ആനക്ക് മനുഷ്യനോടുള്ള സ്നേഹവും ബുദ്ധിയും ഓർമ്മയും പകയുമെല്ലാം പ്രസിദ്ധമാണ്. ഇപ്പോഴിതാ ഒഴുക്കിൽ അകപ്പെട്ട യുവാവിനെ രക്ഷിക്കുന്ന ആനയാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്. പുഴയിലെ ഒഴുക്കിൽ പെട്ട യുവാവിനെ ആനക്കൂട്ടത്തിലെ പിടിയാന പുഴയിലിറങ്ങി രക്ഷിക്കുന്ന വീഡിയോ സൈബർ ലോകത്ത് പ്രചരിക്കുകയാണ്. സുധാ രാമൻ ഐഎഫ്എസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

പുഴയിൽ ഒഴുകിപ്പോകുകയാണ് ഒരു യുവാവ്. ഇത് കണ്ട ആനക്കൂട്ടത്തിലെ പിടിയാന യുവാവിനെ രക്ഷിക്കാൻ പുഴ നീന്തുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. തുടർന്ന് നീന്തി യുവാവിന്റെ അരികിൽ എത്തുന്ന ആന യുവാവിനെ കരയ്ക്ക് അടുപ്പിക്കുന്നതാണ് വീഡിയോയുടെ അവസാനം.മനുഷ്യനോടുള്ള ആനയുടെ സമീപനം തിരിച്ചറിയാൻ ഓർമ്മിപ്പിച്ച് കൊണ്ട് ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആനയ്ക്ക് നേരെ തുടർച്ചയായുള്ള ക്രൂരതയുടെ നിരവധി വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ആനയുടെ സഹജീവി സ്നേഹം ചർച്ചയാക്കുന്ന വീഡിയോ പ്രചരിക്കുന്നത്. മസിനഗുഡിയിൽ ആനയ്ക്ക് നേരെ പെട്രോൾ ഒഴിച്ച് കത്തിച്ച ടയർ വലിച്ചെറിഞ്ഞു. തിരുനെൽവേലിയിൽ മുൻകാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച് നടക്കാൻ പോലും കഴിയാത്ത ആനയെ പാപ്പാൻ ക്രൂരമായി മർദ്ദിച്ചു. ഇത്തരം മനസാക്ഷിയെ കുത്തിനോവിക്കുന്ന സംഭവങ്ങൾക്കിടയിൽ ആനയുടെ മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ വീഡിയോ മനസ് കീഴടക്കുകയാണ്.