കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാഷ്ട്രീയ കേരളത്തിന്റെ വിധി നിർണ്ണയിക്കുന്ന ഉത്തരമലബാർ ജില്ലകളിൽ നാളെ നടക്കുക തീപാറുന്ന പോരാട്ടമായിരിക്കും. നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് ജില്ലകളും ഇരുമുന്നണികൾക്കും ഏറെ പ്രധാനപ്പെട്ട ജില്ലകളാണ്.

കോഴിക്കോട് കണ്ണൂർ ജില്ല പഞ്ചായത്തുകൾ ഇടതിനൊപ്പം നിൽക്കുമ്പോൾ മലപ്പുറം കാസർകോഡ് ജില്ല പഞ്ചായത്തുകൾ യുഡിഎഫിനൊപ്പമാണ്. കോർപറേഷനുകളിൽ കോഴിക്കോട് ഇടതിന് എളുപ്പത്തിൽ ജയിച്ചുകേറാൻ കഴിയുമെന്ന് പ്രതീക്ഷുമ്പോൾ കണ്ണൂരിൽ ഇരുമുന്നണികളും നടത്തുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പഞ്ചായത്തുകളും നഗരസഭകളും ഭൂരിഭാഗവും ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നവയാണെങ്കിൽ മലപ്പുറത്തും കാസർകോഡും യുഡിഎഫിനാണ് മേൽകൈ. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് ജില്ലകളിലെയും രാഷ്ട്രീയ ചിത്രം പരിശോധിക്കുകയാണ് ഇവിടെ.

സ്വർണ്ണ കടത്തും ലൈഫ് മിഷനും അങ്ങനെ സർക്കാരിനെതിരെ നിരവധി ആയുധങ്ങൾ പ്രതിപക്ഷം നിറയ്ക്കുന്നു. വികസനമാണ് ഇടതുപക്ഷത്തിന്റെ പ്രചരണായുധം. കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും ചർച്ചകളിൽ നിറയുന്നുണ്ട്. ശബരിമലയെ അതീവ രഹസ്യമായി ചർച്ചയാക്കി നേട്ടമുണ്ടാക്കാനാണ് ബിജെപി നീക്കം.

കാസർകോഡ്

ദീർഘകാലം ഇടതുപക്ഷത്തിന് മേൽക്കൈയുണ്ടായിരുന്ന കാസർകോട് ജില്ല പഞ്ചായത്ത് 2015ലാണ് ഇടതുമുന്നണിയെ കൈവിട്ടത്. അത് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് എൽഡിഎഫ് കാസർകോട് ജില്ലയിൽ. സംസ്ഥാനത്തു തന്നെ ബിജെപിക്ക് ജില്ല പഞ്ചായത്തിൽ ഒന്നിലേറെ സീറ്റുകളുള്ള അപൂർവ്വം ജില്ല പഞ്ചായത്തുകളിൽ ഒന്നുകൂടിയാണ് കാസർകോട്. അതു കൊണ്ട് തന്നെ കനത്ത മത്സരമാണ് കാസർകോഡ് ജില്ല പഞ്ചായത്തിലേക്ക് ഇത്തവണ നടക്കുന്നത്. പീലിക്കോട്, ചിറ്റാരിക്കൽ, കള്ളാർ, ദേലംപാടി, എടനീർ, പുത്തിഗൈ എന്നീ ഡിവിഷനുകളിലെ ഫലമായിരിക്കും ജില്ല പഞ്ചായത്ത് ആര് ഭരിക്കണമെന്ന് തീരുമാനിക്കുക.

