ചെങ്ങന്നൂർ: സൈന്യത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് ഇരുനൂറോളം പേരിൽ നിന്നായി കോടിക്കണക്കിന്‌രൂപ തട്ടിയെടുത്ത 'കേണൽ' പൊലീസിന്റെ പിടിയിൽ. കൊട്ടാരക്കര വാളകം അണ്ടൂർ പൂവണത്തുംവിള പുത്തൻ വീട്ടിൽ നിന്നും മംഗലാപുരം കൻകനാടി ശ്രീറാം റസിഡൻസിയിൽ താമസിക്കുന്ന സന്തോഷ് കുമാറാ(46)ണ് പിടിയിലായത്. വെൺമണി കോടുകുളഞ്ഞി കരോട് സുരേഷ് ഭവനിൽ സൂരജിന്റെ പരാതിയിലാണ് അറസ്റ്റ്.

ആലപ്പുഴ എസ്‌പി ജി. ജയദേവിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡിവൈ.എസ്‌പി ആർ. ജോസിന്റെ നേതൃത്വത്തിൽ വെണ്മണി പൊലീസ് ഇൻസ്പെക്ടർ ഷിഹാബുദ്ദീനും സംഘവുമാണ് കൊച്ചിയിലുള്ള ഓഫീസിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. മുൻപ് സൈന്യത്തിൽ ജോലി ചെയ്തിരുന്ന സന്തോഷ്‌കുമാറിനെ സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ സർവീസിൽ നിന്ന് നീക്കിയതാണ്. അതിന് ശേഷമാണ് താൻ കേണലാണെന്ന് പരിചയപ്പെടുത്തി സൈന്യത്തിലും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ആരംഭിക്കുന്നത്.

2016 ൽ നെയ്യാർ ഡാം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അതേ വർഷം തന്നെ ഹരിപ്പാട് പൊലീസ് സമാനമായ തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. കൊട്ടാരക്കര, കായംകുളം, പാലക്കാട് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസ് നിലവിലുണ്ട്. കായംകുളത്ത് നിന്ന് മാത്രമായി രണ്ടു കോടിയും ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒന്നേകാൽ കോടിയും ഇയാൾ തട്ടിച്ചെടുത്തു.

ഏജന്റുമാരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഒരു ഉദ്യോഗാർഥിക്ക് രണ്ടു ലക്ഷം രൂപ 'കേണലിന്റെ' കൈയിൽ കിട്ടണം. ഏജന്റിന് കേണലായിട്ട് ഒന്നും കൊടുക്കില്ല. അതു കാരണം ഏജന്റ് ഉദ്യോഗാർഥിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ വരെ വാങ്ങിയെടുക്കും. പണം നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനെയുമാണ് നൽകിയിരുന്നത്.

പണം നൽകുന്ന ഉദ്യോഗാർഥിക്ക് വ്യാജ പോസ്റ്റിങ് ഓർഡർ നൽകുന്നതാണ് രീതി. ഓർഡറിൽ തീയതി മാത്രം ഉണ്ടാകില്ല. രാജ് മന്നാർ എം.എ, കേണൽ, ഡയറക്ടർ ആരോ മംഗളൂരു എന്ന പേരിലുള്ള സീലും ഒപ്പും മംഗളൂരു ആർമി റിക്രൂട്ട്മെന്റ് ഓഫീസിന്റെ സീലും പതിപ്പിച്ചാണ് വ്യാജ നിയമന ഉത്തരവ് നൽകുന്നത്. ജോലിയിൽ പ്രവേശിക്കേണ്ട തീയതി മാത്രം നിയമന ഉത്തരവിലുണ്ടാകില്ല. ജോയിൻ ചെയ്യേണ്ട തീയതി താൻ അറിയിക്കാമെന്നും അപ്പോൾ മാത്രം പോയാൽ മതിയെന്നും നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാർഥികളോട് പറയും.

ഇതിനിടയിൽ ഒരു ഉദ്യോഗാർഥിക്ക് നൽകിയ നിയമന ഉത്തരവിൽ തീയതിയും നൽകിയിരുന്നു. ഇതനുസരിച്ച് ഉദ്യോഗാർഥി വീട്ടുകാരോട് യാത്രയൊക്കെ പറഞ്ഞ് ജോലിയിൽ ചേരാൻ മംഗലാപുരത്തേക്ക് പോകാൻ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഇയാളെ യാത്രയാക്കാൻ പോയ സുഹൃത്തിന് സംശയം തോന്നി നിയമന ഉത്തരവ് പരിശോധിച്ചപ്പോൾ തട്ടിപ്പാണെന്ന് സൂചന ലഭിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ ഉത്തരവ് വ്യാജമാണെന്ന് മനസിലാക്കിയിരുന്നു.

