- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണക്കടത്തും സ്വപ്ന സുരേഷും ബിനീഷ് കോടിയേരിയും ഇടതു മുന്നണിക്ക് തലവേദനകൾ; യുഡിഎഫിന് തിരിച്ചടിയായി എം സി കമറുദ്ദീനും വി കെ ഇബ്രാഹിം കുഞ്ഞും; എൻഡിഎയിയിൽ ബിജെപിക്കുള്ളിലെ ഗ്രൂപ്പുപോരും ആർഎസ്എസ് ഇടപെടലുകളും; തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിലും ഒരു പോലെ പ്രതിസന്ധി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പ്രചരണഘട്ടത്തിലേക്ക് കടക്കവേ സംസ്ഥാനത്തെ മൂന്നു മുന്നണികളും വിവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. ഒരു വശത്ത് സ്വർണ്ണക്കടത്താണ് പ്രശ്‌നമെങ്കിൽ മറുവശത്ത് അഴിമതിക്കെതിരെ വോട്ടുചോദിക്കാൻ ഇറങ്ങിയ യുഡിഎഫ് നേതാക്കൾ തന്നെ അഴിമതി കേസിൽ കുടുങ്ങിയിരിക്കയാണ്. ബിജെപിയിലാകട്ടെ ഗ്രൂപ്പുകളി അതിന്റെ ഉച്ഛസ്ഥായിയിൽ നിൽക്കുകായണ്. ഇങ്ങനെ പൊതവേ തെരഞ്ഞെടുപ്പു രംഗത്ത് അത്രയ്ക്കങ്ങ് ആത്മവിശ്വാസമില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ മുന്നണികൾ.
മൂന്ന് പേർക്കും തെരഞ്ഞെടുപ്പ് നിരലധി വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഈ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാൻ സാധിക്കും എന്നതു മൂന്നു കൂട്ടർക്കും നിർണായകം. കേസുകൾ കളം നിറയുമ്പോൾ അടുത്തതാര് എന്ന ചോദ്യവും മുന്നണികളെ പ്രതിസന്ധിയിലാക്കുന്നു. സമീപകാലത്തെ ഒരു തിരഞ്ഞെടുപ്പിലും നേരിടാത്ത പ്രതിസന്ധികളുടെ ചുഴിയിലാണ് ഇടതു മുന്നണി വീണിരിക്ുകന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വികാരത്തെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നപ്പോഴും സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിൽ പതറിയിരുന്നില്ല. എന്നാൽ, ഇക്കുറി അതല്ല സ്ഥിതി വിവാദങ്ങളിൽ കുരുങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി രാജിവെച്ചു. മുഖ്യമന്ത്രിയാകട്ടെ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ നടുവിലും.
തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സിപിഎം സംസ്ഥാന സെക്രട്ടറിയെ വരെ മാറ്റിപ്പരീക്ഷിക്കേണ്ടി വന്നതിന്റെ കുലുക്കത്തിലാണ് ഇക്കുറി മുന്നണി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രബിന്ദുവായ അന്വേഷണങ്ങൾ എവിടേക്കെല്ലാം കയറിച്ചെല്ലാം എന്നതിനെക്കുറിച്ചുള്ള ആശങ്ക ശക്തമാണ്. അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ വട്ടമിട്ട് പറക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇനിയും ഇതിൽ കൂടുതൽ നടപടികളിലേക്ക് വരുമ്പോൾ മുഖ്യമന്ത്രി തന്നെ കുടുങ്ങുമെന്ന അവസ്ഥയിലുമാണ്.
മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായിരുന്ന എം.ശിവശങ്കർ സ്വർണക്കടത്തിലും ഹവാല പണമിടപാടുകളിലും ഓഫിസിലിരുന്ന് ഇടപെട്ടെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തൽ പ്രതിരോധിക്കുക എളുപ്പമാകില്ല. മന്ത്രിമാരടക്കം അന്വേഷണ പരിധിയിലുമാണ്. അഴിമതിക്കെതിരെ പ്രചാരണം നടത്തി അധികാരത്തിലേറിയ എൽഡിഎഫ് വെട്ടിപ്പുകളുടെ പേരിൽ വിചാരണ നേരിടുന്ന സാഹചര്യം. കേരള കോൺഗ്രസി(എം)നെ ഉൾപ്പെടുത്തിയതു മധ്യകേരളത്തിൽ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലുണ്ടെങ്കിലും സിപിഎം കേരള കോൺഗ്രസ് കൂട്ടുകെട്ടിന്റെ ഇഴമുറുക്കത്തെക്കുറിച്ച് ഉറപ്പു പോരാ. രണ്ടാം കക്ഷിയായ സിപിഐ ഉള്ളാലെ അസ്വസ്ഥം. ഇത് തദ്ദേശ ഫലത്തിലും പ്രതിഫലിച്ചേക്കും.
അതേസമയം വിവാദങ്ങളെ മറികടക്കാൻ യുവരക്തത്തിനു മുൻതൂക്കമുള്ള സ്ഥാനാർത്ഥിപ്പട്ടികയും ചിട്ടയോടെയുള്ള പ്രവർത്തനവും മാറ്റമുണ്ടാക്കുമെന്നു കണക്കുകൂട്ടൽ. ഇടതുപക്ഷത്തിനു ജീവന്മരണപ്പോരാട്ടമാണ് എന്ന വികാരം പ്രവർത്തകരിൽ കുത്തിനിറയ്ക്കുന്നു. രാഷ്ട്രീയേതര ഘടകങ്ങളാകും നിർണായകമാകുക എന്ന വിശകലനമുണ്ട്. ഹൈടെക് പ്രചാരണ രീതികളിൽ മുന്നിലാണ് എന്നതിലും ആത്മവിശ്വാസമുണ്ട്.
