പത്തനംതിട്ട: ആറന്മുളയിലെ ആറന്മുള വാര്‍ഡിലെ ജയം ആര്‍ക്കെന്നത് കേരളം ഉറ്റുനോക്കിയ ഫലമായിരുന്നു. ഇതിന് കാരണം ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അറസ്റ്റിലായ സിപിഎം ജില്ലാ കമ്മറ്റി അംഗം എ പത്മകുമാറിന്റെ വീടുള്‍പ്പെടുന്ന സ്ഥലം. പത്മകുമാര്‍ വോട്ട് ചെയ്യേണ്ടിടം. ഇവിടെ നിന്ന് ഈഞ്ചയ്ക്കല്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് പത്മകുമാര്‍ എത്തി. അങ്ങനെ അറസ്റ്റിലായി. അതായത് ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അകത്ത് കിടക്കുന്ന പ്രധാന വിഐപിയുടെ നാടാണ് ആറന്മുള. ഇവിടെ ഇത്തവണ ജയിച്ചത് ഉഷാ ആര്‍ നായരാണ്. ബിജെപി സ്ഥാനത്ത്. രണ്ടാമതുള്ളത് കോണ്‍ഗ്രസിലെ രമാദേവി. മൂന്നാം സ്ഥനത്തായി സ്വതന്ത്ര സ്ഥാനാര്‍തഥിയായ മിനി മനച്ചിരിയ്ക്കല്‍. പത്മകുമാര്‍ വിഷയത്തിലെ ഭയത്തിലായിരുന്നു സ്വതന്ത്ര ചിഹ്നത്തില്‍ ഇവിടെ സ്ഥാനാര്‍ത്ഥിയെ സിപിഎം നിര്‍ത്തിയത്. അതും വെറുതെയായി. ബിജെപിയുടെ ഉഷാ ആര്‍ നായര്‍ക്ക് കിട്ടിയത് 411 വോട്ടാണ്. 199 വോട്ടാണ് കോണ്‍ഗ്രസിലെ രമാദേവി നേടിയത്. ഇത് സ്വതന്ത്രയായ മിനിയ്ക്ക് 180 വോട്ടും.

പത്തനംതിട്ടയില്‍ ഭരണമുണ്ടായിരുന്ന പന്തളം നഗരസഭയും ബിജെപിയെ കൈവിട്ടു. മൂന്നാം സ്ഥാനത്തേക്ക് ബിജെപി പിന്തള്ളപ്പെട്ടു. 34 ഡിവിഷനുകളില്‍ 14ലും എല്‍ഡിഎഫ് വിജയിച്ചു. 11 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 9 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 9 സീറ്റുകളാണ് പന്തളത്ത് ഉണ്ടായിരുന്നത്. പത്തനംതിട്ട ജില്ലയില്‍ കുളനട ഗ്രാമപഞ്ചായത്തിലും ബിജെപി ഭരണം എല്‍ഡിഎഫ് അവസാനിപ്പിച്ചു. 17ല്‍ 12 സീറ്റുകളിലും എല്‍ഡിഎഫ് ഉജ്വല വിജയം നേടി. കഴിഞ്ഞ തവണ നാല് സീറ്റുകളില്‍ മാത്രമായിരുന്നു എല്‍ഡിഎഫ് വിജയിച്ചത്. ഇതിനിടെയാണ് പത്തനംതിട്ടയിലെ ആറന്മുളയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വാര്‍ഡില്‍ വിജയിക്കുന്നത്. ഇതിന് പിന്നില്‍ സ്വര്‍ണ്ണ കൊള്ളയിലെ പത്മകുമാറിന്റെ അറസ്റ്റ് കാരണമായി എന്ന വിലയിരുത്തല് സജീവമാണ്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും മുന്‍ എം.എല്‍.എയുമാണ് പത്മകുമാര്‍. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) വിലയിരുത്തല്‍. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്.

മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്ഐടി വിശദമായി അന്വേഷിച്ചുവരികയാണ്. സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്ഐടി നോട്ടീസ് നല്‍കിയിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്.

ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.