പത്തനംതിട്ട: മൃഗങ്ങളിലും കോവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത വന്നതിന് പിന്നാലെ ജില്ലയിലെ വനമേഖലയിൽ കാട്ടുപന്നികൾ ചത്തു വീഴുന്നത് ആശങ്ക പടർത്തുന്നു. കോന്നി, റാന്നി വനം ഡിവിഷനുകളിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ആന ഉൾപ്പെടെ നിരവധി വന്യജീവികളാണ് അജ്ഞാത രോഗം മൂലം ചത്തുവീണിട്ടുള്ളത്. വൈറസ് രോഗബാധയാണ് ഇവയുടെ മരണ കാരണമെങ്കിലും വനംവകുപ്പ് ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടില്ല.

ഇതിനിടെ പത്തനംതിട്ടയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടുപന്നികൾ വ്യാപകമായി ചത്തു വീഴുന്നുണ്ട്. ഇവയുടെ മൂക്കിലും വായിലും നിന്ന് സ്രവം ഒലിച്ചിറങ്ങിയത് വാർത്തയായിരുന്നു. ഇതു സംബന്ധിച്ച് വിശദമായ പരിശോധനകൾക്ക് മുതിരാതെ തിടുക്കപ്പെട്ട് കുഴിച്ചു മൂടുകയാണ് വനം ഉദ്യോഗസ്ഥർ ചെയ്തത്. ജനവാസ കേന്ദ്രങ്ങളിലെ മാലിന്യങ്ങൾ ഭക്ഷണമാക്കിയിരുന്ന കാട്ടുപന്നികൾക്ക് കോവിഡ് രോഗികൾ ഉപയോഗിച്ച് വലിച്ചെറിഞ്ഞ വസ്തുക്കളിൽ നിന്നും രോഗബാധ ഏറ്റതാണോ മരണത്തിന് കാരണമായത് എന്നത് സംബന്ധിച്ച് ഇനിയും സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അതിനിടെ വനപാലകർക്കിടയിലും കൂട്ടത്തോടെ കോവിഡ് ബാധിക്കുകയാണ്. ഓഫീസ് ജോലിയിൽ റൊട്ടേഷൻ ഏർപ്പെടുത്തിയെങ്കിലും ഫീൽഡിലുള്ളവർക്ക് അത് നൽകാതിരുന്നതാണ് രോഗബാധ വർധിക്കാൻ കാരണമായത്. മിക്ക ഫോറസ്റ്റ് സ്റ്റേഷനുകളലും വനപാലകർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായിട്ടും മതിയായ സുരക്ഷാ, ഡ്യൂട്ടി ക്രമീകരണങ്ങൾക്ക് മേലധികാരികൾ തയാറായിരുന്നില്ല. സംസ്ഥാനമൊട്ടാകെ വനംവകുപ്പിൽ 171 പേർക്ക് രോഗം ബാധിച്ചു. ഇതോടെയാണ് അധികൃതരുടെ കണ്ണ് തുറന്നത്. വനംവകുപ്പിലെ ഫീൽഡ് ഓഫീസർമാർക്കിടയിൽ റൊട്ടേഷൻ ഡ്യൂട്ടി ഏർപ്പെടുത്തി വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി. പുകഴേന്തി ഉത്തരവ് ഇറക്കി.

പൊലീസ്, ആരോഗ്യവകുപ്പുകളിലേതു പോലെ കോവിഡിന്റെ രണ്ടാം തരംഗം ഫോറസ്റ്റ് സ്റ്റേഷനുകളിലും ആഞ്ഞടിക്കുമ്പോഴും ഫീൽഡ് വർക്ക് ചെയ്യുന്ന വനപാലകർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്നായിരുന്നു പരാതി. ഇവർക്ക് തുടർച്ചയായി ഡ്യൂട്ടി നൽകുന്നത് ജീവനക്കാർക്കിടയിൽ അതിവേഗം കോവിഡ് പടരാൻ കാരണമായി. സ്ഥിതി ഗുരുതരമായപ്പോൾ ഓഫീസ് ജീവനക്കാരിൽ 25 ശതമാനം പേർ മാത്രം ഹാജരായാൽ മതിയെന്നും വനം വകുപ്പ് ആവശ്യ സർവീസ് ആയതിനാൽ ഫീൽഡ് സ്റ്റാഫുകൾ എല്ലാം പൂർണമായി ഡ്യൂട്ടി ചെയ്യണമെന്നും ഉത്തരവ് ഇറങ്ങി. ഇതിലെ അപാകതകൾ പരിഹരിച്ച് ഫീൽഡ് സ്റ്റാഫുകൾക്ക് മതിയായ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കണമെന്നായിരുന്നു ഫീൽഡ് ജീവനക്കാരുടെ ആവശ്യം.

വന സംരക്ഷണ പ്രവർത്തനങ്ങളിൽ (കാട്ടുതീ പ്രതിരോധം, വന സംരക്ഷണം, മനുഷ്യ വന്യജീവി സംഘർഷം, നിയമം നടപ്പാക്കൽ, നഴ്സറി പരിപാലനം, പട്രോളിങ്, സൂ പരിപാലനം തുടങ്ങിയവ) ഏർപ്പെട്ടിരിക്കുന്ന സംരക്ഷണ വിഭാഗം ജീവനക്കാർ ജോലിയിൽ തുടരേണ്ടതാണ്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തേണ്ടതും ഒപ്പം വനസംരക്ഷണ പ്രവർത്തനങ്ങൾ കോട്ടം വരാതെ നോക്കേണ്ടതും അത്യാവശ്യമാണന്ന് ഉത്തരവിൽ പറയുന്നു.

ഈ സാഹചര്യത്തിൽ മുഴുവൻ ഫീൽഡ് ജീവനക്കാരെയും ഒരേ സമയം ഡ്യൂട്ടിക്ക് നിയോഗിക്കാതെ സ്റ്റേഷനുകളിലും സെക്ഷനുകളിലും മറ്റ് ഫീൽഡ് വിഭാഗങ്ങളിലും ലഭ്യമായ സൗകര്യങ്ങളും ഡ്യൂട്ടിയുടെ അനിവാര്യതയും പരിഗണിച്ച് ആവശ്യം വേണ്ട ജീവനക്കാരെ മാത്രം റൊട്ടേഷൻ അനുസരിച്ച് നിയോഗിച്ച് വനം വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾ ഭംഗിയായി നിർവഹിക്കണമെന്നാണ് നിർദ്ദേശം.