- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചി വിലയിൽ വൻ ഇടിവ്; കഴിഞ്ഞ വർഷം 3000 രൂപ 60 കിലോ ഒരു ചാക്ക് ഇഞ്ചിക്ക് ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ വില 900 രൂപ മാത്രം; കർണാടകയിൽ പതിനായിരക്കണക്കിന് മലയാളി ഇഞ്ചി കർഷകർ ദുരിതത്തിൽ; കൂടെ കൃഷി ചെയ്ത വാഴ കർഷകരും ആത്മഹത്യയുടെ വക്കിൽ
ബംഗളൂരു: കർണാടകയിലെ ഇഞ്ചിപ്പാടങ്ങൾ വീണ്ടും കർഷകരുടെ കണ്ണീർപ്പാടങ്ങളാകുന്നു. കോവിഡ് മഹാമാരി കാരണം കർണാടക സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണണ് കർഷകരുടെ എല്ലാ പ്രതീക്ഷകളെയും തച്ചുടച്ചിരിക്കുന്നത്. 10,000 കണക്കിന് കർഷകരാണ് ഹെക്ടർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് കർണാടകയിലെ നഞ്ചൻഗോഡ്, എച്ച്ഡി കോട്ട, കുടക് മേഖലകളിൽ കൃഷി ചെയ്തുവരുന്നത്. മാത്രമല്ല മലയാളികൾ ഉടമസ്ഥരായ കൃഷി പാടങ്ങളിലേക്ക് ജോലിക്ക് വരാൻ പോലും ചിലയിടങ്ങളിൽ ആരും തയ്യാറാകുന്നില്ല.
ഇതിനിടയിലാണ് കൂടുതൽ പ്രഹരം ഏൽപ്പിച്ചു ഇഞ്ചി വില കമ്പോളത്തിൽ തകർത്തത്. 60 കിലോ വരുന്ന ഒരു ചാക്ക് ഇഞ്ചിക്ക് നിലവിലെ വില കേവലം 850 -900 രൂപ മാത്രമാണ്. കഴിഞ്ഞ വർഷം 3000ത്തിൽ തുടങ്ങി ആറായിരം രൂപ വരെ വിലയെത്തിയ ഇഞ്ചിയാണ് ഈ വർഷം ഇത്തരത്തിൽ കൂപ്പുകുത്തിയിരിക്കുന്നത്. വില കുത്തനെ ഇടിഞ്ഞതോടെ പല കർഷകരും കൃഷി അവസാനിപ്പിച്ച് മടങ്ങുകയാണ്.ലക്ഷങ്ങൾ കടമെടുത്തും, സ്വർണം പണയം വെച്ചുമാണ് പല കർഷകരും സ്ഥലം പാട്ടത്തിനെടുത്ത് കർണാടകയിൽ കൃഷി ചെയ്തുവരുന്നത്.
ഇവരുടെ നിലനിൽപ്പ് തന്നെ ലോക്ക്ഡൗണും വിലത്തകർച്ചയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുൻകാലങ്ങളിൽവയനാട്ജില്ലയിലും വ്യാപകമായി ഇഞ്ചികൃഷിയുണ്ടായിരുന്നെങ്കിലും വിലസ്ഥിരതയില്ലാത്തത് മൂലം പലരും കൃഷിയിൽ നിന്നും പിന്തിരിഞ്ഞുകഴിഞ്ഞു. നിലവിൽ ഇഞ്ചി പറിച്ച് വിപണിയിലെത്തിച്ചാൽ മുടക്ക് മുതൽ പോലും കിട്ടാത്ത സാഹചര്യമാണുള്ളത്. പണിക്കൂലി കഴിച്ചാൽ ഒരു ചാക്ക് ഇഞ്ചിക്ക് കേവലം 750 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. കർണാടകയിൽ ഒരു കൃഷിക്കുള്ള പാട്ടപൈസ മാത്രം ഒരു ലക്ഷം രൂപ മുതൽ ഒന്നരലക്ഷം രൂപ വരെയാണെന്ന് കർഷകനായ നിസാർ കണ്ണൂർ പറയുന്നു.
