- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷത്തിനുള്ളിൽ 64: മൂന്നു വർഷത്തിനിടെ 257; ചരിയുന്ന ആനകളുടെ കണക്ക് ദേശീയ ശരാശരിയിലും കൂടുതൽ; കേരളത്തിനുള്ളിലും വനാതിർത്തിയിലും ആനകൾ സുരക്ഷിതരല്ല; ആനകളുടെ എണ്ണം കുത്തനെ കുറയുന്നു; അന്വേഷണത്തിന് മുതിരാതെ വനംവകുപ്പും
കോന്നി: ഒരു വർഷത്തിനുള്ളിൽ 67, കഴിഞ്ഞ മൂന്നു വർഷത്തിനിടെ 257. കേരളത്തിൽ ചരിയുന്ന ആനകളുടെ എണ്ണം ഭീതിപ്പെടുത്തുന്നതാണ്. ദേശീയ ശരാശരിയിലും കൂടുതലാണ് കേരളത്തിന്റെ കണക്കുകൾ എന്നതാണ് ഞെട്ടിക്കുന്നത്. ഷോക്കേറ്റ് മരണമാണ് അടുത്ത സമയങ്ങളിൽ ഏറി വരുന്നത്. ഇതിന് തടയിടാൻ വനം-വൈദ്യുതി വകുപ്പുകൾക്ക് കഴിയുന്നില്ല. ആനകൾ ചരിയുന്നത് സ്വാഭാവികമെന്നാണ് മിക്കപ്പോഴും വനം-വെറ്റിനറി വകുപ്പുകൾ റിപ്പോർട്ട് നൽകുന്നത്.എന്നാൽ ഇതിലധികവും കൊല്ലപ്പെടുകയാണെന്നാണ് ആനകൾക്കായി വാദിക്കുന്നവരുടെ പക്ഷം.
ഒരു വർഷത്തിനുള്ളിൽ 64 ആനകൾ കൊല്ലപ്പെട്ടു എന്ന് സർക്കാർ പറയുമ്പോൾ ഇതിൽ എത്രയോ അധികമാകാം യഥാർത്ഥ കണക്ക്. ആനകളുടെ എണ്ണത്തിൽ കേരളത്തിൽ വൻ തോതിൽ കുറവ് ഉണ്ടായതായി കണക്കുകൾ പുറത്തു വരുമ്പോഴാണ് ദിവസേനയെന്നോണം ഓരോന്നിന്റെ ജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന നിരക്കാണ് സംസ്ഥാനത്തു
ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു ഉപോൽബലകമായി ലഭിച്ച രേഖകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 257 ആനകൾക്ക് കേരളത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്.
സ്വാഭാവികമായി ചരിഞ്ഞ ആനകൾ 181ആണെങ്കിൽ അപകടത്തിൽ കൊല്ലപ്പെട്ടവ 71 ഉം സാമൂഹിക വിരുദ്ധരാൽ കൊല്ലപ്പെട്ടവ അഞ്ചും ആണ്. അപകടത്തിലും അക്രമത്തിലും ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത് 2019 -20കാലഘട്ടത്തിലാണ്. 83 ൽ 76 എണ്ണത്തിനാണ് ഇത്തരത്തിൽ ജീവഹാനി നേരിട്ടത്. 2018 ലെ സുപ്രീം കോടതി നിർദേശപ്രകാരമുള്ള സെൻസസ് അനുസരിച്ച് കേരളത്തിലെ ആനകൾ 5706 ആണ്. 2012ൽ ഇത് 6197 ആയിരുന്നു. നേരത്തെ നടത്തിയ കണക്കെടുപ്പ് യഥാവിധി ആയിരുന്നില്ല എന്ന പരാതിയെ തുടർന്നാണ് അന്ന് കോടതി നിർദേശപ്രകാരം വീണ്ടും സെൻസസ് നടത്തേണ്ടി വന്നത്. ഈ രണ്ട് സെൻസസ് തമ്മിൽ വലിയ അന്തരം നിലനിൽക്കെ തന്നെയാണ് അക്രമങ്ങളിലും അപകടത്തിലും വീണ്ടും നിരവധി എണ്ണം ഇല്ലാതാകുന്നത്. സർക്കാർ രേഖകൾ പ്രകാരം തന്നെ 2019-20 കാലയളവിൽ സ്വാഭാവികമായി ചരിഞ്ഞത് ഏഴ് ആനകൾ ആണെങ്കിൽ അപകടത്തിൽ കൊല്ലപ്പെട്ടത് അറുപതും സാമൂഹിക വിരുദ്ധരുടെ അതിക്രമത്തിൽ കൊല്ലപ്പെട്ടത് നാലും ആണ്. അപകടത്തിൽ കൊല്ലപ്പെട്ടത് എന്നത് പലപ്പോഴും അക്രമങ്ങൾ തന്നെയാകാം.
