- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നുമ്മടെ കെ. എസ്. ടി.പി. ഇങ്ങനാണ് ഭായ്; പുനലൂരിൽ ലക്ഷങ്ങൾ ചെലവിട്ട ഗാബിയൻ ഭിത്തി തകർന്നത് കരാറുകാരൻ സ്വന്തം ചെലവിൽ പുനഃർനിർമ്മിക്കണമെന്ന്; സോഷ്യൽ മീഡിയ പ്രചാരകനായ വകുപ്പുമന്ത്രി ഇടപെടാത്തതിൽ വ്യാപക പ്രതിഷേധം
പുനലൂർ: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നയാളാണ്. കൈയടി കിട്ടാനുള്ള ഒരു അവസരവും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ടീം ഒഴിവാക്കാറുമില്ല. സ്വപ്നയും സരിതയും ജോർജുമൊക്കെ കേരളാ രാഷ്ട്രീയത്തിൽ വിവാദത്തിന് തിരി കൊളുത്തുന്നതിനിടെ പുനലൂരിൽ ഒരു വലിയ സംഭവം നടന്നിരുന്നു.
മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന ഹൈവേയിൽ നെല്ലിപ്പള്ളിയിൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഗാബിയൻ ഭിത്തി പ്രത്യേക തരത്തിലുള്ള സംരക്ഷണിഭിത്തി) ഒറ്റ മഴയ്ക്ക് കല്ലടയാറ്റിൽ പതിച്ചു. സോഷ്യൽ മീഡിയയിൽ സംഭവം സജീവ ചർച്ചയായി. എന്തിനുമേതിനും പ്രതികരിക്കുന്ന മന്ത്രി ഇതിന് കൈ കൊടുത്തില്ലെന്ന് മാത്രമല്ല, അറിഞ്ഞ മട്ടു കാണിച്ചതുമില്ല.
അതേസമയം ഭിത്തി കരാറുകാർ സ്വന്തം ചെലവിൽ പുനർനിർമ്മിക്കണമെന്ന് കെ.എസ്.ടി.പി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നിർദ്ദേശം നൽകി. സ്ഥല പരിശോധനയ്ക്കു ശേഷം ചേർന്ന യോഗത്തിലാണ് തീരുമാനം. സംരക്ഷണഭിത്തിയുടെ തകർച്ചയെപ്പറ്റി കെ.എസ്.ടി.പി ചീഫ് എൻജിനീയർ കെ.എസ്.ലിസിക്ക് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചു. കല്ലടയാറ്റിലെ കുത്തൊഴുക്കിന്റെ തീവ്രതയാണ് ഭിത്തി തകരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇത്രയും ഗൗരവമേറിയ സംഭവമായിട്ടും വകുപ്പുമന്ത്രിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. എറണാകുളത്ത് ചെറിയ റോഡുകൾ തകർന്നാൽ പോലും വകുപ്പുമന്ത്രി ഇടപെടുമ്പോൾ പുനലൂരിലെ സംരക്ഷണഭിത്തി തകർന്നപ്പോൾ മന്ത്രിയുടെ ഇടപെടൽ ഇല്ലത്രെ! ഇത് കെ. എസ്. ടി. പി.യിലെ ഉന്നത ഉദ്യോഗസ്ഥനും മന്ത്രിയും തമ്മിലുള്ള ഒത്തുകളിയാണെന്നും പറച്ചിലുണ്ട്.
പുതിയ ഡിസൈൻ പ്രകാരമാവും സംരക്ഷണഭിത്തി പുനർനിർമ്മിക്കുക. കല്ലടയാറ്റിൽ കുത്തൊഴുക്ക് ഉണ്ടാകുമ്പോഴും പരപ്പാർ ഡാമിൽ നിന്നു കൂടുതൽ വെള്ളം ഒഴുക്കുമ്പോഴും ഉണ്ടാകുന്ന തീവ്രത നിലവിൽ കേന്ദ്ര ജലവിഭവ വകുപ്പിന്റെ ഒരു ഏജൻസി കഴിഞ്ഞ ഒന്നര വർഷമായി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഏജൻസികളിൽ നിന്നുള്ള വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാവും പുതിയ ഡിസൈൻ തീരുമാനിക്കുക.
