- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിച്ചക്കാരന് പിണറായി വിജയൻ നൽകിയത് 5000 കോടിയുടെ കച്ചവടം; ആസ്തി വെറും 10,000 രൂപ മാത്രമുള്ള ഷിജു.എം.വർഗ്ഗീസ് കുണ്ടറയിൽ മത്സരിക്കുന്നത് മേഴ്സിക്കുട്ടിയമ്മയോട് കലിപ്പ് തീർക്കാൻ; ഷിജുവിനോടും ഇഎംസിസിയോടും കലിപ്പ് തീർക്കാൻ അമേരിക്കയിൽ കാത്തിരിക്കുന്നതും ലക്ഷക്കണക്കിന് ഡോളറുകൾ വെള്ളത്തിലായ പാവങ്ങൾ; വായ്പാ തട്ടിപ്പ് അടക്കം യുഎസിൽ നിരവധി കേസുകൾ; ഞെട്ടിക്കുന്ന കഥകൾ ഇങ്ങനെ
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് 5000 കോടിയുടെ കരാർ ഒപ്പിടാൻ എത്തിയ ഇഎംസിസി കമ്പനി ഉടമയുടെ ആസ്തി വെറും 10,000 രൂപയോ? സത്യവാങ്മൂലത്തിലെ വിശേഷം കേട്ടവർ മൂക്കത്ത് വിരൽ വച്ചു. കുണ്ടറയിൽ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായാണ് ഷിജു.എം. വർഗീസ് മത്സരിക്കുന്നത്. ബാങ്ക് നിക്ഷേപമോ ആസ്തിയോ ഇല്ലെന്ന് മാത്രമല്ല, വിദേശത്തും തനിക്ക് സ്വത്തുക്കൾ ഇല്ലെന്നാണ് ഷിജു വർഗ്ഗീസ് ആണയിട്ടുപറയുന്നത്. ഇങ്ങനെ പരമദരിദ്രമായ ഒരുകമ്പനിക്കാണോ സർക്കാർ ഒന്നും അന്വേഷിക്കാതെ, അല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ട് 5000 കോടിയുടെ കരാറും, മത്സ്യസംസ്‌കരണത്തിനായി കണ്ണായ സ്ഥലത്ത് നാലേക്കറും ഒക്കെ നൽകിയതെന്ന് കേൾക്കുന്ന മാത്രയിൽ തന്നെ ഞെട്ടലുണ്ടാകും. ഞെട്ടലിന്റെ കഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
ഇഎംസിസി തട്ടിപ്പ് കമ്പനി എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വരികയാണ്. കമ്പനി വിദേശത്ത് താൽക്കാലികമായി രജിസ്റ്റർ ചെയ്തതും വിശ്വാസ്യതയില്ലാത്തതുമായ കമ്പനിയാണെന്നും സംസ്ഥാന സർക്കാരിനെ വിദേശകാര്യവകുപ്പ് അറിയിച്ചിരുന്നുവെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ വ്യക്തമാക്കിയിരുന്നു. എല്ലാം സംഗതികളും അറിഞ്ഞിട്ടും അത് അവഗണിച്ച് സംസ്ഥാന സർക്കാർ ഇഎംസിസിയുമായി ധാരണാപത്രത്തിലേക്ക് നീങ്ങിയെന്നത് ആരെയും അതിശയിപ്പിക്കും. കാരണം ന്യൂയോർക്കിൽ നിന്ന് പുറത്തുവരുന്നത് ഇഎംസിസിയുടെ ഞെട്ടിക്കുന്ന തട്ടിപ്പ് കഥകളാണ്. ഒന്നല്ല, അനവധി തട്ടിപ്പ് കഥകൾ. അതിലൊന്നാണ് ന്യൂയോർക്കിലെ 54 മൈൽസ് അവന്യൂവിൽ താമസക്കാരനായ ചെറിയാൻ എബ്രഹാമിനെ ഷിജു വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഇംഎസിസി വഞ്ചിച്ച കഥ.
