ഗുരുഗ്രാം: ഗുരുഗ്രാമിൽ തിരക്കേറിയ ഹൈവേയിലൂടെ ഓടുന്ന കാറിന് മുകളിൽ മദ്യലഹരിയിൽ യുവാക്കൾ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി വൈകിയാണ് ദ്വാരക എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന സെക്ടർ 86 റോഡിൽ സംഭവം. വീഡിയോ വൈറലായതിനെ തുടർന്ന് ഗുരുഗ്രാം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പിന്നാലെ സഞ്ചരിച്ച മറ്റൊരു കാറിലെ ഡാഷ്കാം ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കറുത്ത നിറത്തിലുള്ള സ്കോർപിയോ കാർ മുന്നോട്ട് നീങ്ങുമ്പോൾ ഒരു യുവാവ് വാഹനത്തിന്റെ സൺറൂഫിലൂടെ പുറത്തേക്ക് എഴുന്നേറ്റ് നിൽക്കുന്നതും, മറ്റൊരാൾ ജനൽ വഴി കാറിന്റെ മുകളിലേക്ക് കയറി ഇരുന്ന ശേഷം പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. ഇരുവരും നന്നായി മദ്യലഹരിയിലായിരുന്നെന്ന് ദൃശ്യങ്ങളിൽ നിന്ന് അനുമാനിക്കാം.

ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. പൊതുസ്ഥലങ്ങളിലെ പെരുമാറ്റരീതികൾ, മദ്യപാന ശീലങ്ങൾ, ട്രാഫിക് നിയമലംഘനങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു പ്രധാന വിമർശനങ്ങൾ. സ്കോർപിയോ, ഥാർ തുടങ്ങിയ വാഹനങ്ങളുടെ ഉടമകൾ നടത്തുന്ന അമിത സാഹസിക പ്രകടനങ്ങളെക്കുറിച്ചും ചിലർ ചോദ്യങ്ങളുയർത്തി. ട്രാഫിക് പോലീസിന്റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് ചിലർ ചൂണ്ടിക്കാട്ടിയപ്പോൾ, ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു. രാത്രികാലങ്ങളിൽ ട്രാഫിക് പോലീസ് ഡ്യൂട്ടിയിൽ ഉണ്ടാകാറില്ലെന്നും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ മാത്രമാണ് അവരുടെ പ്രവർത്തനമെന്നും ചിലർ സംശയം പ്രകടിപ്പിച്ചു.

സാമൂഹിക മാധ്യമങ്ങളിലെ രൂക്ഷമായ പ്രതികരണങ്ങളെ തുടർന്ന് ഗുരുഗ്രാം പോലീസ് വിഷയത്തിൽ കേസെടുത്തിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ അടിസ്ഥാനമാക്കി പ്രതികളെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമങ്ങൾ തുടരുകയാണ്.