- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം ശിവശങ്കരന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ ഇഡിയുടെ നീക്കം; സ്വർണ്ണക്കടത്തുകാരെയും സഹായിച്ചു സമ്പാദ്യം ഉണ്ടാക്കിയെന്ന നിഗമനത്തിൽ ഇഡി; ഭാഗിക കുറ്റപത്രം സമർപ്പിക്കുന്നത് ജാമ്യം ലഭിച്ച് പുറത്തിറങ്ങാതിരിക്കുന്നതിന്റെ ഭാഗം; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മേൽ ഇഡി കുരുക്കു മുറുക്കുമ്പോൾ നെഞ്ചിടിക്കുന്നത് രവീന്ദ്രനും
തിരുവനന്തപുരം: സ്വർണ്ക്കടത്തു കേസിൽ തനിക്ക് ഒന്നുമറിയില്ലെന്ന് തന്നെയാണ് എം ശിവശങ്കരൻ ഇപ്പോഴും പറയുന്നത്. എന്നാൽ, താൻ പ്രതിയല്ലെന്നും അദ്ദേഹം വാദിക്കുന്നു. അങ്ങനെയുള്ള ശിവശങ്കരന്റെ എല്ലാ സമ്പാദ്യവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊണ്ടുപോകുന്നു എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി തുടങ്ങി.
എം ശിവശങ്കരൻ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന് തന്നെയാണ് ഇഡിയുടെ നിഗമനം. അതുകൊണ്ട് തന്നെയാണ് കണ്ടുകെട്ടൽ നടപടികളിലേക്ക് അവർ കടക്കുന്നത്. ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറിൽനിന്നു കിട്ടിയ പണവും സ്വർണവുമാണ് ഇതുവരെ ആകെ കണ്ടുകെട്ടിയത്. എന്നാൽ ശിവശങ്കറിന്റെ പേരിലുള്ളതും കുറ്റകൃത്യവുമായി ബന്ധപ്പെട്ടു സമ്പാദിച്ചതെന്നു കരുതുന്നതുമായ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം. കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തല്ലെന്നു പിന്നീടു തെളിയിച്ചാൽ ഇവ തിരിച്ചുനൽകും. മറിച്ചായാൽ സർക്കാരിലേക്കു കണ്ടുകെട്ടുന്നതാണു രീതി.
അതിനിടെ ശിവശങ്കറിനെതിരെ എടുത്ത കേസിൽ ഇഡിയുടെ ഭാഗിക കുറ്റപത്രം 24നു കോടതിയിൽ സമർപ്പിക്കും. 60 ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യം ലഭിച്ചേക്കാമെന്നതിനാൽ ആ നീക്കം തടയാനാണു ഭാഗികമായ കുറ്റപത്രം നൽകുന്നത്. പിഎംഎൽഎ സെക്ഷൻ 45 പ്രകാരം സ്വാഭാവിക ജാമ്യം ലഭിക്കില്ലെന്നു വ്യവസ്ഥയുണ്ടെങ്കിലും ചില ഹൈക്കോടതികൾ ഇക്കാര്യത്തിൽ നിയമപരമായ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാലാണു ഭാഗിക കുറ്റപത്രം നൽകി ശിവശങ്കറിന്റെ ജാമ്യനീക്കം തടയാൻ ഇഡി ശ്രമിക്കുന്നത്. ഇപ്പോഴും പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകിയിട്ടില്ലെന്നതിനാൽ ശിവശങ്കർ പുറത്തിറങ്ങുന്നതു തടയാനാണു ശ്രമം.
മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഏതാനും ദിവസം കൂടി ചോദ്യം ചെയ്യും. രവീന്ദ്രൻ മറുപടി നൽകുന്നതിനൊപ്പം അതിന്റെ നിജസ്ഥിതി അപ്പോൾ തന്നെ മറ്റൊരു സംഘം പരിശോധിക്കുന്ന രീതിയാണു പിന്തുടരുന്നത്.ശിവശങ്കരന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കുമ്പോൾ നെഞ്ചിടിക്കുന്നത് രവീന്ദ്രനും കൂടിയാണ്.
നേരത്തെ ശിവശങ്കരനെതിരെ കോടതിയിൽ കൃത്യമായ നിലപാട് ഇഡി വ്യക്തമാക്കിയിരുന്നു. സ്വപ്ന പണവുമായി കടന്നു കളയുമെന്നു ഭയന്നാണു ശിവശങ്കർ ബാങ്ക് ഇടപാടിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെയും ഉൾപ്പെടുത്തിയതെന്നാണ് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ പണവും മറ്റും ശിവശങ്കറിന്റേതാണെന്ന് ഇഡി ആവർത്തിച്ചു.
പണം ഒളിപ്പിച്ചു വയ്ക്കാനാണു ശിവശങ്കർ സ്വപ്നയെ ഉപയോഗിച്ചതെന്നാണ് ഇഡിയുടെ വാദം. പണം ശിവശങ്കറിന്റേതാണെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം വ്യക്തമാക്കുന്നു. ജീവിതമാർഗമില്ലാതിരുന്ന സ്വപ്നയ്ക്ക് 64 ലക്ഷവും 100 പവൻ സ്വർണവും സമ്പാദിക്കാനുള്ള ശേഷിയില്ല. ചാർട്ടേഡ് അക്കൗണ്ടന്റിനോട് സ്വപ്നയുമായി ചേർന്ന് ലോക്കൽ തുറക്കാനും വിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടത് ആ പണം തന്റേതായതിനാലാണ്.
അതേസമയം ഇഡിയുടെ വാദങ്ങളെ കോടതിയിൽ ശിവശങ്കരൻ ശക്തമായി എതിർത്തു. അന്വേഷണം ദീർഘകാലമായി നടക്കുകയാണെന്നും ഇതുവരെ കുറ്റകൃത്യം എന്താണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശിവശങ്കർ പറഞ്ഞത്. തെറ്റായ വിവരങ്ങളാണു വാട്സാപ് സന്ദേശങ്ങളെക്കുറിച്ച് ഇഡി നൽകുന്നതെന്നതെന്ന് ശിവശങ്കറിനായി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചിരുന്നു.
ശിവശങ്കറല്ല, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലാണു പണം ലോക്കറിൽ വയ്ക്കാമെന്നും ഒന്നിച്ചു ലോക്കർ ആരംഭിക്കാമെന്നും പറഞ്ഞത്. ശിവശങ്കറിനു ഈ ലോക്കറിനുമേൽ നിയന്ത്രണമുണ്ടായിരുന്നില്ല. മൊഴികൾ തുടരെ നൽകിയതിനു ശേഷമാണോ താൻ ഭയന്നിരുന്നെന്നു സ്വപ്ന പറയുന്നത്? എന്താണ് ആരോപണമെന്ന് ഇഡി കൃത്യമായി പറയണം. മാസങ്ങളായി ശിവശങ്കർ കസ്റ്റഡിയിലാണ്. പല ഏജൻസികളാണ് അന്വേഷിക്കുന്നത്. ഇതുവരെയും വസ്തുതകൾ കണ്ടെത്തിയില്ലേ? എന്ന ചോദ്യവും കോടതിയിൽ അഭിഭാഷകൻ ഉയർത്തുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