ഇവിടങ്ങളിൽ മാത്രമാണ് പ്രവചനാതീതമായ മത്സരം നടക്കുന്നത്. നിലവിൽ ഈ ആറ് ഡിവിഷനുകളിലും യഥാക്രമം രണ്ട് സീറ്റുകൾ വീതം യുഡിഎഫ്, ബിജെപി, എൽഡിഎഫ് എന്നീ കക്ഷികൾക്കാണ്. ആകെയുള്ള ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ നിലവിലെ നില തുടരാനാണ് സാധ്യത. എൽഡിഎഫ് നാലും യുഡിഎഫ് രണ്ടും ബ്ലോക്ക് പഞ്ചായത്തുകളാണ് കാസർകോട് ജില്ലയിൽ ഭരിക്കുന്നത്. ഇതിൽ മാറ്റം വരാൻ സാധ്യതയില്ല. നഗരസഭകളിൽ കാഞ്ഞങ്ങാടും നീലേശ്വരവും ഇടതുമുന്നണിക്കൊപ്പം നിൽക്കുമ്പോൾ കാസർകോഡ് മാത്രമാണ് യുഡിഎഫ് പ്രതീക്ഷവെച്ച് പുലർത്തുന്നത്. ആകെയുള്ളത് 38 ഗ്രാമപഞ്ചായത്തുകളാണ്. ഇതിൽ 19 ഇടത്ത് യുഡിഎഫും 17 ഇടത്ത് എൽഡിഎഫും 2 ഇടത്ത് ബിജെപിയുമാണ് ഭരിക്കുന്നത്. ചിലയിടങ്ങളിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി ഭീഷണി ഉയർത്തിയെങ്കിൽ എൽഡിഎഫും യുഡിഎഫും ചേർന്ന് ബിജെപിയെ പുറത്തിരുത്തിയ കാഴ്ചയും കാസർകോഡ് നിന്ന് കാണാനാകും.

പഞ്ചായത്തുകളിൽ ഉദുമ, പുല്ലൂർ-പെരിയ,അജാനൂർ, കുറ്റിക്കോൽ,കാറഡുക്ക, എന്മകജെ,ബദിയടുക്ക, പൈവളിക എന്നിവിടങ്ങളിലാണ് പ്രവചനാതീതമായ മത്സരം നടക്കുന്നത്. കാറഡുക്കയിൽ നേരത്തെ യുഡിഎഫും എൽഡിഎഫും ചേർന്ന് അവിശ്വാസത്തിലൂടെ ബിജെപിയുടെ പുറത്താക്കിയിരുന്നു. ഈ സഖ്യം ഈ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തി കേന്ദ്രങ്ങളായ ബദിയടുക്ക, പൈവളിക പഞ്ചായത്തുകളിലുമുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ച പെരിയ ഇരട്ടകൊലപാതകവും എംസി ഖമറുദ്ദീന്റെ അറസ്റ്റുമാണ് ഇരുമുന്നണികളുടെയും പ്രധാന പ്രചരണ വിഷയം. എന്നാൽ ഇവ രണ്ടും സ്വന്തം ജില്ലകളിൽ എങ്ങനെ പ്രതിഫലിക്കുന്നതെന്ന് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പറയാനാകൂ. സംസ്ഥാനത്തു തന്നെ ബിജെപി പ്രതീക്ഷ പുലർത്തുന്ന ജില്ലകളിൽ ഒന്നാണ് കാസർകോട്. കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോഡ് ജില്ലയുടെ പ്രദേശങ്ങളിൽ ബിജെപിക്ക് നല്ല അടിത്തറയുണ്ട്. ഈ പ്രദേശങ്ങൾ ബിജെപി ഇരുമുന്നണികൾക്കും ഭീഷണി ഉയർത്തുന്നുണ്ട്.

ബിജെപി ഭീഷണി മറികടക്കാൻ ഇത്തരം മേഖലകളിൽ പലയിടത്തും യുഡിഎഫ് എൽഡിഎഫ് സ്ഥാനാർത്ഥികൾ തമ്മിൽ രഹസ്യ ധാരണയുമുണ്ട്. 35 വർഷങ്ങൾക്ക് ശേഷം കാസർകോഡ് ലോകസഭ മണ്ഡലം തിരിച്ചുപിടിക്കാനായത് യുഡിഎഫിന് കാസർകോട് ജില്ലയിൽ പ്രതീക്ഷ നൽകുന്ന ഘടകമാകുമ്പോൾ എംസി ഖമറുദ്ദീന്റെ അറസ്റ്റ് അവർക്ക് ക്ഷീണമാകും.

