ദുബായ്: ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടുത്തം ഉണ്ടായത്. ദുബായ് സിവിൽ ഡിഫൻസ് സംഘത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ മൂലം വൻ നാശനഷ്ടങ്ങളോ ആളപായമോ ഇല്ലാതെ തീ നിയന്ത്രണവിധേയമാക്കി. ഉച്ചകഴിഞ്ഞ് 2:28-ഓടെയാണ് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിൽ തീപിടിത്തം സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നത്.

അൽ ബർഷ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം വെറും ആറ് മിനിറ്റിനുള്ളിൽ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിർമ്മാണത്തിലിരുന്ന 27 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം 5:03-ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തുടർന്ന് ചൂട് കുറയ്ക്കാനുള്ള കൂളിംഗ് നടപടികൾ തുടങ്ങി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൂളിംഗ് നടപടികൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ പരിശോധനകൾക്കായി സൈറ്റ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും.