- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെഡ്ക്രസന്റിൽ നിന്നുള്ള സഹായത്തിനായി ലൈഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രത്തിന്റെ ഉള്ളടക്കം പരിശോധിക്കാൻ ഒരുങ്ങി എൻഫോഴ്സ്മെന്റ്; ചീഫ് സെക്രട്ടറിയോട് വിശദാംശങ്ങൾ തേടി; വിദേശ സംഘടനയിൽ നിന്നു സാമ്പത്തിക സഹായം തേടുന്നതിനു മുൻപ് കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്ന നിബന്ധന പാലിച്ചോ എന്നും പരിശോധിക്കും; ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് സ്വപ്ന സുരേഷിന് ഒരു കോടി രൂപ കമ്മീഷൻ കിട്ടിയ വഴികൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി റെഡ് ക്രസന്റ് നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ ധാരണാപത്രവും അനുബന്ധ ഫയലുകളും ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചീഫ് സെക്രട്ടറിക്ക് കത്തു നൽകി. ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ കമ്മിഷൻ കിട്ടിയെന്ന സ്വപ്നയുടെ മൊഴിയും സ്വപ്നയും എം.ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്നു തുടങ്ങിയ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെടുത്തതുമാണ് ഇഡി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൂടുതൽ നടപടികളിലേക്ക് എൻഫോഴ്സ്മെന്റ് കടന്നിരിക്കുന്നത്.
കരാർ വിശദാംശങ്ങൾ, ഇടനിലക്കാർ, കരാർ തുക തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയാണ് ഇഡി. ഭവനസമുച്ചയത്തിന്റെ നിർമ്മാണ കരാറെടുത്ത കമ്പനി തനിക്ക് ഒരു കോടി കമ്മിഷൻ തന്നുവെന്നാണു സ്വപ്ന മൊഴി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശിച്ചതിനെത്തുടർന്നു ലഭിച്ച 20 കോടിയുടെ സഹായത്തിൽ നിന്ന് ഏതു സാഹചര്യത്തിലാണു സ്വപ്നയ്ക്കു കമ്മിഷൻ ലഭിച്ചതെന്നും റെഡ് ക്രസന്റിൽ നിന്നു നിർമ്മാണക്കമ്പനിക്കു കരാർ നൽകിയതിന്റെ മാനദണ്ഡങ്ങളും ആര് ഇടപെട്ടാണു കരാർ നൽകിയതെന്നതും പരിശോധിക്കുന്നുണ്ട്. വടക്കാഞ്ചേരിയിൽ ആദ്യം തയാറാക്കി ഭരണാനുമതി കിട്ടിയ പദ്ധതിയിലുണ്ടായ മാറ്റവും പ്രതിപക്ഷം ആരോപണമായി ഉയർത്തിയിരുന്നു.
റെഡ്ക്രസന്റിൽ നിന്നു സഹായം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനു വേണ്ടി ലൈഫ് മിഷൻ സിഇഒ ഒപ്പിട്ട ധാരണാപത്രത്തിന്റെ ഉള്ളടക്കം പ്രത്യേകം പരിശോധിക്കും. കരാറിനു മുൻപ് നയപരമായ തീരുമാനം വേണമെന്നു നിയമവകുപ്പ് ഫയലിൽ എഴുതിയെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. വിദേശസംഘടനയിൽ നിന്നു സഹായം തേടുന്നതിനു മുൻപ് കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്ന നിബന്ധന പാലിച്ചിരുന്നോയെന്നും ഇഡി പരിശോധിക്കും. ഈ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തിടുക്കപ്പെട്ടു കരാർ നൽകിയെന്നതിന്റെ വിവരങ്ങളാണു പുറത്തുവന്നത്.
ലൈഫ് മിഷൻ പദ്ധതിയുടെ നടത്തിപ്പുകാരൻ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പടുത്തലും ഇതിനിടെ പുറത്തുവന്നിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ ഇടനിലക്കാരനായത് സ്വപ്ന സുരേഷും സന്ദീപും ആണെന്നാണ് വെളിപ്പെടുത്തൽ. എമിറേറ്റസ് റെഡ് ക്രസന്റിന്റെ കരാർ ലഭിക്കാനാണ് സ്വപ്ന ഇടപെടൽ നടത്തിയത്. കരാർ ഉറപ്പിക്കാൻ വേണ്ടി അറബിയുമായി സംസാരിച്ചത് സ്വപ്ന സുരേഷായിരുന്നു. ഇങ്ങനെ സംസാരിക്കാൻ സ്വപ്ന കമ്മീഷൻ ആവശ്യപ്പെട്ടു. ഇതോടെ കരാർ ലഭിക്കാൻ വേണ്ടി സാധാരണ കോൺട്രാക്ടർമാർ ചെയ്യുന്നത് ചെയ്തുവെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.
സ്വപ്നയുമായുള്ള ബന്ധത്തെ കുറിച്ചും കമ്മീഷൻ നൽകിയ തുകയെ കുറിച്ചും എൻഐഎയിലും മൊഴി നൽകിയതായും സന്തോഷ് ഈപ്പൻ വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷൻ പദ്ധതി പ്രകാരം കരാർ ഉറപ്പിച്ചത് 18.5 കോടി രൂപയ്ക്കായിരുന്നു. ഇതിൽ 14 കോടി രൂപയും ലഭിച്ചുവെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. അതേസമയം സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായൊന്നും ചർച്ചകൾ നടത്തിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി ലൈഫ് മിഷൻ പദ്ധതിയല്ല ഇതെന്ന് അഭിപ്രായപ്പെട്ടിരുന്നത്.
