- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്പലപ്പുഴയിൽ വീണ്ടും മത്സരിക്കാൻ മോഹിച്ചിട്ടും സ്ഥാനാർത്ഥി ആക്കിയില്ല; നിസ്സഹകരണത്തിലേക്ക് കടന്നത് ഇതിന് ശേഷമെന്ന വിമർശനം ശരിവച്ച് അന്വേഷണ കമ്മീഷൻ; എച്ച്.സലാമിനെ കാര്യമായി പിന്തുണയ്ക്കാനോ, കുപ്രചാരണങ്ങളുടെ മുന ഒടിക്കാനോ ശ്രമിച്ചില്ല; ജി.സുധാകരന് എതിരെ നടപടി വരും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ പ്രചാരണത്തിൽ വീഴ്ച വരുത്തിയ ജി.സുധാകരന് എതിരെ നടപടിക്ക് സാധ്യത. അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചു. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. അതേസമയം വീഴ്ച വരുത്തിയ സുധാകരനെതിരെ ഏത് രീതിയിലുള്ള നടപടി വേണമെന്ന ശുപാർശ റിപ്പോർട്ടിൽ ഇല്ല.
സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ചചെയ്ത ശേഷമാകും ഏത് രീതിയിലുള്ള നടപടിയാകും സുധാകരനെതിരെ സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുക. ഇന്ന് വൈകീട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. ജൂലൈയിൽ നടന്ന സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിക്കുന്ന ഏക നേതാവ് ജി. സുധാകരനാണ്. ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുധാകരന്റെ ഭാഗത്തുനിന്ന് ചില വീഴ്ചകളുണ്ടായി. ഇടത് സ്ഥാനാർത്ഥിയുടെ വിജയത്തിനാവശ്യമായ നടപടികളല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സിപിഎം സംസ്ഥാന സമിതി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നുണ്ട്.
മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ ജി.സുധാകരന്റെ നടപടികളെ വിമർശിക്കുന്ന റിപ്പോർട്ടിൽ എംഎൽഎ എച്ച്. സലാമിനെതിരെയും വിമർശനമുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ.തോമസ് എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. തിരഞ്ഞെടുപ്പിൽ ജി.സുധാകരൻ നിഷേധ സമീപനമെടുത്തെന്ന് റിപ്പോർട്ടിൽ പറയുന്നു. അമ്പലപ്പുഴയിലെ സ്ഥാനാർത്ഥിയെ പിന്തുണച്ചില്ല. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും സഹായകരമായ നിലപാട് സ്വീകരിച്ചില്ല. സ്ഥാനാർത്ഥിക്കെതിരെ നടന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാതെ മൗനം നടിച്ചു. എച്ച്. സലാം തിരഞ്ഞെടുപ്പ് കമ്മിറ്റിയുമായി സഹകരിച്ച് പ്രവർത്തിച്ചില്ലെന്നും ഒരു വിഭാഗക്കാരനാണെന്ന പ്രചാരണത്തെ മറികടക്കാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അമ്പലപ്പുഴ വിഷയം ചർച്ച ചെയ്ത സംസ്ഥാന കമ്മിറ്റിയോഗത്തിലും ജില്ലാ കമ്മിറ്റി യോഗത്തിലും ജി.സുധാകരൻ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥിത്വത്തിൽനിന്ന് ഒഴിവാക്കപ്പെട്ട സുധാകരൻ തനിക്കു സഹകരണമൊന്നും നൽകിയില്ലെന്ന് സലാം ആരോപിച്ചത്. തന്നെ എസ്ഡിപിഐക്കാരനായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾക്കു കൂട്ടുനിന്നെന്നും ആദ്യഘട്ടത്തിൽ പ്രചാരണത്തിനെത്തിയില്ലെന്നും സലാം കുറ്റപ്പെടുത്തി. ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗവും സുധാകരനെ കുറ്റപ്പെടുത്തിയോടെ സംസ്ഥാന കമ്മിറ്റി വിഷയം പരിശോധിക്കുമെന്ന് ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ യോഗത്തെ അറിയിക്കുകയായിരുന്നു.
തുടർന്ന്, തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന 2 ദിവസത്തെ സംസ്ഥാന കമ്മിറ്റി നേരിട്ട് അന്വേഷണം നടത്താൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ ചില സംഘടനാ വിഷയങ്ങൾ ഉയർന്നെന്നും അവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനു സഹായകരമല്ലാത്ത ചില പ്രവർത്തനങ്ങൾ ഉണ്ടായെന്നുമായിരുന്നു സെക്രട്ടേറിയറ്റ് അംഗീകരിച്ച തിരഞ്ഞെടുപ്പ് റിപ്പോർട്ട്. കമ്മിഷൻ മുൻപാകെ തെളിവു നൽകാനെത്തിയ ഭൂരിഭാഗം പേരും ജി.സുധാകരനെ വിമർശിച്ചു. വോട്ടിങ് ശതമാനം അടക്കമുള്ള കണക്കുകൾ നിരത്തിയാണ് സുധാകരൻ കമ്മിഷനു മുന്നിൽ തന്റെ നിലപാട് വിശദീകരിച്ചത്.
സാധാരണ പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചു കഴിഞ്ഞാൽ അച്ചടക്ക നടപടിയുണ്ടാകാറില്ല. എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമായതിനാൽ സമ്മേളന കാലത്തെ നടപടിക്കു തടസ്സമില്ലെന്നു നേതൃത്വം വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ സുധാകരനെതിരെ നടപടിയുണ്ടാകാനാണു സാധ്യത.
പല നേതാക്കൾക്കും പാർലമെന്ററി വ്യാമോഹം കലശലാണെന്ന് സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് വിലയിരുത്തിയിട്ടുണ്ട്. അമ്പലപ്പുഴയിൽ വീണ്ടും മത്സരിക്കാൻ സുധാകരൻ ആഗ്രഹിച്ചിരുന്നെന്നും സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിനാലാണ് നിസഹകരണത്തിലേക്കു കടന്നതെന്നുമാണ് വിമർശനം. അതുകൊണ്ടു തന്നെ പാർട്ടി നടപടി ശക്തമാകാനാണു സാധ്യത.
മറുനാടന് മലയാളി ബ്യൂറോ