ചെറിയാൻ എബ്രഹാമിനെ നൈസായി തട്ടിച്ച കഥ
ചെറിയാൻ എബ്രഹാമിന്റെ കെട്ടിടം പുതുക്കി പണിയാൻ വേണ്ടി കരാർ എടുത്ത ഇഎംസിസി ഇന്റർനാഷണൽ അദ്ദേഹത്തെ സുപ്രീ കോടതി കയറ്റിയ കഥ. 3366, ഹിൽസൈഡ് അവന്യു ന്യൂ ഹൈഡ് പാർക്ക്, ന്യൂയോർക്ക് 11040 എന്ന വിലാസത്തിലാണ് ഇംഎസിസിയുടെ ഓഫീസ്. 54 മൈൽസ് അവന്യു, ആൽബർട്സൺ, ന്യൂയോർക്ക് 11507 എന്ന വിലാസത്തിൽ ചെറിയാൻ എബ്രഹാമിന്റെ കെട്ടിടവും. 2018 ഫെബ്രുവരി 28 നാണ് ചെറിയാൻ എബ്രഹാം തന്നെ വെള്ളത്തിലാക്കിയ ഇഎംസിസിയുമായി കെട്ടിട പുനർനിർമ്മാണത്തിന് കരാർ ഒപ്പിട്ടത്. 406,900 ഡോളറിനായിരുന്നു കരാർ. ഇഎംസിസി ഡ്യൂരൽ എൽഎൽസിയുടെ വിലാസത്തിൽ 154,000 ഡോളർ പരാതിക്കാരൻ അക്കൗണ്ടിൽ ഇട്ടുകൊടുത്തു.
2018 ഏപ്രിൽ ഒന്നിന് ഇഎംസിസി ചെറിയാൻ എബ്രഹാമിന്റെ വസതിയിൽ പണി തുടങ്ങി. എന്നാൽ, 2018 ജൂൺ 13ന് നോർത്ത് ഹെംസ്റ്റെഡ് ടൗൺ അധികാരികൾ നിയമലംഘനം ചൂണ്ടിക്കാട്ടി സ്റ്റോപ്പ് മെമോ നൽകി. വീടിന്റെ 50 ശതമാനത്തിലധികം ഭിത്തികൾ കരാറുകാരൻ നീക്കം ചെയ്തു എന്നതായിരുന്നു കാരണം. ഇതോടെ പണി 'പുതിയ നിർമ്മാണം' എന്ന വിഭാഗത്തിലേക്ക് മാറി എന്നാണ് അധികാരികൾ അറിയിച്ചത്.
ബന്ധപ്പെട്ട അധികാരികളുടെയോ വീട്ടുടമസ്ഥന്റെയോ അറിവില്ലാതെയാണ് ഈ കുരുത്തക്കേട് ഇഎംസിസി കാട്ടിക്കൂട്ടിയത്. കെട്ടിടം പാതി തകർന്ന നിലയിലായെന്ന് മാത്രമല്ല, കരാറുകാരുടെ തോന്ന്യവാസം കൊണ്ട് അധികച്ചെലവും വന്നുചേർന്നു. തകരാർ പരിഹരിക്കാൻ 30 ദിവസം നൽകിയെങ്കിലും അത് തീർക്കാനോ, സ്റ്റോപ്പ് മെമോയുടെ സമയം കഴിഞ്ഞ് കെട്ടിടനിർമ്മാണം പുനരാരംഭിക്കാനോ ഇഎംസിസി ഇന്റർനാഷണൽ തയ്യാറായില്ല. കരാർ ലംഘനത്തിന്റെ പേരിൽ 2018 ഒക്ടോബർ 15 ന് കത്ത് മുഖേന കരാർ റദ്ദാക്കി. അഡ്വാൻസായി നൽകിയ 154,000 ഡോളർ മടക്കി നൽകണമെന്ന ആവശ്യപ്പെട്ടെങ്കിലും ഇഎംസിസി അതിന് തയ്യാറാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ഏതാണ്ട് ഒരു ലക്ഷത്തിലധികം ഡോളറിന്റെ നാശനഷ്ടം തനിക്ക് വരുത്തിയിട്ടുണ്ടെന്നും പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു.
ന്യൂയോർക്ക് സുപ്രീം കോടതിയുടെ ഇടപെടൽ
2019 നവംബർ 26 നാണ് ന്യയോർക്ക് സുപ്രീംകോടതി വിധി വന്നത്. കരാർ ലംഘനം കണ്ടെത്തിയെന്ന് മാത്രമല്ല, 214,714 ഡോളർ നഷ്ടപരിഹാരമായി പരാതിക്കാരനായ ചെറിയാൻ എബ്രഹാമിന് നൽകാൻ ഉത്തരവിടുകയും ചെയ്തു. ഇതുകൂടാതെ മൂന്നു വ്യക്തികളെയും പള്ളികളെയും സമാനരീതിയിൽ ഷിജു വർഗീസ് കബളിപ്പിച്ചതായി ആരോപണമുണ്ട്.
