- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിക്കെതിരായ കേസെടുത്തത് ഗൗരവത്തോടെ കണ്ട് അമിത്ഷാ; കേന്ദ്ര ഏജൻസികൾക്കെതിരെ കേസെടുക്കുന്ന പ്രവണത മുളയിലേ നുള്ളണമെന്ന് പൊതുവികാരം; ഭരണഘടനാപ്രശ്നം ചൂണ്ടിക്കാട്ടി കേസ് സുപ്രീംകോടതിയിൽ എത്തിക്കാൻ കേന്ദ്രനീക്കം; ഹൈക്കോടതിയിലെ കേസിലെ വിധി എതിരായാൽ പോരാട്ടം പരമോന്നത കോടതിയിൽ
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരെ കേസെടുത്തു കൊണ്ട് കേരളം പുതിയശീലത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. കേന്ദ്രം സംസ്ഥാന സർക്കാറുകളെ വിരട്ടാനും നിലയ്ക്കു നിർത്താനുമാണ് എൻഫോഴ്സ്മെന്റിനെ ഉപയോഗിക്കുന്നത് എന്നത് വ്യക്തമാണ്. ഈ സാഹചര്യത്തിൽ ഇഡിക്കെതിരായ കൗണ്ടർ കേസിനെ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്. ഈ കീഴ്വഴക്കം മറ്റു സംസ്ഥാനങ്ങളും പിന്തുടർന്ന് അസാധാരണ സാഹചര്യം ഉണ്ടാകും. ഇത്തരമൊരു സാഹചര്യം മുളയിലേ നുള്ളണം എന്നതാണ് പൊതുവികാരം. അതുകൊണ്ട് ക്രൈംബ്രാഞ്ച് എടുത്ത കേസിന്റെ തുടർവാദം ഇന്നു ഹൈക്കോടതിയിൽ നടക്കുമ്പോൾ വിധി എതിരായാൽ കേസ് ഉടനെ സുപ്രീംകോടതിയിൽ എത്തിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
ഇതുസംബന്ധിച്ച് ഇഡിക്ക് ഡൽഹിയിൽ നിന്നു നിർദ്ദേശം ലഭിച്ചു. എഫ്ഐആർ റദ്ദാക്കുക അല്ലെങ്കിൽ സിബിഐ അന്വേഷണത്തിനു വിടുക എന്നതാണ് ഇഡി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയതും വാദിച്ചതും. ക്രൈംബ്രാഞ്ചിന്റെ കേസിനെതിരെ ഇഡി ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണൻ ആണു ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവേ കേസ് സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചില്ല.
ഇഡിക്കു വേണ്ടി രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകരിലൊരാളായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഡിഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു, എം.നടരാജൻ, ടി.എ. ഉണ്ണിക്കൃഷ്ണൻ എന്നിവരുമാണു ഹാജരായത്. വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നുമാണ് ഇഡി വാദിച്ചത്. ഇഡിയുടെ ഹർജി നിലനിൽക്കില്ലെന്നു വാദിച്ച സർക്കാർ, കൂടുതൽ സമയം വാദത്തിനു വേണമെന്ന് ആവശ്യപ്പെട്ടതിനാലാണു കേസ് ഇന്നത്തേക്കു വച്ചത്.
ഇന്നു വിധി എതിരായാൽ ഡിവിഷൻ ബഞ്ചിലേക്കു പോകേണ്ടെന്നാണ് ഇഡിക്കു കിട്ടിയ നിയമോപദേശം. കേന്ദ്ര ഏജൻസികൾക്കെതിരെ കേസെടുക്കുന്ന പ്രവണതയിലെ അപകടവും ഭരണഘടനാപ്രശ്നവും സുപ്രീംകോടതിയിൽ എത്തിക്കാനാണു കേന്ദ്രനീക്കം. കേസെടുത്തത് കേന്ദ്രം അതീവ ഗൗരവമായി കാണുന്നുവെന്ന സൂചനകളും പുറത്തുവന്നു. ആഭ്യന്തരമന്ത്രി അമിത്ഷാ ഉൾപ്പെടെ ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഭരണഘടനാ വിരുദ്ധവും ഫെഡറൽ സംവിധാനത്തെ തകർക്കുന്നതും ആണെന്ന ആരോപണം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ഉയർത്തി.
അതേസമയം ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസിൽ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്നും ഈ ഘട്ടത്തിൽ റദ്ദാക്കരുതെന്നും സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ക്രൈംബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കുകയോ സിബിഐ.ക്ക് വിടുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഇ.ഡി. സോണൽ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ സ്വന്തംനിലയിൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറി എംപി. പ്രിയമോൾ സത്യവാങ്മൂലം സമർപ്പിച്ചു. ഇ.ഡി. ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.
