്തുന്നത്. നേരത്തെയും തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം നടന്നിരുന്നു.
കുറ്റിച്ചൽ നെല്ലിക്കുന്നിലാണ് ജൂലൈയിൽ പൊലീസിന് നേരെ ആക്രമണം നടന്നത്. നെല്ലിക്കുന്ന് കോളനിയിൽ പരിശോധനയ്ക്ക് എത്തിയ നെയ്യാർ പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം. പൊലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഘം, പൊലീസ് ജീപ്പ് പൂർണമായും അടിച്ചുതകർത്തു. കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ സിപിഒ ടിനോ ജോസഫിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