തിരുവല്ല: ഭാര്യ ഉറങ്ങിക്കിടന്ന മുറിക്ക് ഭർത്താവ് തീയിട്ടു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മനസ്താപം തോന്നിയ ഭർത്താവ് വിടീന് സമീപം തൂങ്ങി മരിച്ചു. നെടുമ്പ്രം നാലൊന്നിൽപ്പടി പടിഞ്ഞാറ് തെക്കേവീട്ടിൽ മാത്തുക്കുട്ടി(63), ഭാര്യ സാറാമ്മ മാത്യു(59) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിൽ രാത്രിയിൽ വഴക്കുണ്ടായരുന്നു. തുടർന്ന് സാറാമ്മ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടന്ന് ഉറങ്ങി. തൊട്ടടുത്ത മുറിയിൽ ഇവരുടെ മകൾ ലിജി മാത്യുവും ഉറക്കമായി. പുലർച്ചെ രണ്ടു മണിയോടെയാണ് ഉറങ്ങി കിടന്ന സാറാമ്മയുടെ ശരീരത്ത് മാത്തുക്കുട്ടി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടി വന്ന മകൾ ലിജിക്കും മാതാവിനെ രക്ഷിക്കാൻ നോക്കുന്നതിനിടെ പൊള്ളലേറ്റു.

80 ശതമാനം പൊള്ളലേറ്റ സാറാമ്മ പുലർച്ചെ 4.30 ന് വണ്ടാനം മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ മരിച്ചു. വിവരം അറിഞ്ഞതിന് പിന്നാലെ മാത്തുക്കുട്ടി വീടിനടുത്തുള്ള തോടിന്റെ കരയിലെ മരക്കൊമ്പിൽ കെട്ടിത്തൂങ്ങി മരിച്ചു.ഇയാളുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുളിക്കീഴ് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യയിലുണ്ടായ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന പ്രാഥമിക വിവരം.