കൊച്ചി: ഭക്ഷണം കാൽ കൊണ്ട് തട്ടിത്തെറിപ്പിക്കുകയും ഡെലിവറി ബോയിയെ അക്രമിക്കുകയും ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ രണ്ടു ദിവസമായാണ് സ്വകാര്യ ഭക്ഷണ വിതരണക്കമ്പനിയുടെ ജീവനക്കാരനെ ഒരാൾ അപമാനിക്കുകയും അക്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങളിൽ കഴിഞ്ഞ മാസം 26 ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ നടന്ന സംഭവമാണ് എന്നാണ് സൂചിപ്പിക്കുന്നത്. പക്ഷേ സ്ഥലമെവിടെയെന്നോ ഇവർ ആരാണെന്നോ പറയുന്നില്ല.

ഡെലിവറി ബോയ് വരാൻ താമസിച്ചതിന് കസ്റ്റമർ ചെയ്തത് കണ്ടോ.. എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. ഭക്ഷണവുമായെത്തുന്ന ഡെലിവറി ബോയി ഡോർബെൽ മുഴക്കി പുറത്ത് കാത്തു നിൽക്കുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ വീണ്ടും ബെൽ മുഴക്കി. ഇതോടെ അൽപ്പസമയത്തിനകം ഒരു യുവാവ് വാതിൽ തുറന്ന് പുറത്തേക്ക് വരുന്നു. ഡെലിവറി ബോയിയോട് എന്തൊക്കെയോ സംസാരിക്കുന്നതായി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാം. ഭക്ഷണം ഇയാൾക്ക് നേരെ നീട്ടിയിട്ടും അതു വാങ്ങാൻ കൂട്ടാക്കാതെ തിരികെ കൊണ്ടു പോകാൻ പറയുന്നതായി ആഗ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. ഇതോടെ ഡെലിവറി ബോയി ഭക്ഷണം വീടിന്റെ മുൻവശത്ത് വച്ചു. ഇതിൽ പ്രകോപിതനായ യുവാവ് കാൽ കൊണ്ട് ഭക്ഷണം തട്ടിത്തെറിപ്പിച്ചു.

മുറ്റത്തെ മണ്ണിലേക്ക് ഭക്ഷണ പൊതി വീണതോടെ ഡെലിവറി ബോയി വേഗം അത് കയ്യിലെടുത്ത് വീണ്ടും യുവാവിന് നേരെ നീട്ടി. യുവാവിന്റെ അടുത്തേക്ക് വന്ന് താമസിച്ചതിന് ക്ഷമ ചോദിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഇതോടെ യുവാവ് ഡെലിവറി ബോയിയെ മുറ്റത്തേക്ക് തള്ളിതാഴെയിട്ടു. താഴേക്ക് യുവാവ് തെറിച്ചു വീഴുന്നത് വരെയുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പിന്നീട് അവിടെ എന്ത് നടന്നു എന്ന് വിവരമില്ല. യുവാവിന്റെ വീട്ടിൽ തന്നെ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. വീട്ടിലുള്ള ആരോ ഇത് പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതാകാനാണ് സാധ്യത.

ദൃശ്യങ്ങൾ വളരെ വേഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ചില കമന്റുകൾ ഇങ്ങനെയാണ്;- എന്തുവേണമെങ്കിലും ചെയ്യാം പക്ഷേ കഴിക്കുന്ന ആഹാരത്തോട് ചെയ്യുന്നത് ഈശ്വരൻ പോലും പൊറുക്കില്ല ഒരു നേരത്തെ ആഹാരത്തിന് വേണ്ടി നടക്കുന്ന ജനങ്ങളുടെ ഉണ്ട്. ഇവനു ഒരുകാലത്ത് ആഹാരത്തിനുവേണ്ടി യാചിക്കും

ഒരു നാളിൽ അവൻ കാല് കൊണ്ട് തട്ടി തെറുപ്പിച്ച ഭക്ഷണത്തിന് കണക്ക് പറയേണ്ടി വരും.... ലക്ഷക്കണക്കിന് പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ ഈ തെമ്മാടിത്തരം ദൈവം പൊറുക്കില്ല തീർച്ച

ജീവിക്കാൻ വേണ്ടി പാവം എല്ലാം സഹിക്കുന്നു. വേറെ വല്ലവനും ആയിരുന്നേൽ അവന്റ വായില പല്ല് പോയേനെ. ആഹാര സാധനം ചവിട്ടി തെറിപ്പിച്ച അവൻ ഒരിക്കൽ അതിന്റ വില അറിയും

ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യം ആണെന്ന് ഓർക്കുമ്പോൾ അദ്ഭുതം തോനുന്നു. ഇതൊക്കെ മുകളിൽ ഒരാൾ ഇരുന്ന് കാണുന്നുണ്ട് എന്ന് ഓർത്തോളൂ. കിട്ടുടാ നിനക്ക്, ഉറപ്പാണ്.

ഭക്ഷണം പുറം കാലുകൊണ്ട് തട്ടി കളഞ്ഞു അവൻ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി വേണ്ടി തെണ്ടുന്നകാലം വിദൂരമല്ല.

ഭക്ഷണം കാലുകൊണ്ട് തട്ടികളഞ്ഞത് സ്വന്തം അമ്മയെ തല്ലിയതിനു സമം , കാലം കർമത്തിന്റെ രൂപത്തിൽ തിരിച്ചടിക്കും എന്നും ഈ പണവും പ്രതാപവും ഉണ്ടാകില്ല . ഒരു നേരത്തെ ആഹാരത്തിനു വേണ്ടി നാലാളുടെ മുന്നിൽ കൈ നീട്ടേണ്ട ഗതികേട് വരാതിരിക്കട്ടെ എന്ന് മാത്രം ദൈവത്തോട് പ്രാർത്ഥിക്കാം. നിന്റെ അവസാനം നീ പച്ചനോട്ട് വാരിത്തിന്ന് പണ്ടാരടങ്ങും....കോവിഡ് എന്തോരം സാധുക്കളെ, ഓരോ കുടുംബങ്ങളുടെ ആശ്രയങ്ങളെ കൊണ്ടുപോയി.....ഇവനെയൊന്നും വൈറസുപോലും തിരിഞ്ഞുനോക്കുന്നില്ലല്ലോ. എന്നു പോകുന്നു രോഷപ്രകടനങ്ങൾ.