മറുവശത്ത് യുഡിഎഫും കടുത്ത ആശങ്കയിലാണ്. എൽഡിഎഫും സർക്കാരും പ്രതിരോധത്തിലായതിന്റെ ഉണർവ് യുഡിഎഫിലുണ്ടെങ്കിലും ഒരുപിടി പ്രശ്‌നങ്ങൾ അവരെ അലട്ടുന്നു. മുന്നണിയിലെ മൂന്നാം കക്ഷിയായ കേരള കോൺഗ്രസിലെ ജോസ് കെ.മാണി വിഭാഗം എൽഡിഎഫിന്റെ ഭാഗമായപ്പോൾ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ അതു ചോർച്ചയുണ്ടാക്കാമെന്ന വിലയിരുത്തൽ ശക്തം. ജോസഫിന്റെ കടുംപിടുത്തം കോൺഗ്രസിനെ ശരിക്കും വലച്ചിട്ടുണ്ട്.
എം.സി. കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റിനു പിന്നാലെ മുസ്ലിം ലീഗിലെ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റും എൽഡിഎഫ് പ്രചാരണായുധമാക്കും. സോളർ, ബാർ കോഴ കേസുകളും വീണ്ടും ഉയർത്തിയാൽ അതിശയിക്കാനില്ല. കെ.എം. ഷാജി എംഎൽഎ അടക്കം ഏതാനും പേർ ഇഡി അന്വേഷണ പരിധിയിലുമാണ്. സ്ഥാനാർത്ഥികളെ കോൺഗ്രസിലെ ഇരുഗ്രൂപ്പുകളും പങ്കിട്ടു എന്നതിന്റെ അതൃപ്തിയിലാണു ചില വിഭാഗങ്ങൾ. കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ ഉരുണ്ടുകൂടിയ പ്രതിസന്ധിയുടെ അനുരണനങ്ങളും ഇവിടെയുണ്ടാകാം. യുഡിഎഫിന്റെ വെൽഫെയർ പാർട്ടി ബന്ധം എൽഡിഎഫ് തുടർന്നും ആയുധമാക്കും.
മധ്യകേരളത്തിൽ കേരള കോൺഗ്രസുമായും മലബാറിൽ മുസ്ലിം ലീഗുമായും മുൻകാല തദ്ദേശ തിരഞ്ഞെടുപ്പുകളിൽ തുടർന്ന തർക്കങ്ങൾ ഒഴിഞ്ഞുനിൽക്കുന്നു. പ്രാദേശിക പ്രശ്‌നങ്ങൾ മാത്രമാണു ബാക്കി. കോൺഗ്രസിനെ എക്കാലവും വേട്ടയാടാറുള്ള റിബൽ ശല്യം ഇക്കുറി കാര്യമായില്ല. സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും മുൻകാലങ്ങളിലെപ്പോലെ കുഴഞ്ഞുമറിഞ്ഞതുമില്ല. അതേസമയം സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ചർച്ചയാകുന്ന തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി എങ്ങനെ കാര്യങ്ങൽ മുന്നോട്ടു കൊണ്ടുപോകുമെന്നതും അറിയേണ്ട കാര്യമാണ്.
എൻഡിഎയിൽ അടിമുടി പ്രശ്‌നങ്ങളാണ് ഇക്കുറി നിലനിൽക്കുന്നത്. ബിഡിജെഎസ് പഴയതു പോലെ ശക്തമല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന ബിജെപിയെ പിന്നോട്ടു വലിക്കുന്നതു സ്വന്തം പാളയത്തിലെ പട തന്നെയാണ് താനും. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പരസ്യ കലാപത്തിനു തയാറായെങ്കിൽ, പി.കെ. കൃഷ്ണദാസ് അനുകൂലികൾ അകൽച്ചയിലാണ്. പാർട്ടിയിലെ എല്ലാ വിഭാഗങ്ങളുടെയും വിശ്വാസവും പിന്തുണയും അവകാശപ്പെടാൻ കഴിയാത്ത അവസ്ഥയിലാണു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മുഖ്യ സഖ്യകക്ഷി ബിഡിജെഎസും ഒരു പിളർപ്പു കഴിഞ്ഞിരിക്കുന്നു. മറ്റു കക്ഷികളൊന്നും ജനസ്വാധീനം അവകാശപ്പെടാവുന്നതല്ല.
സുരേന്ദ്രന്റെ ചെറുപ്പമുള്ള നേതൃശൈലിയും പാർട്ടിയുടെ കേഡർ സ്വഭാവവും ആർഎസ്എസിന്റെ ഇടപെടലുകളും മൂലം വിമത നീക്കങ്ങൾ പാർട്ടിയെ ബാധിക്കില്ലെന്ന കണക്കുകൂട്ടൽ. കേന്ദ്രാന്വേഷണങ്ങളിലെ വഴിത്തിരിവുകൾ ഇവിടെ രാഷ്ട്രീയമായ പ്രയോജനം ഉണ്ടാക്കുമെന്നു പ്രതീക്ഷ. കേഡർ സംവിധാനങ്ങളിൽ തന്നെയാണ് അവരുടെ പ്രതീക്ഷകളും.
മറുനാടന് മലയാളി ബ്യൂറോ