- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംശയ രോഗത്തെ തുടർന്നുള്ള മർദ്ദന ഭയത്തിൽ സ്വന്തം വീട്ടിലേക്ക് മടങ്ങിയത് തിരിച്ചു വരില്ലെന്ന ഉറപ്പിച്ച്; ക്ഷമ ചോദിച്ചിട്ടും മടങ്ങാത്തത് വൈരാഗ്യമായി; ആദ്യ ആക്രമണത്തെ ചെറുക്കാൻ പൊലീസിനെ വിളിച്ചപ്പോൾ ഒളിവിൽ മറഞ്ഞു; രാത്രിയിൽ രാജിയുടെ തലയിലേക്ക് ആസിഡ് ഒഴിച്ചത് അയൽക്കാരുടെ മുന്നിൽ വച്ച്; ഇരവിപുരം വാളത്തുങ്കലിൽ കണ്ടത് മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ജയന്റെ ക്രൂരത
കൊല്ലം: സംശയ രോഗത്തെതുടർന്ന് ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. അടുത്ത് നിന്നിരുന്ന 14 കാരിയായ മകൾക്കും അയൽ വീട്ടിലെ രണ്ടു കുട്ടികൾക്കും സംഭവത്തൽ പരിക്കേറ്റു. ഇരവിപുരം വാളത്തുങ്കൽ മംഗാരത്ത് കിഴക്കേതിൽ ജയനാണ് ഭാര്യ രാജി, മകൾ ആദിത്യ, സമീപവാസികളായ പ്രവീണ, നിരഞ്ജന എന്നിവർക്കുനേരേ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ രാജിയും ആദിത്യയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ജയൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. ലഹരി ഉപയോഗിച്ച ശേഷം വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണ്. പരപുരുഷ ബന്ധം ആരോപിച്ചായിരുന്നു വഴക്ക്. ഇതേ തുടർന്ന് ഗത്യന്തരമില്ലാതെ ഇയാൾക്കൊപ്പമുള്ള ജീവിതം മടുത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങി പോയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാജിയുടെ അമ്മാവനുമായി ജയൻ സംസാരിച്ച് ഇനി പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്ന് ഉറപ്പു കൊടുത്തു. തുടർന്ന് ഇയാൾ രാജിയുടെ അടുത്ത് വീണ്ടും എത്തി തന്നോട് ക്ഷമിക്കണം എന്നും തന്റെ ഒപ്പം ജീവിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ രാജി ഇതിന് തയ്യാറായില്ല. ഇക്കാര്യം പറഞ്ഞ് ഇരുവരും പ്രശ്നങ്ങൾ ഉണ്ടായി.
പിന്നീട് ജയൻ രാജി ജോലി ചെയ്യുന്ന ലോട്ടറികടയിലെത്തി പ്രശ്നമുണ്ടാക്കി. കടയുടമയും മറ്റും ഇയാളെ അവിടെ നിന്നും പറഞ്ഞു വിട്ടു. വൈകുന്നേരം കയ്യിൽ ഒരു കുപ്പിയുമായെത്തി രാജിയെ ഭീഷണിപ്പെടുത്തി. തന്റെ ഒപ്പം എത്തിയില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് രാജി ഇരവിപുരം പൊലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ സ്റ്റേഷൻ എസ്ഐ ബിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം രാജിയുടെ വീട്ടിലെത്തി. എന്നാൽ പൊലീസ് വരുന്നതറിഞ്ഞ് ഇയാൾ സ്ഥലം വിട്ടു.
സമീപ പ്രദേശങ്ങളിലെല്ലാം ഇയാൾക്കായി പൊലീസിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ആസിഡ് അല്ല വെളിച്ചെണ്ണയോ മറ്റോ ആയിരിക്കും എന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ തൽക്കാലം ഇയാൾക്കായുള്ള തിരച്ചിൽ മതിയാക്കി പൊലീസ് രാത്രിയോടെ മടങ്ങി. എന്നാൽ 9 മണിയോടു കൂടി ജയൻ രാജിയുടെ വീട്ടിലെത്തുകയും അയൽപ്പക്കത്തെ വീട്ടുകാരുമായി മതിലിനടുത്ത് നിന്ന് സംസാരിക്കുകയായിരുന്ന രാജിയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു.
ആസിഡ് തെറിച്ചു വീണ് മകൾ ആദിത്യയ്ക്കും അയൽവീട്ടിലെ പെൺകുട്ടികൾക്കും പരിക്കേറ്റു. രാജിയുടെയും കുട്ടികളുടെയും നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ജയൻ വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടു. തുടർന്ന് പരിക്കറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ രാജിയേയും ആദിത്യയേയും മെഡിക്കൽ കോളേജിലെ ബേൺ ഐസിയുവിൽ പ്രവേശിപ്പിച്ചു. രാജിയുടെ ശരീരത്തിൽ 39 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. നെഞ്ചിലും മുഖത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്. ആദിത്യയുടെ തുടയിലാണ് പൊള്ളലേറ്റത്. അയൽപ്പക്കത്തെ കുട്ടികളുടെ പൊള്ളൽ ഗുരുതരമല്ല.
സംഭവം അറിഞ്ഞ് ഇരവിപുരം പൊലീസ് വീണ്ടും സ്ഥലത്തെത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ജയൻ സുഹൃത്തുക്കളിൽ ഒരാളോട് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്ന് ഫോണിൽ വിളിച്ചറിയിച്ചു. ഇക്കാര്യം പൊലീസിനെ അറിയിച്ചതോടെ രാത്രിമുഴുവൻ ഇയാളെ തിരയുകയായിരുന്നു പൊലീസ്. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ല. വാഹനം ഉപേക്ഷിച്ചു പോയതിനാൽ ദൂരേക്ക് പോകാൻ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്.
സമീപത്തെ സിസിടിവിയിൽ നിന്നും ഇയാൾ ഓടി രക്ഷപെടുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, എസ്ഐ ബിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.