- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കർഷകവിരുദ്ധബില്ലിൽ നിന്ന് ആർക്കാണ് ഗുണം? അദാനിയുടെ 22 കാർഷിക ചരക്കു കടത്തു കമ്പനികളിൽ 20 ഉം ഉണ്ടാക്കിയത് മോദിയുടെ ഭരണകാലത്ത്; ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള സർക്കാർ; 22 കമ്പനികളുടെയും പട്ടിക ട്വീറ്റിലൂടെ പുറത്തുവിട്ട് സിപിഎം; കർഷക സമരം കടുക്കുമ്പോൾ അദാനിക്കെതിരെയും രോഷം പുകയുന്നു
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സ്തംഭിപ്പിക്കുന്ന വിധത്തിൽ കർഷക പ്രക്ഷോഭം കടുക്കുകയാണ്. കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കടുത്ത സമരമുറികളിലേക്ക് കർഷകർ നീങ്ങുമ്പോൾ, നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലാണ് മോദി സർക്കാർ. കർഷകരെ രോഷം കൊളിക്കുന്ന ഘടകങ്ങളിൽ പ്രധാനം കേന്ദ്രസർക്കാറും കോർപ്പറേറ്റുകളും തമ്മിലുള്ള ബന്ധമാണ്. അംബാനിയെയും അദാനിയെയും കർഷകർ എതിർക്കുകയും കോലം കത്തിച്ചുകൊണ്ട് വിമർശനം ഉന്നയിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്.
രാജ്യത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളും വിമാനത്താവളങ്ങളുടെയും നടത്തിപ്പു ചുമതല അദാനി സ്വന്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോൾ കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പ്രധാന നേട്ടം കൊയ്യാൻ പോകുന്നത് അദാനിയാകും എന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. അടുത്തകാലത്ത് ഗൗതം അദാനി തുടങ്ങിയ അഗ്രോ ബിസിനസ് കമ്പനികളും കർഷക ബില്ലുമായുള്ള പരോക്ഷ ബന്ധവും പലരും കൂട്ടിയിണക്കുന്നു. കാർഷിക ബിൽ രാജ്യസഭ പാസാക്കുന്നതിന് മുമ്പ് 2019ൽ അദാനി ഗ്രൂപ്പ് പത്തിലേറെ അഗ്രി കമ്പനികൾക്ക് രൂപം നൽകുകയുണ്ടായി. കാർഷിക വിളകൾ ശേഖരിക്കുന്ന കമ്പനികളാണ് ഇതെന്നാണ് കർഷക സമരത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
ഇതുവെറും ആരോപണം മാത്രമല്ല എന്ന് തെളിയിക്കാനായിരുന്നു കഴിഞ്ഞ ദിവസം സിപിഎം പോസ്റ്റ് ചെയ്ത ട്വീറ്റിലെ അദാനിയുടെ അഗ്രോ ബിസിനസ് കമ്പനികളുടെ പട്ടിക. അദാനിഗ്രൂപ്പിന്റെ ഇരുപതോളം കാർഷിക കമ്പനികളുടെ പേരാണ് സിപിഎം പുറത്തുവിട്ടത്. അദാനി ഗ്രൂപ്പ് പുതുതായി ആരംഭിച്ച കാർഷിക ചരക്ക് കമ്പനികളുടെ എണ്ണം നോക്കിയാൽ കാർഷിക നിയമം ആർക്കുവേണ്ടിയാണെന്ന് വെളിവാകുമെന്നാണ് സിപിഎം ആരോപണം.
'കർഷകവിരുദ്ധബില്ലിൽ നിന്ന് ആർക്കാണ് ഗുണം. ഉത്തരം ഇങ്ങനെ: അദാനിയെപ്പോലുള്ള കോർപ്പറേറ്റുകൾക്ക് ഒട്ടേറെ കാർഷിക ചരക്ക് കടത്തു കമ്പനികളാണുള്ളത്. അദാനിയുടെ 22 കാർഷിക ചരക്കു കടത്തു കമ്പനികളിൽ 20ഉം മോദിയുടെ കാലത്താണ് രൂപപ്പെട്ടത്. ഇത് കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമുള്ള സർക്കാരാണ്-സിപിഎം ട്വീറ്റിൽ പറയുന്നു.
Who is going to benefit from Anti Farmer Bills?
- CPI (M) (@cpimspeak) December 10, 2020
The answer is here: Corporates like Adani who have huge agro logistics firms.
20 out of 22 Adani agro logistics firms were set up during Modi Rule.
A Govt only for the corporates!#सरकार_की_असली_मजबूरी, #अडानी_अम्बानी_जमाखोरी! pic.twitter.com/kvGhNRDsyz
അദാനിയുടെ വിശദീകരണം
എന്നാൽ തങ്ങൾ കർഷകരിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങുകയോ വില നിശ്ചയിക്കുകയോ ചെയ്യുന്നില്ലെന്നാണ് അദാനി അവകാശപ്പെടുന്നത്.ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിന്റെ അളവോ ധാന്യങ്ങളുടെ വിലയോ നിശ്ചയിക്കുന്നതിൽ കമ്പനിക്ക് ഒരു പങ്കുമില്ല. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് സേവനം/അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുക മാത്രമാണ് കമ്പനി ചെയ്യുന്നത്,' അദാനിയുടെ വിശദീകരണ ട്വീറ്റിൽ പറയുന്നു.