ഹർജിക്കാരനെ കേസിൽ പ്രതിചേർത്തിട്ടില്ല. അതിനാൽ ആവശ്യമുന്നയിക്കാനാവില്ല. വ്യക്തിപരമായി ഹർജി നൽകാമെന്ന് കരുതിയാൽപ്പോലും അതിനൊപ്പം ഔദ്യോഗികരേഖകൾ ഹാജരാക്കിയത് അനുവദനീയമല്ല. പ്രഥമവിവര റിപ്പോർട്ടിനെ ചോദ്യംചെയ്യുന്നതിനപ്പുറം ചില മൊഴികൾ പൊതുമണ്ഡലത്തിൽ കൊണ്ടുവരികയെന്ന ഗൂഢലക്ഷ്യമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കേന്ദ്ര ഏജൻസികൾ അടുത്തിടെ നടത്തിയ അന്വേഷണത്തെ മുൻനിർത്തി ചില ആക്ഷേപങ്ങളും ഊഹാപോഹങ്ങളും മറ്റും പുറത്തെത്തിക്കുകയായിരുന്നോ ലക്ഷ്യമെന്ന് ആശങ്കയുണ്ട്. അതുവഴി സംസ്ഥാനരാഷ്ട്രീയത്തിലെ ചിലരെ കരിവാരിത്തേക്കുകയാവാം ഉദ്ദേശ്യം- തുടങ്ങിയ കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്.
മൊഴി ചോർന്നത് അന്വേഷിക്കാൻ പറഞ്ഞത് ഇ.ഡി.
മൊഴിയിൽ ചില കാര്യങ്ങൾ പറയാൻ ഇ.ഡി. സമ്മർദം ചെലുത്തിയെന്ന് സ്വപ്നയുടെ ശബ്ദസന്ദേശം പ്രചരിച്ചിരുന്നു. അത് എങ്ങനെ ചോർന്നെന്ന് അന്വേഷിക്കാൻ ജയിൽ ഡി.ജി.പി.യോട് ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. പ്രാഥമികാന്വേഷണത്തിൽ അത് സ്വപ്നയുടേതുതന്നെയാണെന്ന് സൂചനലഭിച്ചതിനാലാണ് പ്രത്യേകസംഘം കേസെടുത്ത് അന്വേഷിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
സ്വപ്നയുടെ എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാരുടെ മൊഴി ശബ്ദസന്ദേശം സ്വപ്നയുടേതാണെന്ന് സൂചിപ്പിക്കുന്നതാണ്. സ്വപ്നയുടെയും രണ്ട് വനിതാ പൊലീസുകാരുടെയുമുൾപ്പെടെ ഇരുപതോളം പേരുടെ മൊഴിയെടുത്തെന്നിരിക്കേ പ്രാഥമികാന്വേഷണം പ്രഹസനമാണെന്ന വാദം ശരിയല്ല.
പ്രത്യേകാന്വേഷണസംഘം രണ്ട് വനിതാ പൊലീസുദ്യോഗസ്ഥരുടെ മൊഴിയെടുത്തിട്ടുണ്ട്. അത് ശബ്ദസന്ദേശത്തിലെ ആക്ഷേപം ശരിവെക്കുന്നതാണ്. അതിനാൽ അന്വേഷണം തുടരാൻ പൊലീസിന് ബാധ്യതയുണ്ടെന്നാണ് സർക്കാർ നിലപാട്. അതിനെതിരേ ഈ ഘട്ടത്തിൽ ഹർജി നൽകാനാവില്ല. പ്രഥമവിവര റിപ്പോർട്ടിലെ ആക്ഷേപം കെട്ടിച്ചമച്ചതാണെന്ന വാദം ശരിയല്ല. എം. ശിവശങ്കർ ഭരണസംവിധാനത്തെ സ്വാധീനിച്ച് ഇ.ഡി.ക്കെതിരേ തെളിവുണ്ടാക്കുന്നെന്നുള്ള ആക്ഷേപവും ശരിയല്ല. അതിനാധാരമായി തെളിവൊന്നും ഹാജരാക്കിയിട്ടില്ല. സത്യവാങ്മൂലത്തിൽ പറയുന്നു.
അതിനിടെ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ സന്ദീപ് നായർ അടക്കം 5 പ്രതികളെ മാപ്പുസാക്ഷികളാനുള്ള നടപടികൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി പൂർത്തിയാക്കി. സന്ദീപിനു പുറമേ, മുഹമ്മദ് അൻവർ, മുസ്തഫ, അബ്ദുൽ അസീസ്, നന്ദഗോപാൽ എന്നിവരെ കേസിൽ മാപ്പുസാക്ഷികളാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ഹർജി. ഇന്നലെ, അടച്ചിട്ട കോടതി മുറിയിൽ പ്രതികളെ കേട്ട കോടതി ഇന്നു വിധിപറയും.
മറുനാടന് മലയാളി ബ്യൂറോ