70 മീറ്റർ നീളവും 9 മീറ്റർ ഉയരവുമുള്ള ഭിത്തി 40 മീറ്റർ ദൂരത്തിലാണ് പൂർണമായി തകർന്ന് കല്ലടയാറ്റിലേക്ക് പതിച്ചത്. കെഎസ്ടിപി സൂപ്രണ്ടിങ് എൻജിനീയർ എൻ.ബിന്ദുവിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തുകയും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
ഗാബിയൻ ഭിത്തി തകർന്നത് സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങളും മണ്ണ് പരിശോധന അടക്കമുള്ള നടപടികളും തുടർന്ന് ഉണ്ടാകും. ഡിസൈനിന് അംഗീകാരം ലഭിക്കുകയും നിർമ്മാണ സാമഗ്രികൾ യഥാസമയം ലഭിക്കുകയും ചെയ്താൽ നാല് മാസം കൊണ്ട് പുനർനിർമ്മാണംനടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മേഖലയിൽ റെയിൽവേയിലും ദേശീയപാതയിലും ഗാബിയൻ ഭിത്തി നിർമ്മിച്ചിരുന്നെങ്കിലും തകർച്ച ഉണ്ടായത് ഇത് ആദ്യമാണ്. പുനലൂർ മേഖലയിൽ കൊല്ലം തിരുമംഗലം ദേശീയപാതയുടെ വശം 8 വർഷം മുൻപ് വാളക്കോട് ഭാഗത്ത് തകർന്നിടത്ത് 60 മീറ്ററോളം ദൂരത്തിൽ ഗാബിയൻ ഭിത്തി നിർമ്മിച്ചിരുന്നു. ഗേജ് മാറ്റത്തിന്റെ ഭാഗമായി തെന്മല, ആര്യങ്കാവ് പഞ്ചായത്ത് മേഖലകളിലും ഈ നിർമ്മാണം നടത്തിയിരുന്നു.
ഗാബിയൻ ഭിത്തി
ഇരുമ്പുവലയ്ക്കുള്ളിൽ പാറക്കല്ലുകൾനിറച്ച് ഭിത്തി നിർമ്മിക്കുന്ന സാങ്കേതികവിദ്യയാണ് ഗാബിയൻ. ഇറ്റാലിയൻ ഭാഷയിൽ ഗാബിയൻ എന്ന വാക്കിനർഥം വലിയ കൂട് എന്നാണ്. പാലങ്ങൾക്കും റോഡുകൾക്കും കൂടുതൽ സംരക്ഷണമൊരുക്കും എന്നതാണ് മെച്ചം.
കോൺക്രീറ്റ് ചെയ്യാത്തതിനാൽ ഭിത്തിയിലെ പാറക്കല്ലുകൾക്കിടയിലൂടെ വെള്ളം ഒഴുകിപ്പോകുകയും ചെയ്യും. മറ്റു സംരക്ഷണഭിത്തികളെ അപേക്ഷിച്ച് ഈ ഭിത്തി തകരുന്നത് അപൂർവമാണ്. അടിഭാഗത്ത് അഞ്ചരമീറ്ററും മുകളിൽ ഒരുമീറ്ററും വീതിയിലാണ് നെല്ലിപ്പള്ളിയിൽ സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നത്. ഇതിനു മുന്നോടിയായി മണ്ണുപരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. തമിഴ്‌നാട്ടിൽനിന്ന് പാറയെത്തിച്ചാണ് എട്ടുമാസംകൊണ്ടു നിർമ്മാണം പൂർത്തിയാക്കിയത്. അടുത്തകൊല്ലം മെയ് മാസത്തിനുള്ളിൽ ഹൈവേയുടെ ആദ്യറീച്ചായ പുനലൂർകോന്നി ഭാഗം പൂർത്തിയാക്കണമെന്ന നിർദ്ദേശമുള്ളതിനാൽ ഉടൻതന്നെ ഭിത്തി പുനർനിർമ്മാണം ആരംഭിച്ചേക്കും. ഗാബിയനു പകരം ഇനി കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചേക്കുമെന്നാണ് സൂചന.
ഉന്നതതല പരിശോധന വേണംഎംഎൽഎ
പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ ഒന്നാംറീച്ചിൽ ഉൾപ്പെടുന്നതും പുനലൂർ മണ്ഡലത്തിന്റെ ഭാഗവുമായ നാലുകിലോമീറ്റർ ദൂരത്ത് നിർമ്മാണപ്രവൃത്തികളിലെ അപാകത പരിശോധിക്കണമെന്ന് പി.എസ്.സുപാൽ എംഎൽഎ. ആവശ്യപ്പെട്ടു. മരാമത്തുമന്ത്രി പി.എ.മുഹമ്മദ് റിയാസിന് നൽകിയ കത്തിലാണ് ആവശ്യം. നെല്ലിപ്പള്ളിയിൽ ഗാബിയൻ ഭിത്തി തകർന്നുവീണ പശ്ചാത്തലത്തിലാണിത്. കെ.എസ്.ടി.പി.യുടെ ഉന്നതതല സംഘം പരിശോധന നടത്തി നിർമ്മാണം വേഗത്തിലാക്കാൻ ക്രമീകരണമുണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്