വിവാദ കാർഷിക നിയമങ്ങളും കർഷകരുടെ ആശങ്കയും
വിവാദമായ മൂന്ന് ഓർഡിനൻസുകളാണ് രാജ്യസഭയിൽ പാസാക്കിയെടുത്തത്. ഈ നിയമം പൂർണ്ണമായും റദ്ദു ചെയ്യണം എന്നതാണ് കർഷകരുടെ ആവശ്യം.
1) ഫാർമേർസ് എംപവർമെന്റ് ആൻഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ്
ആൻഡ് ഫാം സർവിസ് ബിൽ 2020
2) ഫാർമേർസ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ
ബിൽ 2020
3) എസൻഷ്യൽ കമ്മോദിറ്റീസ് (അമെൻഡ്മെന്റ്) ആക്ട് 2020
ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണ് ഇപ്പോഴത്തെ നിയമം എന്നതാണ് പ്രധാനമായ കാര്യം. പൂർണമായും സംസ്ഥാനങ്ങൾക്ക് നിയന്ത്രണാധികാരമുള്ള കാർഷിക വിഷയത്തിൽ നിയമനിർമ്മാണത്തിന് മുമ്പ് സംസ്ഥാനങ്ങളോട് കൂടിയാലോചനകൾ നടത്തിയില്ലെന്നും സംസ്ഥാനങ്ങൾ ആലോചിക്കുന്നു. അഗ്രികൾച്ചറൽ പ്രൊഡ്യൂസെർസ് മാർക്കറ്റിങ് കമ്മറ്റി അഥവാ എ.പി.എം.എസ് ആണ് സംസ്ഥാനത്തിന് നിയന്ത്രണാധികാരമുള്ള വിഷയത്തിൽ തീരുമാനങ്ങളെടുക്കുന്നത്. ഇത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കുന്ന നീക്കമാണ്.
സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള എ.പി.എം.സി (അഗ്രികൾച്ചറൽ പ്രൊഡ്യൂസെർസ് മാർക്കറ്റിങ് കമ്മറ്റി)കൾ വഴിയാണ് കർഷകർ അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. ഈ എ.പി.എം.എസുകളിൽ ഏജന്റുമാരുണ്ടാകും. അവർക്കാണ് കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നത്. എ.പി.എം.സികൾക്ക് വിവിധ ഭാഗങ്ങളിൽ വിപണികളുണ്ടാകും. ഇത്തരം കമ്മറ്റികളാണ് പിന്നീട് ഈ ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തോ പുറത്തോ വിപണനം ചെയ്യുന്നത്. കർഷകർക്ക് അർഹമായ വില ഉറപ്പു വരുത്തുകയാണ് ഇത്തരം കമ്മറ്റികളുടെ ലക്ഷ്യം.
ഫാർമേർസ് എംപവർമെന്റ് ആൻഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ 2020 നടപ്പാക്കുന്നതോടെ ഇത്തരം എ.പി.എം.സികൾക്ക് അധികാരം നഷ്ടപ്പെടുകയും ഇടനിലക്കാരില്ലാതാകുമെന്നും കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിറ്റഴിക്കാൻ സാധിക്കുമെന്നുമാണ് സർക്കാരിന്റെ ന്യായീകരണം. എന്നാൽ എ.പി.എം.സികൾ ഇല്ലാതാകുന്നതോടെ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വൻകിട കോർപ്പറേറ്റുകൾക്ക് നേരിട്ട് വിൽക്കാം. അതുകൊണ്ട് തന്നെ തങ്ങൾക്കനുകൂലമായ വില നിശ്ചയിച്ച് കോർപ്പറേറ്റുകൾക്ക് കർഷകരെ ചൂഷണം ചെയ്യാൻ സാധിക്കുമെന്നാണ് കർഷക സംഘടനകൾ പറയുന്ന മറുവാദം. എന്നാൽ, എ.പി.എം.സികൾ നിർത്തലാക്കില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. ഇത് മുഖവിലക്കെടുക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല.