കേരളത്തിലെ വനാതിർത്തിക്കുള്ളിൽ ആനകൾ സുരക്ഷിതരല്ല എന്ന പരിസ്ഥിതി പ്രേമികളുടെ ആരോപണത്തിന് ശക്തി പകരുന്നതാണ് സമീപകാല സംഭവങ്ങൾ. പത്തനംതിട്ട ജില്ലയിൽ സമീപ കാലത്ത് അഞ്ച് നാട്ടാനകൾ വിവിധ കാരണങ്ങളാൽ ചരിഞ്ഞു. ചെളിക്കുളത്തിലും കയത്തിലും വീണും വൈദ്യുതാഘാതമേറ്റുമാണ് ആനകൾ ചരിയുന്നത് എന്നാണ് അന്വേഷണം നടത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ട്. ഇതിന് സാക്ഷ്യപ്പെടുത്തുന്ന വെറ്റിനറി സർജന്മാരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടിയാകുമ്പോൾ അന്വേഷണം അവിടെ അവസാനിപ്പിച്ച് ഫയൽ അടയ്ക്കും. ആനകൾ ചരിയുന്നതിലേക്ക് നയിക്കുന്ന കാര്യങ്ങളിലേക്ക് ഒരിക്കലും അന്വേഷണം പോകാറില്ല. ഇവയെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട വനംവകുപ്പ് തുടരന്വേഷണത്തിന് മിക്കപ്പോഴും മുതിരാറില്ല.അതിനാൽ തന്നെ ആനയെ
അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ അദൃശ്യമായി തന്നെ തുടരും.
കാട്ടാനകൾ നിരന്തരമായി ചരിയുന്നതിന് പിന്നിൽ വനം കൊള്ളക്കാരുടെ കൃത്യമായ കരങ്ങൾ ഉണ്ടെന്നാണ് ആന പ്രേമി സംഘം കണക്കുകൾ നിരത്തി ആരോപിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും നിരവധി പ്രയോജനങ്ങൾ, നാടെങ്ങും വ്യാപിച്ചു കിടക്കുന്ന ഈ സംഘത്തിന് ലഭിക്കും.ഇതിന് അടിവരയിടുന്ന നിരവധി റിപ്പോർട്ടുകൾ സർക്കാരിന് മുൻപിലുണ്ട്.ഇത് പൊടി പിടിച്ച് ബന്ധപ്പെട്ട വകുപ്പുകളിലെ ചുവപ്പു നാടകളിൽ കുരുങ്ങി കിടക്കുകയാണ്.
ഇത് പഠിച്ചു പരിഹാരം കണ്ടെത്തി നടപ്പിലാക്കിയാൽ നിരവധി ജന്തുജാലങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയും. ഓരോ വർഷം കഴിയുമ്പോഴും കേരളത്തിൽ കൊല്ലപ്പെടുന്ന ഗജവീരന്മാരുടെ വർധിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന് പുറമെയാണ് പ്രകൃതി ദുരന്തങ്ങളിൽ കൊല്ലപ്പെട്ടവ. ഇതോടെ രാജ്യത്ത് തന്നെ ആനകളുടെ എണ്ണം കുറയുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലേക്ക് എത്തുകയാണ് കേരളം. ഈ സെൻസസ് പ്രകാരം തന്നെ കേരളത്തിൽ 700 നാട്ടാനകൾ ഉണ്ടെന്നു കണ്ടത്തിയിട്ടുണ്ട്.ഇവയിൽ അധികവും ക്ഷേത്രങ്ങളുടെയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ളതാണ്. ഉത്സവാഘോഷങ്ങൾക്ക് പുറമേ തടി പിടിക്കാനും കൂപ്പിലെ പണികൾക്കും ഇവയെ ഉപയോഗിക്കുന്നു. 145 നാട്ടാനകളുള്ള തൃശൂരാണ് ഇതിൽ മുൻപിൽ.
കാസർഗോഡ് ജില്ലയിൽ ഇങ്ങനെ ആനകൾ ഇല്ലത്രെ.കണ്ണൂരിൽ മൂന്ന് നാട്ടാനകളാണ് കണക്കിലുള്ളത്. ഇന്ത്യയിലാകമാനം 29964 ആനകൾ ഉണ്ടെന്നാണ് സെൻസസ് പറയുന്നത്. രേഖകൾ പ്രകാരം ഇതിൽ വലിയ കുറവ് സംഭവിക്കാത്തപ്പോഴാണ് കേരളത്തിൽ കൊല്ലപ്പെടുന്നവ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരം പുറത്തു വരുന്നത്. നാട്ടാനകളുടെ സംരക്ഷണത്തിന് കേന്ദ്ര സംസ്ഥാന നിയമങ്ങൾ നിരവധിയാണ്.ഇതിൽ കുറേയൊക്കെ ഇപ്പോൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ കാട്ടാനകളെ സംരക്ഷിക്കാൻ ബാധ്യതയും ഉത്തരവാദിത്വവും ഉള്ളവർ ഈ ദൗത്യം കൃത്യമായി ഏറ്റെടുക്കാത്തതാണ് ദിനം പ്രതി ആനകൾ ചരിയുവാൻ കാരണമാകുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്