- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരത്തൺ ചോദ്യം ചെയ്യലിന് ശേഷവും മൊഴിയിൽ തരിമ്പും വിശ്വാസമില്ല; കെ.ടി.ജലീലിന് പിന്നാലെ ബിനീഷിനെ വീണ്ടും ഗ്രിൽ ചെയ്യാൻ ഇഡി; ബിനീഷിനു വിനയായത് കാർ പാലസ് ലത്തീഫിന്റെ മൊഴികൾ; യുഎഎഫ് എക്സ് സൊല്യൂഷൻ ബന്ധവും സംശയ നിഴലിൽ; വിയർപ്പ് ഓഹരികൾ ബിനീഷിനുണ്ടെന്ന് സൂചന; സ്വപ്നയെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കും; ബിനീഷിനും ജലീലിനും ക്ലീൻ ചിറ്റില്ലെന്ന ഇഡിയുടെ പരാമർശങ്ങൾ ഉറക്കം കെടുത്തുന്നത് സിപിഎമ്മിനെ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത്-ലഹരി മരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്തേക്കും. ഈ ആഴ്ച തന്നെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം ലഭിക്കുന്നത്. സ്വർണ്ണക്കടത്ത് കേസും പ്രോട്ടോക്കോൾ ലംഘനമടക്കവുമുള്ള കാര്യങ്ങളിൽ മന്ത്രി ജലീലിനു ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ലെന്ന് എൻഫോഴ്സ്മെന്റ് മേധാവി എസ്.കെ മിശ്ര വ്യക്തമാക്കിയതിനു പിന്നാലെയാണ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കവും പുറത്ത് വരുന്നത്. കുറച്ചു പേരെക്കൂടി ചോദ്യം ചെയ്ത് വീണ്ടും ബിനീഷിലെക്ക് എത്തുന്ന രീതിയാണ് ഇഡി സ്വീകരിച്ചത്. അതുകൊണ്ട് തന്നെയാണ് ബിനീഷിനെ വീണ്ടും ചെയ്യാൻ വൈകുന്നതും.
സ്വർണ്ണക്കടത്ത്-ലഹരിമരുന്നു-കള്ളപ്പണ ഇടപാടുകളിൽ ബിനീഷ് നൽകിയ മൊഴികളിൽ പൊരുത്തക്കെടുണ്ട് എന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം. പന്ത്രണ്ടു മണിക്കൂർ നീണ്ട മാരത്തോൺ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഉദ്യോഗസ്ഥർ യോഗം ചേർന്ന് ബിനീഷിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ വിലയിരുത്തിയിരുന്നു. ബിനീഷിന്റെ മൊഴിയിൽ വിശ്വാസ്യതയില്ലെന്നാണ് ഇഡി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെയും ബിനീഷിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനുള്ള രീതി അവലംബിക്കാൻ ആലോചിക്കുന്നത്. സ്വപ്നയ്ക്ക് പല സഹായങ്ങളും നൽകിയത് ബിനീഷാണ്. സ്വപ്നയുടെ മൊഴികളിൽ ഇത് വ്യക്തവുമാണ്. യുഎഎഫ് എക്സ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡുമായി ബിനീഷിനും സ്വപ്നയ്ക്കുമുള്ള ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
ബിനീഷ് മുൻപ് ഇഡിക്ക് നൽകിയ മൊഴികൾ ഇഡി ബിനീഷിനെക്കൊണ്ട് തന്നെ ഒപ്പിട്ടു വാങ്ങിച്ചിട്ടുണ്ട്. ഒരു കോടതിയിലും ബിനീഷ് മൊഴി മാറ്റാതിരിക്കാനാണ് ഇഡി ഈ നീക്കം നടത്തിയത്. അതുകൊണ്ട് തന്നെ നൽകിയ മൊഴികളിൽ നിന്നും ബിനീഷിനു മൊഴി മാറ്റാൻ ഒരവസരവും ലഭിക്കില്ല. ഈ ഘട്ടത്തിൽ തന്നെയാണ് മൊഴികളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി വീണ്ടും ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്. ബിനീഷിനെ ചോദ്യം ചെയ്ത ശേഷവും ബിനീഷിനു ക്ലീൻ ചിറ്റ് നൽകില്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കിയത്.
