- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്ലാം മതമാണെന്നും, രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും വ്യക്തമാക്കുന്ന റിപ്പബ്ലിക്കൻ ചാർട്ടർ അംഗീകരിക്കണം; മുസ്ലിം സംഘടനകളിലെ വിദേശ ഇടപെടലുകളും നിരോധിച്ചു; 15 ദിവസത്തിനകം ഇസ്ലാമിക സംഘടനകൾ ഇതിൽ തീരുമാനം അറിയിക്കണം; ഫ്രാൻസിലെ ഭീകര പ്രവർത്തനങ്ങൾക്കും അറുതി വരുത്താനുറച്ച് മാക്രോൺ
പാരീസ് : റിപ്പബ്ലിക്കൻ ചാർട്ടർ അംഗീകരിക്കാൻ മുസ്ലിം മത നേതാക്കൾക്ക് നിർദ്ദേശം നൽകി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. രാജ്യത്ത് തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇസ്ലാം മതമാണെന്നും, രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും വ്യക്തമാക്കുന്നതാണ് റിപ്പബ്ലിക്കൻ ചാർട്ടർ. ഇതിന് പുറമേ മുസ്ലിം സംഘടനകളിലെ വിദേശ ഇടപെടലുകളും ചാർട്ടർ പ്രകാരം നിരോധിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കണമെന്നാണ് ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലിം ഫെയ്ത്ത് എന്ന സംഘടനയോടും മത നേതാക്കളോടും മാക്രോൺ നിർദ്ദേശിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ അംഗീകരിക്കണമെന്നാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ അന്ത്യശാസനം.
ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലിം ഫെയ്ത്തിന്റെ നേതാക്കളുമായി ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമാനിനൊപ്പം മാക്രോൺ നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് ഇമാമുകളുടെ ദേശീയ കൗൺസിലിന് രൂപം നൽകിയിരുന്നു. ഇമാമുകളെ ഔദ്യോഗികമായി അംഗീകരിക്കുകയും പിൻവലിക്കുകയും ചെയ്യുന്നതിന് ഈ കൗൺസിലിന് അംഗീകാരം നൽകിയിരുന്നു.ഇസ്ലാമിക വിഘടനവാദം എന്തുവിലകൊടുത്തും തുടച്ചുനീക്കാൻ ലക്ഷ്യമിട്ടാണ് മാക്രോൺ മുന്നോട്ട് പോകുന്നത്. മതമൗലികവാദം ചെറുക്കാ കർശന വ്യവസ്ഥകളോടെ നിയമം നടപ്പാക്കും.
മതപരമായ കാര്യങ്ങളുടെ പേരിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പൊതുവിദ്യാഭ്യാസം എല്ലാ വിദ്യാർത്ഥികൾക്കും സാധ്യമാകുന്ന രീതിയിൽ നടപടികൾ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ദേശീയ തിരിച്ചറിയൽ നമ്പർ നൽകുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്. നിർബന്ധിത വിദ്യാഭ്യാസനിയമം ലംഘിക്കുന്ന മാതാപിതാക്കൾക്ക് ആറുമാസം വരെ തടവും വലിയ പിഴയും ലഭിക്കാം.
മതമൗലിക വാദം ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ പരിശ്രമത്തിൽ മാക്രോണിന്റെ ചുവടുവയ്പുകൾ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. പ്രവാചകൻ മുഹമ്മദ് നബിയുടെ വിവാദമായ കാരിക്കേച്ചറുകൾ വിദ്യാർത്ഥികളെ കാണിച്ചെന്ന പേരിൽ 47 കാരനായ സാമുവൽ പാറ്റിയെന്ന അദ്ധ്യാപകനെ കഴിഞ്ഞ മാസം മതമൗലിക വാദികൾ തലയറുത്തുകൊലപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് മതമൗലിക വാദത്തെ ഇല്ലാതാക്കാനുള്ള നടപടികൾ ഇമ്മാനുവൽ മാക്രോൺ ആരംഭിച്ചത്.സംഭവത്തിന് പിന്നാലെ നിരവധി പള്ളികളും മദ്രസകളും അടച്ച് പൂട്ടുകയും, ഹമാസ് അനുകൂല മുസ്ലിം സംഘടനടക്കം മതമൗലിക വാദികൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
മതമൗലികവാദത്തെയും ഭീകരാക്രമണത്തെയും ശക്തമായ ഭാഷയിൽ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് മതേതരത്വത്തെയും ബഹുസ്വരതയേയും ഉയർത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാരിക്കേച്ചറുകൾ കുറ്റകരമെന്ന് ഇസ്ലാംമതവിശ്വാസികൾ കരുതിയാലും അവ പ്രസിദ്ധീകരിക്കാനുള്ള അവകാശം രാജ്യത്ത് ചോദ്യം ചെയ്യപ്പെടേണ്ടതില്ലെന്ന അഭിപ്രായമാണ് മാക്രോൺ മുന്നോട്ടുവച്ചത്.
ആഗോളതലത്തിൽ പ്രതിസന്ധിയിലായിരിക്കുന്ന മതമാണ് ഇസ്ലാം എന്ന് മാക്രോൺ അടുത്തിടെ വിശേഷിപ്പിച്ചിരുന്നു. രാജ്യത്തെയും പള്ളികളെയും ഔദ്യോഗികമായി വേർതിരിച്ച് നിർത്തുന്ന 1905ലെ നിയമം ശക്തിപ്പെടുത്താൻ ഡിസംബറിൽ ഒരു ബില്ല് കൊണ്ടു വരുമെന്നും മാക്രോൺ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം പള്ളികൾക്ക് ലഭിക്കുന്ന വിദേശ ഫണ്ടിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നീക്കം ഉണ്ടായിരുന്നു.
അതിനിടെ ഫ്രഞ്ച് പ്രസിഡന്റിനെതിരെ രൂക്ഷവിമർശനമാണ് തുർക്കി പ്രസിഡന്റ് റസിപ് തയിപ് എർദോഗൻ ഉന്നയിച്ചത്.ഫ്രഞ്ച് പ്രസിഡന്റിന്റെ മനോനില പരിശോധിക്കേണ്ടതുണ്ടെന്ന് എർദോഗൻ പറഞ്ഞു'വ്യത്യസ്തമായ വിശ്വാസങ്ങളിൽ ഉൾപ്പെടുന്ന ലക്ഷക്കണക്കിന് ആളുകളെ ഒരു രാജ്യത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി ഇങ്ങനെയാണ് കാണുന്നതെങ്കിൽ എന്താണ് പറയേണ്ടത്.
ആദ്യം, അയാളുടെ മനോനില പരിശോധിക്കണം എന്ന്' ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ എർദോഗാൻ പറഞ്ഞു.അതേസമയം എർദോഗന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തുർക്കിയിലെ അംബാസഡറെ ഫ്രാൻസ് തിരികെ വിളിച്ചതായും റിപ്പോർട്ടുണ്ട്. തുർക്കി പ്രസിഡന്റെ വിമർശനങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ അറിയിക്കുന്നതിനായി മാക്രോണുമായി കൂടിക്കാഴ്ച നടത്തുന്നതിനായാണ് അസാധാരണ നീക്കത്തിലൂടെ അങ്കാറയിൽ നിന്ന് ഇയാളെ തിരികെ വിളിപ്പിച്ചതെന്നാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ അടുത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്