ഫാർമേർസ് എംപവർമെന്റ് ആൻഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ 2020 വ്യവസായികൾക്ക് കർഷകരുമായി നേരിട്ട് കരാറിൽ ഏർപ്പെടാൻ അനുമതി നൽകുന്ന നിയമമാണ്. ഇവിടെയാണ് കർഷകർക്ക് ഇടയിലേക്ക് അദാനിയുടെയും അംബാനിയുടെയും കടന്നുവരവ്. കോർപ്പറേറ്റുകൾ കർഷകരുമായി നേരിട്ട് കരാറിൽ ഏർപ്പെടുമ്പോൾ എഴുതിയുണ്ടാക്കുന്ന കരാർ വ്യവസ്ഥകൾ സാധാരണക്കാരായ കർഷകർക്ക് എത്രമാത്രം മനസിലാകും എന്നതും ആശങ്കയുണർത്തുന്ന ഒന്നാണ്. ഇങ്ങനെ കർഷകർ വൻകിട കോർപ്പറേറ്റുകളുമായി കരാറിലേർപ്പെടുമ്പോൾ കടബാധ്യതയുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയുണ്ടായാൽ സാധാരണക്കാരായ കർഷകർ നിയമയുദ്ധം ചെയ്യേണ്ടി വരുന്നത് വൻകിട കോർപ്പറേറ്റുകളുമായാണ്.
അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന കർഷകർക്ക് എങ്ങനെയാണ് വൻകിട വ്യവസായികളുമായി നിയമയുദ്ധം സാധ്യമാവും എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. താങ്ങുവില ഇല്ലാതാകുമെന്ന് കർഷകർ ഭയക്കുന്നു. അങ്ങനെ സംഭവിക്കില്ലെന്ന സർക്കാർ വാദത്തെ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല. മാർക്കറ്റിൽ ഒരു കാർഷിക ഉത്പന്നത്തിന് വിലയിടിവ് സംഭവിച്ചാൽ സർക്കാർ നിശ്ചയിക്കുന്ന ഒരു താങ്ങുവിലയിൽ കർഷകർക്ക് ഈ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകും. എന്നാൽ താങ്ങുവില ഇല്ലാതാകുന്നതോടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകാതെ കർഷകർ പിന്നെയും കടക്കെണിയിലാകും. മുമ്പ് നിലവിലുണ്ടായിരുന്ന എസൻഷ്യൽ കമ്മോദിറ്റീസ് ആക്ടിന്റെ സെക്ഷൻ 3 ൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് മൂന്നാമത്തെ ബിൽ പാസാക്കിയിരിക്കുന്നത്.
കാർഷിക മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നതാണ് എസൻഷ്യൽ കമ്മോദിറ്റീസ് (അമെൻഡ്മെന്റ്) ആക്ട് 2020. സ്റ്റോക്ക് ഹോൾഡിങ് ലിമിറ്റ് എടുത്തു കളഞ്ഞു എന്നുള്ളതാണ് ഈ ബില്ലിന്റെ മറ്റൊരു അപാകതയായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. അതായത് സ്റ്റോക്ക് ചെയ്യാവുന്ന കാർഷിക ഉത്പന്നങ്ങൾക്ക് ഇനി മുതൽ പരിധിയുണ്ടാകില്ല. അതുകൊണ്ട് തന്നെ കോർപ്പറേറ്റുകൾക്ക് പരിധികളില്ലാതെ കാർഷികോൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യാം. ഇതിനുള്ള മുന്നൊരുക്കങ്ങളായി അദാനി കൂടുതൽ കമ്പനികൾ രൂപീകരിച്ചതും എന്നതും ശ്രദ്ധേയമാണ്. കൂടുതൽ സംഭരണ കേന്ദ്രങ്ങൾ തുടങ്ങാനും അദാനി തയ്യാറെടുക്കുന്നു. മാർക്കറ്റിൽ വില കൂടുന്ന ഘട്ടത്തിൽ ഇത് യഥേഷ്ടം വിറ്റഴിക്കാമെന്നതും ശ്രദ്ധേയമാണ്. ചുരുക്കത്തിൽ കാർഷിക മേഖലയിൽ വൻകിട കോർപ്പറേറ്റുകൾക്ക് ഇഷ്ടാനുസരണം കൈകടത്താനുള്ള ലൈസൻസാണ് കാർഷിക ബില്ലുകൾ പാസാക്കിയതിലൂടെ സർക്കാർ ചെയ്തിരിക്കുന്നത് എന്നാണ് കർഷകർ ഉന്നയിക്കുന്ന ആക്ഷേപം.
എ.പി.എം.സികൾക്ക് പൂർണമായും അധികാരം നഷ്ടമാകുന്നതോടെ കോർപ്പറേറ്റുകൾക്ക് ആവശ്യമാംവിധം തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാമെന്നും, കർഷകർ മാർക്കറ്റിൽ നിന്നും പൂർണമായും പുറന്തള്ളപ്പെടുമെന്നും കർഷക സംഘടനകൾ ആരോപിക്കുന്നു. പ്രതിവർഷം 12,000 ത്തോളം കർഷകർ ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്ത് തങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പേലും ഇനി കോർപറേറ്റുകളുടെ ഔദാര്യത്തിനായി കാത്തിരിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് കർഷകർക്ക്. അതുകൊണ്ട് തന്നെയാണ് അവർ കേന്ദ്രസർക്കാറിനെതിരെ സമരവുമായി രംഗത്തുവരുന്നത്. ഈ ആശങ്ക പരിഹരിക്കാൻ ആവശ്യമായി നടപടി സ്വീകരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.