കണ്ണൂർ

സംസ്ഥാനത്തെ ഏറ്റവും വലിയ ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന കണ്ണൂരിൽ ഇടതുമുന്നണിക്ക് ആദ്യമായി അടിതെറ്റിയത് രൂപീകരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ കണ്ണൂർ കോർപറഷേൻ നഷ്ടമായതിലൂടെയാണ്. ഒരു സീറ്റിനാണ് കഴിഞ്ഞ തവണ കണ്ണൂർ കോർപറേഷൻ എൽഡിഎഫിന് നഷ്ടമായത്. വിമതനെ കൂടെകൂട്ടി കോർപറേഷൻ ഭരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അൽപആയുസ്സായിരുന്നു. ഇത്തവണ കണ്ണൂർ ജില്ല പഞ്ചായത്തിലേക്ക് എക്കാലത്തെയും പോലെ എൽഡിഎഫിന് സാധ്യത പ്രവചിക്കുമ്പോൾ കോർപറേഷനിലേക്ക് ശക്തമായ പോരാട്ടമാണ് നടക്കുന്നത്. കോർപറഷേനിലേക്ക് ഇത്തവണയും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിൽ മുഴുവനും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. ഗ്രാമപഞ്ചായത്തുകളിലും ജില്ലയിൽ ഇടതുമുന്നണിക്കാണ് മേൽക്കൈ. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കുമായി 31 അംഗങ്ങൾ മാത്രമാണ് കഴിഞ്ഞ തവണ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് തന്നെ ആർഎസ്എസിനും ബിജെപിക്കും ഏറ്റവുമധികം ശാഖകളുണ്ടെന്ന് അവകാശപ്പെടുന്ന ജില്ലയിൽ അതൊന്നും വോട്ടാക്കി മാറ്റാൻ കഴിയുന്നില്ലെന്ന വിമർശനം ജില്ലയിലെ ബിജെപി നേതാക്കൾ വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നതാണ്.ഇത്തവണ അതിന് മാറ്റമുണ്ടാക്കാനാകുമെന്നാണ് ബിജെപി നേതാക്കൾ കരുതുന്നത്. എവിടെയും ഭരണം പിടിക്കാനായില്ലെങ്കിലും സീറ്റ് നില വർദ്ധിപ്പിക്കാനാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ബിജെപിയും യുഡിഎഫും പ്രധാന പ്രചരണ വിഷയങ്ങളാക്കുമ്പോൾ സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങളും ജില്ലയിൽ നിന്നുള്ള മന്ത്രിമാരുടെ ജനകീയതയും എൽഡിഎഫിന്റെ പ്രചരണ രംഗത്തെ ആയുധങ്ങളായിരുന്നു. അഴീക്കോട് എംഎൽഎ കെഎം ഷാജിക്കെതിരായ അഴിമതി ആരോപണങ്ങളും ജില്ലയിൽ പ്രചരണത്തിന് വിഷയങ്ങളായി.

കോഴിക്കോട്

ജില്ല പഞ്ചായത്തിലേക്കും കോർപറേഷനിലേക്കും ഇടതുമുന്നണിക്ക് യാതൊരു വെല്ലുവിളികളും ഇതുവരെയുണ്ടായിട്ടില്ല. 45 വർഷമായി ഇടതുമുന്നണി ഭരിക്കുന്ന കോർപേറഷനും രൂപീകരിച്ചതിന് ശേഷം എൽഡിഎഫിനല്ലാതെ മറ്റാർക്കും ഭരണം ലഭിക്കാത്ത ജില്ല പഞ്ചായത്തുമാണ് കോഴിക്കോട് ജില്ലയിൽ എൽഡിഎഫിന്റെ കോട്ട. അത് ഇത്തവണയും തുടരുമെന്ന് തന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. പാർലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികൾക്കും മാറിമാറി അവസരം നൽകാറുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ എക്കാലവും എൽഡിഎഫിനെ പിന്തുണച്ച ചരിത്രമാണ് കോഴിക്കോടിനുള്ളത്.

ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും ഇടതിന് തന്നെയാണ് മേൽക്കൈ. ആകെയുള്ള 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 10 ഇടങ്ങളിലും എൽഡിഎഫാണ് കഴിഞ്ഞ തവണ വിജയിച്ചിത്. നഗരസഭകളിൽ ആകെയുള്ള ഏഴിൽ ആറിടത്തും എൽഡിഎഫ് ഭരണം നടത്തി. 70 ഗ്രാമപഞ്ചായത്തുകളാണ് കോഴിക്കോട് ജില്ലയിൽ ആകെയുള്ളത്. ഇതിൽ 48 ഇടത്തും ഇടത് ഭരണമായിരുന്നു. കഴിഞ്ഞ തവണയുള്ളതിനേക്കാൾ മികച്ച നേട്ടമായിരിക്കും ഇത്തവണയെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. അതേ സമയം മികച്ച മത്സരം കാഴ്ചവെക്കാനാണ് യുഡിഎഫ് തീരുമാനം. ജില്ലയിൽ ആകെ 300 സീറ്റുകൾ കേന്ദ്രീകരിച്ചാണ് ബിജെപി പ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ തവണ ഏഴ് സീറ്റുകളാണ് കോഴിക്കോട് കോർപറേഷനിൽ ബിജെപിക്ക് ലഭിച്ചത്. ഇത് രണ്ടക്കത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ബിജെപി നടത്തുന്നത്. പ്രധാനമന്ത്രിയുടെ പേരിലുള്ള പദ്ധതികളും ശബരിമല അയ്യപ്പനുമാണ് ബിജെപിയുടെ പ്രധാന പ്രചരണ വിഷയം. യുവമോർച്ച സംസ്ഥാന നേതാവ് പ്രകാശ് ബാബുവാണ് പ്രചരണത്തിന് നേതൃത്വം നൽകുന്നത്.

സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങളും പതിറ്റാണ്ടുകളായുള്ള കോഴിക്കോട്ടെ ഭരണ പാരമ്പര്യവുമാണ് ഇടതുമുന്നണിയുടെ പ്രചരണ വിഷയങ്ങൾ. കെഎം ഷാജിയുടെ വീടും എംകെ മുനീറിനെതിരായ അഴിമതി ആരോപണങ്ങളും എൽഡിഎഫ് പ്രചണത്തിന് ഉപയോഗിക്കുന്നു. വെൽഫയർപാർട്ടി. ആർഎംപി എന്നിവരുടെ പിന്തുണ യുഡിഎഫിന് പ്രതീക്ഷ നൽകുമ്പോൾ എൽജെഡി ഇടതുമുന്നണിയിലെത്തിയത് എൽഡിഎഫിന്റെ പ്രതീക്ഷകളെയും ഉയർത്തുന്നു. യുഡിഎഫിന് തലവേദനയായി വിമത ശല്യവുമുണ്ട്. മുസ്ലിം യൂത്ത് ലീഗിന്റെ ദേശീയ നേതാക്കൾ മുതൽ പ്രദേശിക നേതാക്കൾ വരെ വിമതരായി മത്സര രംഗത്തുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ മുസ്ലിം ലീഗ് പലയിടത്തും സ്ഥാനാർത്ഥികളെ നിർത്തിയതും യുഡിഎഫിൽ തലവേദന സൃഷ്്ടിക്കുന്നുണ്ട്.

മലപ്പുറം

മുസ്ലിം ലീഗ് പിന്തുണയിൽ എക്കാലവും യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് മലപ്പുറം. ഇത്തവണയും മലപ്പുറത്ത് ഇടതുമുന്നണി അട്ടിമറികൾ പ്രതീക്ഷിക്കുന്നില്ല. ജില്ല പഞ്ചായത്തിലേക്ക് ആകെയുള്ള 32 സീറ്റിൽ കേവലം അഞ്ചിടങ്ങളിൽ മാത്രമാണ് കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ചിട്ടുള്ളത്. ഈ നില ഉയർത്താനാകുമെന്ന് പോലും എൽഡിഎഫ് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ തവണ മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ യുഡിഎഫിന് അകത്തുണ്ടായിരുന്ന പ്രശ്നങ്ങൾ കാരണം ചെറിയ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് വിജയിച്ചിരുന്നത്. പാർലമെന്റ് തെരഞ്ഞടുപ്പിൽ ജില്ലയുൾപെടുന്ന മൂന്ന് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷത്തിനാണ് യുഡിഎഫ് വിജയിച്ചത്. ഇത് ആവർത്തിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. യുവാക്കളിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതു സ്ഥാനാർത്ഥികളിൽ പകുതിയിലേറെപേരും ചെറുപ്പക്കരാണ്.

