ദുബായ്: യു.എ.ഇയിൽ ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ശേഷം വിവിധ എമിറേറ്റുകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 2.3 രേഖപ്പെടുത്തിയ ഭൂചലനം യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്.

തെക്കൻ ഇറാനിൽ റിക്ടർ സ്‌കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനമാണ് യു.എ.ഇയിൽ അനുഭവപ്പെട്ടതെന്നാണ് വിലയിരുത്തൽ. ദുബൈയിലടക്കം വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതോടെ വലിയ കെട്ടിടങ്ങളിൽ നിന്ന് പരിഭ്രാന്തരായി ആളുകൾ പുറത്തിറങ്ങി.

 

ഇറാനിലെ ബന്ദർ അബ്ബാസിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് യുഎഇയിലെ പലയിടത്തും നേരിയ തോതിൽ അനുഭവപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം വൈകീട്ട് 3.38നാണ് പ്രകമ്പനം ഉണ്ടായത്. അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല. 

തെക്കൻ ഇറാനിൽ വൈകിട്ട് 4.07 ന് റിക്ടർ സ്‌കെയിലിൽ 6.0, 6.3 രേഖപ്പെടുത്തിയ രണ്ടു ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. ഇറാനിലെ ബാന്ദർ അബ്ബാസിന് 62 കിലോമീറ്റർ മാറിയാണ് ഇതിൽ ഒരു ഭൂചലനം രേഖപ്പെടുത്തിയത്.

ഇതിനു പിന്നാലെയാണ് ഗൾഫ് മേഖലയിൽ ചിലയിടത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 4.4, 4.1 രേഖപ്പെടുത്തിയ രണ്ട് തുടർ ചലനങ്ങളും ഇറാനിൽ രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.

 

ദുബായ്, ഷാർജ, റാസൽഖൈമ തുടങ്ങിയ ഇടങ്ങളിൽ ചിലയിടത്ത് ബഹുനില കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ദുബായ് എക്‌സ്‌പോയിലെ ചില കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നു. തെരുവിൽ ഇറങ്ങിയവരുടെ ചിത്രങ്ങളും വിഡിയോയും മറ്റും ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു.

ഫ്‌ളാറ്റിൽ കഴിഞ്ഞിരുന്നവരും കെട്ടിടത്തിന് വെളിയിലിറങ്ങി. ദുബായ് ഡൗൺടൗൺ, ഖിസൈസ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.

 

സംഭവത്തിൽ ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. ഔദ്യോഗിക വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളു. സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, ഒമാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും ഭൂചലനമുണ്ടായതായാണ് റിപ്പോർട്ട്.

ദുബായിലെ ജനവാസ മേഖലയിൽ ഭൂചനലം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നാലെ വ്യക്തത കൈവരുകയുള്ളു.