വായ്പ മടക്കി നൽകാതെ തട്ടിപ്പ്
ഫിലാഡെൽഫിയയിൽ കെന്റ് വുഡ് സ്ടീറ്റിലെ ജോൺജോർജിനെയും ഭാര്യ തങ്കമ്മ ജോർജിനെയും ഷിജു വർഗ്ഗീസ് വഞ്ചിച്ചത് വായ്പാ തട്ടിപ്പിലൂടെയാണ്. ഷൈജു മേത്രത്തയിൽ വർഗീസ് ഇരുവരോടും പലതവണയായി പണം പലിശയ്ക്ക് വാങ്ങിയിരുന്നു. ഓരോ മാസവും 25 ാം തീയതി 5 ശതമാനം പലിശ നൽകാമെന്ന ധാരണയിലായിരുന്നു കരാർ. 2014 ലും 15 ലുമായാണ് സംഭവം. മൊത്തം 104800 ഡോളറാണ് ഷിജു വർഗീസിന് വായ്പയായി നൽകിയത്. പണം മടക്കി നൽകാമെന്ന വ്യാജേന നൽകിയ ചെക്കുകൾ ബൗൺസാവുകയായിരുന്നു. പലിശയിനത്തിൽ 40,000 ഡോളറാണ് പരാതിക്കാർക്ക് നഷ്ടമായത്. പിന്നീട് ഫിലാഡൽഫിയ കോടതിയിൽ കേസെത്തുകയും 2016 ൽ പരാതിക്കാർക്ക് അനുകൂലമായി വിധിയുണ്ടാകുകയും ചെയ്തു
ന്യൂയോർക്കിൽ താമസിക്കുന്ന ഏലിക്കുട്ടിയെയും ഭർത്താവിനെയും സമാനരീതിയിൽ ആയിരക്കണക്കിന് ഡോളറിന്റെ വായ്പാ തട്ടിപ്പ് നടത്തി വഞ്ചിച്ചതായും പരാതിയുണ്ട്. ഏലിക്കുട്ടിയുടെ ഭർത്താവ് കഴിഞ്ഞ വർഷം അന്തരിച്ചു. ഇതോടെ ഷിജു വർഗീസിന്റെ തട്ടിപ്പ് മൂലം കുടുംബം ആകെ തകർന്നിരിക്കുകയാണെന്നും ന്യൂയോർക്ക് മലയാളികൾ പറയുന്നു.
പള്ളികളും പാസ്റ്ററുമാരും പെട്ടു
ന്യൂയോർക്കിലെ ഗ്രേസ് ഇന്റർനാഷണൽ അസംബ്ലിയിലെ പാസ്റ്റർ വിൽസൺ ജോസിനെ ഷിജു വർഗ്ഗീസ് വഞ്ചിച്ചതായി പരാതിയുണ്ട്. ന്യൂയോർക്കിലെ തന്നെ ഓൾഡ് ബേക്ക് പേജ് റോഡിലുള്ള സിറോ മലബാർ കത്തോലിക്ക പള്ളിയും നിർമ്മാണവുമായി ബന്ധപ്പെട്ട് ഷിജുവിനെതിരെ വഞ്ചനാ കുറ്റം ആരോപിക്കുന്നു.
ഇഎംസിസി ഇന്റർനാഷണൽ വിശ്വാസ്യതയില്ലാത്ത സ്ഥാപനമെന്ന് അമേരിക്കയിലെ കോൺസുലേറ്റ് അറിയിച്ചിരുന്നതായി കേന്ദ്ര മന്ത്രി വി.മുരളീധരൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെർച്വൽ വിലാസം മാത്രമായിരുന്നു. സ്ഥാപനം എന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ലെന്ന് കോൺസുലേറ്റ് മറുപടി നൽകിയെന്നും വി.മുരളീധരൻ പറഞ്ഞു.കമ്പനിയെക്കുറിച്ച് 2019 ഒക്ടോബർ 21നാണ് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് മറുപടി നൽകിയത്. 2020 ഫെബ്രുവരി 28നാണ് ഇഎംസിസിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടതെന്നും വി.മുരളീധരൻ പറഞ്ഞിരുന്നു. ഏതായാലും ഇപ്പോൾ എല്ലാറ്റിനും കെഎസ്സിഐഎൻ എംഡി എൻ .പ്രശാന്തിനെ പഴിക്കാനാണ് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും താൽപര്യം. തിരഞ്ഞെടുപ്പ് കാലമാണല്ലോ!
മറുനാടന് മലയാളി ബ്യൂറോ