അതേസമയം ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ ലൈഫ് മിഷൻ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദം മുറുകുകയാണ്. റെഡ്ക്രസ്ന്റ് 20 കോടി നൽകിയ വിവാദ പദ്ധതിക്ക് നേരത്തെ സർക്കാർ 13കോടിക്ക് ഭരണാനുമതി നൽകിയെന്ന രേഖ പുറത്തുവന്നിരുന്നു. സ്വപ്ന കമ്മീഷൻ വാങ്ങിയതിലെ സർക്കാർ അന്വേഷണത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകാൻ തയ്യാറായതുമില്ല. ഇപ്പോൾ വിവാദമായ വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് പദ്ധതിക്ക് 2019 ജൂണിലാണ് സർക്കാർ ഭരണാനുമതി നൽകിയത്. ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി. പിന്നാലെ യുണിടെക്ക് എന്ന സ്ഥാപനത്തിന് നിർമ്മാണ ചുമതലയും നൽകി. ഇതുവഴിയാണ് സ്വപ്നക്ക് ഒരുകോടി രൂപ കമ്മീഷൻ കിട്ടുന്നത്.
സർക്കാർ ഭൂമിയിലെ പദ്ധതിക്ക് ടെൻഡർ വിളിച്ചാണോ യുണിടെക്കിന് റെഡ്ക്രസന്റ് കരാർ നൽകിയതെന്നതും ദുരൂഹം. സർക്കാരിന്റെ പദ്ധതിയിൽ പൊതുഭൂമിയിൽ സ്വകാര്യ സ്ഥാപനം ഭാഗമാകുമ്പോൾ കമ്മീഷൻ ഇടപാടുകളിൽ സർക്കാരിന് ഉത്തരവാദിത്തമില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ നിലപാട്. മുഖ്യമന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത് അനിൽ അക്കരെ എംഎൽഎ രംഗത്തെത്തുകയുണ്ടായി. സർക്കാരിന് ബാധ്യത ഇല്ലെന്ന് പറയുമ്പോഴും റെഡ് ക്രസന്റ് ഭവനങ്ങളുടെ കെട്ടിടനിർമ്മാണ പെർമിറ്റ് ലൈഫ് മിഷന്റെ പേരിലാണെന്ന് അനിൽ അക്കര പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലെ നിർമ്മാണ പ്രവർത്തിത്തിക്ക് സഹായം നൽകിയത് യുഎഇയിലെ സംഘടനയാണ്. നിർമ്മാണത്തിനുള്ള സഹായം ഏത് വഴിയാണ് കേരളത്തിൽ എത്തിയതെന്നതാണ് നിർണ്ണായകം. പണമെത്തിയ വഴി കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ ശ്രമം തുടങ്ങിയിട്ടുണ്ട്.
വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര നൽകിയ പരാതിയെ ഗൗരവത്തോടെയാണ് കേന്ദ്ര വിദേശകാര്യ വകുപ്പ് എടുത്തിട്ടുള്ളത്. വിദേശ പണം ഇടപാടുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ലൈഫ് മിഷന് കീഴിലെ പദ്ധതിയിൽ പിന്നീട് യുഎഇ സന്നദ്ധ സംഘടനയായ എമിറേറ്റസ് റെഡ് ക്രസന്റ് സഹകരണം പ്രഖ്യാപിച്ചു. ഇതോടെ 13 കോടിയുടെ ഫ്ളാറ്റ് പദ്ധതി 20 കോടിയായി. പിന്നാലെ യുണിടാക്ക് എന്ന സ്ഥാപനത്തിന് നിർമ്മാണ ചുമതലയും നൽകി. ഇതുവഴിയാണ് സ്വപ്നക്ക് ഒരുകോടി രൂപ കമ്മീഷൻ കിട്ടുന്നത്. സർക്കാർ ഭൂമിയിലെ പദ്ധതിക്ക് ടെൻഡർ വിളിച്ചാണോ യുണിടെക്കിന് റെഡ്ക്രസന്റ് കരാർ നൽകിയതെന്നതും ദുരൂഹമായി തുടരുകയാണ്.
അതിനിടെ സ്വപ്നയും ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റും ചേർന്ന് ആരംഭിച്ച ലോക്കറിൽ കൂടുതൽ പണവും സ്വർണവും നിക്ഷേപിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവുമാണ് ലോക്കറിൽനിന്നു കണ്ടെത്തിയിരുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റാണു ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത്. ലൈഫ് മിഷൻ ഇടപാടിൽ കമ്മിഷനായി ലഭിച്ച ഒരു കോടി രൂപ ബാങ്കിൽ നിക്ഷേപിക്കാൻ ഒരുങ്ങിയപ്പോൾ ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ നിർദേശിച്ചത് ഇതേ ചാർട്ടേഡ് അക്കൗണ്ടന്റാണെന്നും സ്വപ്ന മൊഴി നൽകി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ നിർദേശപ്രകാരമാണു ലോക്കർ തുറന്നതെന്ന മൊഴികളിൽ കൂടുതൽ വിശദമായ അന്വേഷണം വേണമെന്ന് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