- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക സംവരണം പ്രകടനപത്രികയിലെ നയത്തിന് അനുസരിച്ച്; ഒരാളുടെ ആനുകൂല്യത്തെയും ഇല്ലാതാക്കുന്നില്ല; വരുമാന പരിധി പോലുള്ള കാര്യങ്ങളിൽ അപാകതയുണ്ടെങ്കിൽ പരിശോധിക്കാം; രാജ്യത്താകെ ബാധകമായ നിയമമാണിത്; ഇതിന്റെ പേരിൽ സർക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നവർ ഈ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളണം; വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: സംവരണ വിഷയത്തിൽ മുസ്ലിംലീഗ് അടക്കമുള്ളവർ സർക്കാറിനെതിരെ പ്രതിഷോധവുമായി രംഗത്തുവരുന്ന ഘട്ടത്തിൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സംവരണത്തെ സംബന്ധിച്ച നയം എൽഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ കാര്യമാണെന്നും ഇക്കാര്യം കോൺഗ്രസും അനുകൂലിച്ച കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വരുമാന പരിധി പോലുള്ള കാര്യങ്ങളിൽ അപാകത ഉണ്ടെങ്കിൽ പരിഹരിക്കാമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ആരുടെയും സംവരണം ഇല്ലാതായിട്ടില്ല. ഒരാളുടെ സംവരണ ആനുകൂല്യത്തേയും ഇല്ലാതാക്കുകയുമില്ല. മറിച്ച് പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം ഉറപ്പാക്കാനും പുതിയ മേഖലകളിൽ അവർക്ക് പ്രാതിനിധ്യം നൽകാനുമാണ് സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയിൽ 579-ാമത് നിർദ്ദേശമായി ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്.
'സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്നതിനുള്ള സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണ് ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ ഇന്നുള്ള തോതിൽ സംവരണം തുടരുമെന്ന നയത്തിൽ എൽ.ഡി.എഫ് ഉറച്ചുനിൽക്കുന്നു.
ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കു തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം മുന്നോക്കസമുദായങ്ങളിലെ പാവപ്പെട്ടവർക്ക് 10% സംവരണം ഏർപ്പെടുത്തുകയും വേണം. ഈ രണ്ടു കാര്യങ്ങളും നടപ്പിൽ വരുത്തുവാൻ ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇത്തരമൊരു ഭരണഘടനാഭേദഗതി നടപ്പിൽവരുത്താൻ എൽഡിഎഫ് പരിശ്രമിക്കുന്നതായിരിക്കും.'
സംവരണത്തെ സംബന്ധിച്ച ഈ നയമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി അതിന്റെ പ്രകടനപത്രികയിൽ വ്യക്തമാക്കിയത്. അതായത് നിലവിലുള്ള സംവരണം അതേപോലെ നിലനിർത്തണം എന്ന സമീപനം മുന്നോട്ടുവച്ചു. അതു തുടരുമ്പോൾ തന്നെ മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് 10% സംവരണം ഏർപ്പെടുത്തണമെന്നുമാണ് പറഞ്ഞത്. ഇത്തരമൊരു സ്ഥിതിയുണ്ടാകണമെങ്കിൽ ഭരണഘടനാ ഭേദഗതി അനിവാര്യമാണ്.
അതിന്റെ അടിസ്ഥാനത്തിൽ പാർലമെന്റിൽ ഭരണഘടനാഭേദഗതി കൊണ്ടുവന്നു. ഇന്ത്യയിലെ കോൺഗ്രസും ഇടതുപക്ഷവുമുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഈ ബില്ലിനെ പിന്തുണച്ചു. സന്നിഹിതരായിരുന്ന 326 അംഗങ്ങളിൽ 323 പേരും അനുകൂലിച്ച് വോട്ട് ചെയ്ത് പാസാക്കിയ നിയമമാണ് ഇത്. ആ നിയമമാണ് ഇപ്പോൾ കേരളത്തിൽ നടപ്പിലാക്കുന്നത്. രാജ്യത്താകെ ബാധകമായ നിയമമാണിത്. ഇതിന്റെ പേരിൽ സർക്കാരിനെതിരെ പ്രക്ഷോഭം നയിക്കുന്നവർ ഈ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളേണ്ടതുണ്ട്.
നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഈ നിയമം ഹനിക്കുന്നില്ല. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പൊതു മത്സര വിഭാഗത്തിൽനിന്ന് 10% നീക്കി വയ്ക്കുകയാണ് ഉണ്ടായിട്ടുള്ളത്. നിലവിലുള്ള സംവരണ വിഭാഗങ്ങൾക്ക് അതേ ആനുകൂല്യം തുടരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