ഇഞ്ചി പറിച്ച് നൽകിയാൽ പോലും ഈ തുക ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി കർണാടകയിൽ പ്രാദേശിക കർഷകർ ധാരാളമായി ഇഞ്ചി കൃഷി ചെയ്തുവരുന്നുണ്ട്. അടുത്ത വർഷത്തേക്ക് ഏക്കർ കണക്കിന് സ്ഥലം പാട്ടത്തിനെടുത്തിട്ടിരിക്കുന്ന നിരവധി മലയാളി കർഷകരുമുണ്ട്. ഇവരുടെയെല്ലാം പ്രതീക്ഷ ഇത്തവണത്തെ വിളവായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളും അറ്റതോടെ അടുത്ത വർഷത്തേക്കുള്ള കൃഷി നടത്താൻ പോലും പലർക്കും സാധിക്കില്ലെന്നും നിസാറിനെ പോലുള്ള കർഷകർ വ്യക്തമാക്കുന്നു.
സാധാരണ ഡിസംബർ മാസമായാൽ വ്യാപകമായി ഇഞ്ചി വിളവെടുപ്പ് ആരംഭിക്കേണ്ടതാണ്. എന്നാൽ വിലയില്ലാതായതോടെ പലരും ഇഞ്ചി പറിക്കാതെ ഇട്ടിരിക്കുകയാണ്. ഇനി ഇഞ്ചിക്ക് വില വർധിക്കാനുള്ള സാധ്യതയും തീരെ കുറവാണെന്നാണ് മൊത്ത വ്യാപാരികളും പറയുന്നത്. ഈ സാഹചര്യത്തിലാണ് പലരും കൃഷി ഉപേക്ഷിച്ച് മടങ്ങി വന്നു കൊണ്ടിരിക്കുകയാണ്. പരിചയക്കാരേയും പ്രാദേശിക കർഷകരെയും ഏൽപ്പിച്ചാണ് മലയാളികളായ കർഷകർ മടങ്ങിയെത്തുന്നത്. . അടുത്ത വർഷത്തേക്ക് സ്ഥലം പാട്ടത്തിനെടുത്ത പലരും ഇപ്പോൾ പിൻവാങ്ങി കഴിഞ്ഞു. ഇവരുടെ അഡ്വാൻസ് തുകയും നഷ്ടമായ അവസ്ഥയിലാണ്. അതോടൊപ്പം തന്നെ ബാക്കി പൈസ കിട്ടാൻ ഭുഉടമകൾ ഭീഷണി മുഴക്കുന്നതായും പരാതികളുയർന്നിട്ടുണ്ട്.
കർണാടകയിൽ ഇഞ്ചികൃഷിക്കൊപ്പം വാഴകൃഷി ചെയ്ത നിരവധി മലയാളി കർഷകരും ഇപ്പോൾ ദുരിതത്തിലാണ്. വിത്തിന്റെ വില പോലും ഒരു കിലോ നേന്ത്രക്കായക്ക് ലഭിക്കുന്നില്ല. ഫസ്റ്റ് ഗ്രേഡിന് 14 രൂപ മാത്രമാണ് ഇപ്പോൾ ലഭിക്കുന്ന വില. അത് സെക്കന്റിലേക്ക് പോയാൽ കിലോക്ക് അഞ്ചോ ആറോ രൂപയായി കുറയുമെന്നും കർഷകർ പറയുന്നു. ഒരു കുല വിറ്റാൽ ഇപ്പോൾ ലഭിക്കുന്നത് കേവലം 90 രൂപ മുതൽ 110 രൂപ വരെയാണെന്നും അവർ വ്യക്തമാക്കുന്നു.