ഇത് നേട്ടമാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. തോൽക്കുന്ന ഇടങ്ങളിലാണ് എൽഡിഎഫ് ചെറുപ്പക്കാരെ നിർത്തിയത് എന്ന യുഡിഎഫ് പ്രചരണത്തെ തൃക്കലങ്ങോട് ഡിവിഷനിൽ നിന്നുള്ള ഷൈജു പുന്നപ്പാലയുടെ സ്ഥാനാർത്ഥിത്വം ചൂണ്ടിക്കാട്ടിയാണ് എൽഎഡിഎഫ് പ്രതിരോധിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും മലപ്പുറം ജില്ല പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥികൽ ജയിച്ച ഡിവിഷനാണ് തൃക്കലങ്ങോട്. നിലമ്പൂർ മേഖലയിലാണ് ഇത്തവണ മലപ്പുറം ജില്ലയിൽ എൽഡിഎഫ് ഏറ്റവും വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നത്. എംഎൽഎ പിവി അൻവർ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ പണിയാരംഭിച്ചിരുന്നു. നിലമ്പൂർ നഗരസഭയിലടക്കം ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. വിമതശല്യവും വെൽഫയർപാർട്ടിയുമായുള്ള സഖ്യവും ജില്ലയിൽ യുഡിഎഫിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

മുസ്ലിം ലീഗിന്റെ എക്കാലത്തെയും വലിയ വോട്ട്ബാങ്കായ സുന്നികളുടെ വോട്ടുകളിൽ വെൽഫയർപാർട്ടി സഖ്യം വിള്ളലുണ്ടാക്കിയിട്ടുണ്ട്. ഇത് ഇടതിന് നേട്ടമാകും. മുസ്ലിം ലീഗ് എംഎൽഎമാർ അഴിമതിക്കേസിൽ അറസ്റ്റിലാതും യുഡിഎഫിനെ പ്രചരണ രംഗത്ത് പ്രതിക്കൂട്ടിലാക്കി. സംവരണ സീറ്റുകളിൽ മുസ്ലിം ലീഗിന് സ്ഥാനാർത്ഥികളില്ലാതിരിക്കുകയും ബിജെപി നേതാക്കൾ അടക്കം മുസ്ലിം ലീഗ് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന അവസ്ഥയും മലപ്പുറത്ത് യുഡിഎഫിന് ക്ഷീണം ചെയ്യും. മമ്പാട് ഗ്രാമ പഞ്ചായത്തിൽ ടാണ വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നയാൾ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് വരെ ബിജെപിക്കാരനായിരുന്നു എന്നത് തെളിയക്കപ്പെട്ടതോടെ മുസ്ലിം ലീഗ് പ്രതിരോധത്തിലാകുകയും ഇത് ജില്ലയിലാകെ എൽഡിഎഫ് പ്രചരണ ആയുധമാക്കുകയും ചെയ്തിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ ഇത്തവണ കൂടുതൽ സ്ഥാനാർത്ഥികളെ നിർത്താനായി എന്നതിലപ്പുറം മുന്നേറ്റമൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല.

മുസ്ലിം നാമധാരികളായ രണ്ട് സ്ഥാനാർത്ഥികളെ ഇത്തവണ ബിജെപിക്ക് മലപ്പുറത്ത് ലഭിച്ചത് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയാക്കി പ്രചരിപ്പിക്കുകയും ചെയ്തു. താനൂരിൽ മാത്രമാണ് ഇത്തവണ ബിജെപി പ്രതീക്ഷ പുലർത്തുന്നത്. ഇവിടെ കഴിഞ്ഞ തവണ എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എൻഡിഎ പ്രതിപക്ഷമായിരുന്നു. ഇവിടെ കൂടുതൽ സീറ്റുകൾ നേടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നത്.