അതിനു ശേഷമാണ് വിവാദ സ്വർണ്ണക്കടത്ത് -യുഎഇ കോൺസുലേറ്റ് ഇടപാട് കേസിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്. ഈ ചോദ്യം ചെയ്യലിന് ശേഷവും ജലീലിനും ക്ലീൻ ചിറ്റ് നൽകില്ലെന്നും ജലീലിനെയും വീണ്ടും വിളിപ്പിക്കുമെന്നുമാണ് ഇഡി വ്യക്തമാക്കിയത്. ഡൽഹിയിൽ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർ നടപടിയിൽ തീരുമാനമെടുക്കും. ജലീലിനെ ചോദ്യം ഇനി ചെയ്യുമ്പോൾ സ്വപ്നയെയും അടുത്തിരുത്തിയുള്ള ചോദ്യം ചെയ്യൽ രീതി തന്നെ അവലംബിച്ചേക്കും. രണ്ടു ദിവസം എടുത്താണ് ജലീലിനെ ചോദ്യം ചെയ്തത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ദിവസം. രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ വാർത്ത പുറത്തായത്.
ബിനീഷിന്റെ കാര്യത്തിൽ കാർ പാലസ് ഉടമ ലത്തീഫിന്റെ മൊഴിയാണ് വിഘാതമായിരിക്കുന്നത്. വളരെ ശക്തമായ മൊഴിയാണ് കാർ പാലസ് ലത്തീഫ് ബിനീഷിന് എതിരെ നൽകിയിരിക്കുന്നത്. ബിനീഷിന് എതിരെ മൊഴി നൽകുകയല്ല ലത്തീഫ് ചെയ്തത്. ഇഡിയുടെ ചോദ്യം ചെയ്യൽ വേളയിൽ ഭയന്ന് പോയ ലത്തീഫ് കാര്യങ്ങൾ എല്ലാം വിശദമാക്കുകയായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയപ്പോൾ ആ മൊഴി ബിനീഷിനു എതിരെയായി മാറുകയും ചെയ്തു. വിയർപ്പിന്റെ ഓഹരികൾ ആരോപണമുയർന്ന എല്ലാ സ്ഥാപനങ്ങളിൽ നിന്നും ബിനീഷിനു ലഭിക്കുന്നുവെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഈ വിയർപ്പിന്റെ ഓഹരികൾ തന്നെയാണ് ബിനീഷിനു കുടുക്കായി മാറുന്നതും. ബംഗളൂര്വിൽ നിന്നും പിടിയിലായ ലഹരിമരുന്നുകടത്ത് കേസിലെ പ്രതി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന സൂചനയുണ്ട്. ബിനീഷുമായുള്ള ബന്ധം അനൂപ് തുറന്നു പറഞ്ഞിട്ടുണ്ട്.
കൊച്ചിയിലെ ലെ മെറിഡിയനിൽ നടന്ന റഷ്യൻ സീക്രട്ട് ലഹരിമരുന്ന് കേസ് ഒതുക്കിയതിന് പിന്നിൽ ബിനീഷ് ആണെന്ന് അനൂപ് മൊഴി നൽകിയിട്ടുണ്ട്. കൊച്ചി ലഹരിമരുന്ന് കേസ് തുമ്പില്ലാതാക്കിയത് ലഹരി സാമ്പിളുകൾ സ്വാധീനം ചെലുത്തി ബീനീഷ് മാറ്റിയതാണ് എന്നാണ് അനൂപ് എൻസിബിക്ക് മൊഴി നൽകിയത്. കൊച്ചി ലഹരി മരുന്ന് കേസിൽ ഊരിപ്പോന്നത് റഷ്യൻ സംഗീതഞ്ജൻ സൈക്കോവ്സ്കിയാണ്. തൊണ്ടി മുതൽ ലഹരി പദാർഥമല്ലെന്ന പരിശോധനാഫലം വന്നതോടെ കേസ് അട്ടിമറിക്കപ്പെട്ടു.
കാക്കനാട് കെമിക്കൽ അനലറ്റിക്കൽ ലാബിൽ സമർപ്പിച്ച സാംപിളിലാണു തിരിമറി നടത്തിയത്. 2015 മെയ് 24നു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന സംഗീത പാർട്ടിക്കിടയിൽ അറസ്റ്റിലായ സൈക്കോവ്സ്കിയെ സംരക്ഷിക്കാൻ പൊലീസിനെ സ്വാധീനിച്ചു സാംപിളിൽ തിരിമറി നടത്തിച്ചതു ബിനീഷ് ആണെന്നാണ് എൻസിബിക്ക് വിവരം ലഭിച്ചത്. അനൂപിന്റെ ലഹരി ഇടപാടുകൾക്കു ചരടുവലിച്ചതും ബീനീഷ് തന്നെയാണെന്ന സൂചനയാണ് അനൂപ് നൽകിയത്. അതുകൊണ്ട് തന്നെ എൻസിബിയും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.