ഷാർജ: ഷാർജയിലെ വ്യവസായ മേഖലയിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ വൻ തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകീട്ട് ആറോടെ ആരംഭിച്ച തീ അതിവേഗം ശക്തി പ്രാപിക്കുകയും സമീപ പ്രദേശങ്ങളിലെല്ലാം കറുത്ത പുക വ്യാപിക്കുകയും ചെയ്തു.

നിരവധി ഗോഡൗണുകൾ ഉൾപ്പെട്ട കെട്ടിട സമുച്ചയത്തിലാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. തീജ്വാലകൾ ആകാശത്തേക്ക് ഉയരുന്നതും സൈറൺ മുഴങ്ങുന്നതും കണ്ടതായി പ്രദേശവാസികൾ അറിയിച്ചു.

സംഭവത്തെ തുടർന്ന് അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തിരച്ചിൽ നടത്തിയെങ്കിലും ആളപായം സ്ഥിരീകരിച്ചിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.