വെണ്മണി സ്റ്റേഷൻ പരിധിയിൽ മൂന്നു പേരിൽ നിന്നായി 8.50 ലക്ഷം രൂപയാണ് പ്രതി കൈക്കലാക്കിയത്. ഇവർ പണം നൽകുന്ന ദൃശ്യം ഒളികാമറയിൽ ഷൂട്ട് ചെയ്തിരുന്നു. താൻ തട്ടിപ്പു നടത്തിയെന്നും പണം വാങ്ങിയെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്താണ് ഇയാളെ കുറിച്ചുള്ള പരാതി പൊലീസിന് ലഭിച്ചത്. തട്ടിപ്പ് നടത്തുന്നതിനായി എറണാകുളം പാലാരിവട്ടത്ത് പ്രതി വിശാലമായ ഓഫീസ് തുറന്നുവെന്ന് പൊലീസ് മനസിലാക്കി. അന്വേഷിച്ച് ഇവിടെ എത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.

തുടർന്ന് മഫ്തിയിൽ ഒരു പൊലീസുകാരൻ ഇയാളുടെ ഓഫീസിന് തൊട്ടടുത്തുള്ള സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലിയിൽ പ്രവേശിച്ചു. നിരന്തരമായി നടന്നു വന്ന നിരീക്ഷണത്തിനൊടുവിൽ വെള്ളിയാഴ്ച ഒരു പുതിയ ഇന്നോവ ക്രിസ്റ്റ കാറിൽ പ്രതി വന്നിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കാർ സഹിതം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നോവ ക്രിസ്റ്റയുടെ ഏറ്റവും കൂടിയ മോഡൽ വാഹനമായിരുന്നു ഇത്.
ഇതിൽ നിന്ന് പത്തോളം ഉദ്യോഗാർഥികളുടെ അപേക്ഷയും ചിലരുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകളും കണ്ടെടുത്തു. തട്ടിപ്പിനായി പണം വാങ്ങി കഴിഞ്ഞാലുടൻ മംഗലാപുരത്തോ എറണാകുളത്തോ വിളിച്ചു വരുത്തി ടെസ്റ്റ് നടത്തും. പട്ടാള റിക്രൂട്ട്മെന്റ് ഓഫീസിൽ കാണിക്കാനാണെന്ന് പറഞ്ഞ് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ശാരീരിക അളവെടുക്കും. പിന്നാലെ ഓടി വിയർത്തതാണെന്ന് തോന്നിപ്പിക്കാൻ വേണ്ടി തല വഴി വെള്ളമൊഴിച്ച ശേഷം ചിത്രവുമെടുക്കും. മറ്റെന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാണോ ചിത്രമെടുത്തത് എന്നതിനെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്‌പി ആർ. ജോസ് പറഞ്ഞു.

ഭാര്യയും മൂന്നുമക്കളും ഇയാൾക്കുണ്ട്. ഭാര്യ ഇന്ത്യൻ റെയിൽവേയിൽ ഉന്നത പദവിയിലാണെന്നും അതു കൊണ്ട് അവിടെ ജോലി നൽകാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. 2016 ൽ നെയ്യാർ ഡാം പൊലീസ് സമാനമായ തട്ടിപ്പിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷമാണ് വിവിധ ജില്ലകളിൽ കറങ്ങി നടന്ന് തന്റെ പ്രവർത്തന മേഖല വിപുലീകരിച്ചത്.

നിയമന ഉത്തരവ് കിട്ടി മാസങ്ങൾ കഴിഞ്ഞാലും ജോയിൻ ചെയ്യാൻ കഴിയാത്തവർ പണം തിരികെ ചോദിച്ച് ഇയാൾക്ക് മുന്നിലെത്തും. അപ്പോൾ കുറച്ച് പണം തിരികെ നൽകും. ബാക്കി കൂടി കിട്ടുമെന്ന പ്രതീക്ഷയിൽ പണം പോയവർ പരാതിക്ക് പോകാറുമില്ല. ഒരു മേഖല കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി, പണം മുഴുവൻ വാങ്ങിയെടുത്തു കഴിഞ്ഞാൽ കുറച്ചു കാലം മാത്രമാകും അവിടെ തുടരുക. പിന്നീട് മറ്റൊരു സ്ഥലം കേന്ദ്രീകരിച്ചാകും തട്ടിപ്പ്.

മംഗലാപുരത്തും എറണാകുളത്തും ഭംഗിയായി ഫർണിഷ് ചെയ്ത ഓഫീസുണ്ട്. ഇയാൾ ശരിക്കും കേണലാണെന്ന് തെറ്റിദ്ധരിച്ച് ആ രീതിയിൽ പെരുമാറുന്നവരുമുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. വീടും വസ്തു വകകളുമെല്ലാം ബിനാമി പേരിൽ ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്.