പത്തനംതിട്ട: മതം മാറിയ വിവരം മറച്ചു വച്ച് പട്ടികജാതി സംവരണ വാർഡിലേക്ക് മത്സരിക്കാനുള്ള സിപിഎം സ്ഥാനാർത്ഥിയുടെ നീക്കം പാളി. സംവരണ വാർഡിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് കണ്ട് വരണാധികാരി പത്രിക തള്ളി. മുൻപ് ഇതേ സീറ്റ് ചോദിച്ചിരുന്നയാളെ കൊണ്ട് ഡമ്മിയായി പത്രിക നൽകിപ്പിച്ചിരുന്നതിനാൽ എൽഡിഎഫ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ചെന്നീർക്കർ പഞ്ചായത്ത് അഞ്ചാം വാർഡിൽ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ബി പ്രമീളയുടെ പത്രികയാണ് തള്ളിയത്. ഇതോടെ ഡമ്മിയായി പത്രിക നൽകിയിരുന്ന നീതു രാജൻ എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി. ഇതിനോടകം പോസ്റ്ററും ഫ്ളക്സുമടിച്ച് പ്രചാരണം തുടങ്ങിയിരുന്നു. പത്രിക തള്ളിയതോടെ ഒറ്റ രാത്രി കൊണ്ട് പോസ്റ്ററുകളെല്ലാം സഖാക്കൾ വലിച്ചു കീറി നീതുവിന്റെ പോസ്റ്ററുകൾ പതിച്ചു.

ഹിന്ദു പുലയ വിഭാഗത്തിൽപ്പെട്ട പ്രമീള വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യൻ പെന്തക്കോസ്ത് വിഭാഗമായ ചർച്ച് ഓഫ് ഗോഡിലേക്ക് മാറിയിരുന്നു. ഇവരുടെ പള്ളിയിൽ വച്ച് ഇതേ സഭയിൽപ്പെട്ടയാളെ വിവാഹവും കഴിച്ചിരുന്നു. മതം മാറി ക്രൈസ്തവ സഭയിൽ ചേർന്ന പ്രമീളയുടെപത്രിക തള്ളാൻ സാധ്യതയുണ്ടെന്ന് ഘടക കക്ഷികൾ അടക്കം സിപിഎമ്മിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ജില്ലാ നേതാവിന്റെയും മുൻ വാർഡ് മെമ്പറുടെയും നിർബന്ധം കാരണമാണ് പ്രമീളയ്ക്ക് സീറ്റ്് നൽകിയത്. വാർഡിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന നീതുവിനെ ഇവർ ഒഴിവാക്കിയിരുന്നു.

എന്തായാലും ഡമ്മിയായി പത്രിക സമർപ്പിക്കാനുള്ള അവസരം നീതുവിന് നൽകുകയും ചെയ്തിരുന്നു. സംവരണ വാർഡിലേക്ക് മത്സരിക്കാൻ ജാതി സർട്ടിഫിക്കറ്റിനായി പ്രമീള ചെന്നീർക്കര വില്ലേജ് ഓഫീസറെ സമീപിച്ചിരുന്നു. അദ്ദേഹം നടത്തിയ അന്വേഷണത്തിൽ പ്രമീള പെന്തക്കോസ്ത് മതവിഭാഗത്തിൽ ചേർന്നയാളാണെന്ന് മനസിലായി. ഇക്കാര്യം കൊണ്ട് തന്നെ ജാതി സർട്ടിഫിക്കറ്റിനായി ശിപാർശ ചെയ്യാൻ വില്ലേജ് ഓഫീസർ തയാറായില്ല. എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഹിന്ദു-പുലയ എന്നുള്ളതിനാൽ അതിന്റെ പിൻബലത്തിലാണ് പത്രിക തള്ളിയത്. എന്നാൽ, സൂക്ഷ്മ പരിശോധനയിൽ എതിർപ്പുയർന്നതോടെ പത്രിക തള്ളുകയായിരുന്നു. സീറ്റിന് വേണ്ടി ആശിച്ച് മോഹിച്ചിരുന്ന നീതുവിന് മത്സരിക്കാനുള്ള ഭാഗ്യവും ലഭിച്ചു.

പ്രമീളയുടെ പത്രിക തള്ളിയതോടെ ഒരു പുതിയ കീഴ്‌വഴക്കവും സൃഷ്ടിക്കപ്പെട്ടു. നേരത്തേ ഇങ്ങനെ മതം മാറിയവരെ സംവരണ വാർഡിൽ മത്സരിക്കുന്നതിന് അനുവദിച്ചിരുന്നു. ഇനി അങ്ങനെ അനുവദിക്കാനാവില്ല എന്നാണ് തെരഞ്ഞെടുപ്പ് അധികാരികൾ അറിയിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടേതടക്കമുള്ള തെരഞ്ഞെടുപ്പുകൾ ഇക്കാരണം കൊണ്ട് തന്നെ കോടതി കയറുകയും ചെയ്തിരുന്നു.