- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി; ഈ പണം കെഎസ്ആർടിസി ടെർമിനൽ കരാറിനായി ഉപയോഗിച്ചു; അഞ്ചര കോടി തട്ടിയെടുത്തെന്ന പ്രവാസിയുടെ പരാതിയിൽ അലിഫ് ബിൽഡേഴ്സിനെതിരെ കേസ്; മുഹമ്മദ് യൂനസിന്റെ പരാതിയിൽ കേസെടുത്തത് നടക്കാവ് പൊലീസ്
കോഴിക്കോട്: മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയ നടത്തിപ്പ് കരാറെടുത്ത അലിഫ് ബിൽഡേഴ്സിനെതിരെ പൊലീസ് കേസ്. അഞ്ചര കോടി രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പ്രവാസിയായ മുഹമ്മദ് യൂനസ് നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൗദിയിലെ ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും പിന്നീട് ഈ പണം കെ.എസ്.ആർ.ടി.സി കെട്ടിട കരാറിനായി ഉപയോഗിച്ചെന്നുമാണ് പരാതി. അലിഫ് ബിൽഡേഴ്സ് എം.ഡി മൊയ്തീൻ കോയ ഉൾപ്പെടെ രണ്ട് പേർക്കെതിരെയാണ് കേസ്.
വ്യാജരേഖ കാട്ടിയാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. കെ.എസ്.ആർ.ടി.സി കെട്ടിടം അലിഫ് ബിൽഡേഴ്സിന് നടത്തിപ്പിന് നൽകിയതിൽ ഒത്തുകളി നടന്നെന്ന ആരോപണം നിലവിലിരിക്കെയാണ് പൊലീസ് കേസുണ്ടായത് എന്നതും ശ്രദ്ധേയമാണ്.
കോഴിക്കോട്ടെ കെഎസ്ആർടിസി വാണിജ്യ സമുച്ഛയം അലിഫ് ബിൽഡേഴ്സിന് നടത്തിപ്പിന് നൽകിയതിൽ ഒത്തുകളി നടന്നെന്ന ആരോപണം നിലവിലുണ്ട്. ചതുരശ്ര അടിക്ക് കേവലം 13 രൂപ മാത്രം വാടക ഈടാക്കിയാണ് അലിഫ് ബിൽഡേഴ്സിന് വാണിജ്യ സമുച്ഛയം കൈമാറിയത്. ചതുരശ്ര അടിക്ക് 1800 രൂപ വരെ വാടകയുള്ള സ്ഥലത്താണ് ഈ അന്തരം. കെട്ടിടത്തിന്റെ നടത്തിപ്പുകാരെ സഹായിക്കാൻ കെട്ടിടത്തിൽ വരുത്തിയ രൂപമാറ്റത്തിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു.
കോഴിക്കോട് നഗരത്തിലെ ഏറ്റവും കണ്ണായ പ്രദേശമാണ് മാവൂർറോഡ്. പ്രധാന വാണിജ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ഇവിടെയാണ് നഗരത്തിൽ ഏറ്റവും ഉയർന്ന വാടകയീടാക്കുന്ന കെട്ടിടങ്ങളുമുള്ളത്. കെഎസ്ആർടിസി കോംപ്ലക്സിൽ ബസ് സ്റ്റാന്റിന് സമീപമുള്ള 280 സ്ക്വയർഫീറ്റ് സ്ഥലം കെടിഡിഎഫ്സി കഴിഞ്ഞ വർഷം വാടകയ്ക്ക് നൽകിയത് സ്ക്വയർഫീറ്റിന് മാസം 1600 രൂപയ്ക്കാണ്. ഇതേ കെട്ടിടത്തിന്റെ ബാക്കിയുള്ള ഭാഗങ്ങൾ അലിഫ് ബിൽഡേഴ്സിന് നൽകിയതാവട്ടെ സ്ക്വയർഫീറ്റിന് 13 രൂപയ്ക്കും. കെടിഡിഎഫ്സിയും അലിഫ് ബിൽഡേഴ്സും തമ്മിലുള്ള ഒത്തുകളിക്ക് ഇതിൽപരം എന്ത് തെളിവ് വേണമെന്നാണ് ഇവിടുത്തെ വ്യാപാരികൾ ചോദിക്കുന്നത്.
കെഎസ്ആർടിസി സ്റ്റാന്റിനേക്കാൾ വാണിജ്യ സമുച്ഛത്തിനാണ് കെടിഡിഎഫ്സി പ്രാധാന്യം നൽകിയതെന്നതിന്റെ നിരവധി തെളിവുകളും ഇവിടെയുണ്ട്. താഴത്തെ നിലയിലെ മൂന്ന് തൂണുകൾ ചെറുതാക്കിയാണ് ഇവിടെ എസ്കലേറ്ററുകൾ സ്ഥാപിച്ചത്. 13 നിലകളുള്ള കെട്ടിടത്തിന്റെ താഴെയുള്ള രണ്ട് നിലകളിലെ തൂണുകൾക്ക് ബലക്ഷയമുണ്ടെന്നാണ് ചെന്നൈ ഐഐടി റിപ്പോർട്ട്. മൂന്ന് വട്ടം ടെൻഡർ ചെയ്തിട്ടും കെട്ടിടം വാടകയ്ക്ക് പോകാത്ത സാഹചര്യത്തിലാണ് കൂടുതൽ തുക ക്വാട്ട് ചെയ്ത അലിഫ് ബിൽഡേഴ്സിന് നടത്തിപ്പ് ചുമതല കൈമാറിയതെന്ന് കെടിഡിഎഫ്സി അധികൃതർ പറഞ്ഞു. എങ്കിലും സ്ക്വയർ ഫീറ്റിന് 13 രൂപ എന്നത് കുറഞ്ഞ നിരക്ക് തന്നെ.
കെഎസ്ആർടിസി കെട്ടിട സമുച്ചയം അലിഫ് ബിൽഡേഴ്സിന് പാട്ടത്തിന് സർക്കാർ കൈമാറിയത് ധനവകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും എതിർപ്പ് മറികടന്നാണ്. കെട്ടിട സമുച്ഛയം വെവ്വേറെ യൂണിറ്റുകളായി പാട്ടത്തിന് നൽകുന്നതാണ് ലാഭകരമെന്നായിരുന്നു ധനവകുപ്പിന്റെ നിർദ്ദേശം. വാണിജ്യ സമുച്ഛയത്തിന്റെ നടത്തിപ്പ് കെഎസ്ആർടിസിയെ ഏൽപ്പിക്കണമെന്ന നിർദ്ദേശമാണ് ഗതാഗത വകുപ്പ് മുന്നോട്ടു വെച്ചത്. എന്നാൽ ഈ രണ്ട് നിർദ്ദേശങ്ങളും തള്ളിയാണ് മന്ത്രിസഭ അലിഫ് ബിൽഡേഴ്സിന് കെട്ടിടത്തിന്റെ നടത്തിപ്പ് ചുമതല നൽകിയത്. മുഖ്യമന്ത്രി പിണറായിവിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും പ്രത്യേക താൽപ്പര്യം ഇക്കാര്യത്തിൽ എടുത്തെന്ന ആക്ഷേപവും ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